എറണാകുളത്ത് ഏകീകൃത കുർബാനക്കെതിരെ പ്രതിഷേധം; ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ തടഞ്ഞു
text_fieldsകൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാനക്കെതിരെ പ്രതിഷേധം. കുർബാന അർപ്പിക്കാനെത്തിയ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ ബസിലിക്കക്ക് മുന്നിൽ വിമതർ തടഞ്ഞത് തിരിച്ചയച്ചു. ആറു മണിയോടെ കൊച്ചി സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിലേക്ക് എത്തിയ ബിഷപ്പിനെ ഗേറ്റ് പൂട്ടിയാണ് തടഞ്ഞത്.
വൻ പൊലീസ് സംഘം ഇവിടെയുണ്ടായിരുന്നെങ്കിലും ബിഷപ്പിനെ അകത്തേക്ക് കടത്തിവിടാനായില്ല. ബസിലിക്കക്ക് അകത്ത് വിമതപക്ഷം തമ്പടിച്ചിരിക്കുകയാണ്. ഏകീകൃത കുർബാനക്ക് ഒരു കാരണവശാലും അനുവദിക്കില്ലെന്ന നിലപാടിലാണ് ഇവർ. പ്രതിഷേധങ്ങൾക്കിടെ ബസിലിക്കയിൽ വിമതപക്ഷം ജനാഭിമുഖ കുർബാന അർപ്പിച്ചു.
ബിഷപ്പിന് സുരക്ഷയൊരുക്കാൻ ഔദ്യോഗിക പക്ഷവും പുറത്തെത്തിയെങ്കിലും സംഘർഷ സാധ്യത കണക്കിലെടുത്ത് ബിഷപ്പ് പിൻമാറുകയായിരുന്നു. വൻ പൊലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
2021 നവംബര്‍ 28 മുതല്‍ ഏകീകൃത കുര്‍ബാന നടപ്പാക്കാനായിരുന്നു സിനഡിന്റെ തീരുമാനം. മാര്‍പ്പാപ്പയും തീരുമാനത്തിന് അനുമതി നല്‍കിയെങ്കിലും എറണാകുളം അങ്കമാലി അതിരൂപതയില്‍ ഇത് നടപ്പാക്കാന്‍ എതിര്‍ക്കുന്നവര്‍ അനുവദിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.