വത്തിക്കാൻ പ്രതിനിധിക്കുനേരെ പ്രതിഷേധം; വീണ്ടും സംഘർഷഭരിതമായി എറണാകുളം ബസിലിക്ക
text_fieldsകൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം പരിഹരിക്കാൻ മാർപാപ്പ അയച്ച പ്രതിനിധി മാർ സിറിൽ വാസിൽ എറണാകുളം സെൻറ് മേരീസ് ബസിലിക്കയിലെത്തിയതിന് പിന്നാലെ വിശ്വാസികൾ ഇദ്ദേഹത്തെ തടഞ്ഞു. അതിരൂപത സംരക്ഷണ സമിതിയുടെയും അൽമായ മുന്നേറ്റത്തിന്റെയും നേതൃത്വത്തിൽ നടത്തിയ നീക്കം വലിയ സംഘർഷത്തിൽ കലാശിച്ചു. തുടർന്ന്, കനത്ത പൊലീസ് കാവലിൽ ബസിലിക്കയുടെ വശത്തെ ഗേറ്റ് വഴിയാണ് സിറിൽ വാസിൽ ബസിലിക്കയിൽ പ്രവേശിച്ചത്.
തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. കുർബാന തർക്ക പരിഹാരത്തിനെത്തിയ സിറിൽ വാസിലിന്റെ നിയമനം മുതലേ അതിരൂപത സംരക്ഷണ സമിതിയും അൽമായരും എതിർപ്പുമായി രംഗത്തെത്തിയിരുന്നു. താൻ ഏകീകൃത കുർബാന അർപ്പണം നടപ്പാക്കാനാണ് എത്തിയതെന്ന് ചർച്ചകളിൽ ഇദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. ഇതാണ് ജനാഭിമുഖ കുർബാന അനുകൂലികളെ ചൊടിപ്പിച്ചത്. ഏകീകൃത കുർബാനയെന്ന ഏകപക്ഷീയ നിലപാടെടുക്കുന്നയാളുമായി ഇനി ചർച്ചയിൽ എന്തു പ്രസക്തിയാണുള്ളതെന്ന് അതിരൂപതയിലെ വൈദികരും വിശ്വാസികളും ചോദ്യമുന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മാർ സിറിൽ വാസിൽ എത്തിയപ്പോൾ നൂറുകണക്കിനാളുകൾ ചേർന്ന് തടഞ്ഞത്. തുടർന്ന് ഏറെനേരം ബസിലിക്കക്ക് മുന്നിൽ ഉന്തും തള്ളുമുണ്ടായി.
സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. വന്നിറങ്ങിയപ്പോൾതന്നെ അൽമായരും സംരക്ഷണസമിതി പ്രവർത്തകരും ചേർന്ന് വാസിലിനെ തടഞ്ഞു. തുടർന്ന്, തൊട്ടടുത്ത ബിഷപ് ഹൗസിലേക്കെന്ന വ്യാജേന അദ്ദേഹവുമായി പൊലീസ് വശത്തേക്ക് നീങ്ങുകയും ചെയ്തു. തുടർ ചർച്ചകളുണ്ടാവുമെന്ന ധാരണയിൽ പ്രതിഷേധക്കാർ നിലയുറപ്പിക്കവേ തന്ത്രപരമായി വശത്തെ ഗേറ്റിലൂടെ കടന്ന വത്തിക്കാൻ പ്രതിനിധി, ബസിലിക്കയുടെ മറ്റൊരു കവാടത്തിലൂടെ ഉള്ളിലേക്ക് കയറുകയായിരുന്നു. 6.45ഓടെയാണ് അദ്ദേഹത്തിന് അകത്ത് കടക്കാനായത്. ബസിലിക്ക വികാരി ഫാ. ആൻറണി പൂതവേലിയും ഒപ്പമുണ്ടായിരുന്നു. രാത്രി എട്ടുമണിയോടെയാണ് പൊലീസ് അകമ്പടിയിൽ മാർ സിറിൽ വാസിൽ മടങ്ങിയത്. തിരിച്ചിറങ്ങുന്ന വേളയിലും പ്രതിഷേധം ഉയർന്നു.
കഴിഞ്ഞ ഡിസംബറിലും ബസിലിക്കയിൽ വൻ സംഘർഷമുണ്ടായിരുന്നു. ഏകീകൃത കുർബാനയെ അനുകൂലിക്കുന്ന ഔദ്യോഗിക വിഭാഗവും ജനാഭിമുഖ കുർബാനക്കു വേണ്ടി നിലകൊള്ളുന്ന വിമതരും രണ്ട് തരം കുർബാനയും നടത്തിയതാണ് അന്ന് സംഘർഷത്തിലേക്കും കൈയേറ്റത്തിലേക്കും നയിച്ചത്. തുടർന്ന് മാസങ്ങളായി ബസിലിക്ക പൂട്ടിക്കിടക്കുകയായിരുന്നു. ഇതിനിടെ ബസിലിക്ക ഉപരോധ സമരവും ബിഷപ് ഹൗസിൽ നീതി യജ്ഞവും ഏറെ കാലമായി തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.