മേയർ ആര്യ രാജേന്ദ്രനെതിരെ രണ്ടാം ദിവസവും പ്രതിഷേധവും കരിങ്കൊടിയും
text_fieldsതിരുവനന്തപുരം: കോർപറേഷനിലെ കത്ത് നിയമന വിവാദത്തിൽ രണ്ടാം ദിവസവും പ്രതിഷേധം ആളിക്കത്തിച്ച് പ്രതിപക്ഷ പാർട്ടികൾ. മേയർ ആര്യ രാജേന്ദ്രനെതിരെ കോൺഗ്രസ് കൗൺസിലർമാർ കോർപറേഷൻ ഓഫിസിന് പുറത്തും ബി.ജെ.പി കൗൺസിലർമാർ ഓഫിസിനുള്ളിലുമാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
മേയറുടെയും രാജി ആവശ്യപ്പെട്ടാണ് ഓഫിസിന് മുമ്പിൽ യു.ഡി.എഫ് ധർണ നടത്തുന്നത്. അതിനിടെ, കെ.എസ്.യു പ്രവർത്തകൻ മേയർക്ക് നേരെ കരിങ്കൊടി കാണിച്ചു. മേയറുടെ വീടിന് മുമ്പിലാണ് കെ.എസ്.യുവിന്‍റെ പ്രതിഷേധം നടന്നത്. പ്രതിഷേധിച്ചയാളെ സി.പി.എം പ്രവർത്തകർ വളഞ്ഞിട്ട് മർദിച്ചു.
രാവിലെ മുതൽ മേയറുടെ ഓഫിസിന് മുമ്പിൽ കിടന്ന് ബി.ജെ.പി കൗൺസിലർമാർ ഉപരോധിക്കുകയാണ്. മേയറുടെ ഓഫിസിന്‍റെ വാതിന് മുമ്പിൽ ബി.ജെ.പി കൊടിനാട്ടി. മേയറെ കൂടാതെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡി.ആർ അനിലിനെതിരെയും പ്രതിഷേധം ശക്തമാണ്. മേയറെയും അനിലിനെയും ഓഫിസിൽ പ്രവേശിപ്പിക്കില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
അതേസമയം, പ്രതിഷേധക്കാരെ നേരിടാൻ സി.പി.എം കൗൺസിലർമാരും രംഗത്തുണ്ട്. കോർപറേഷനിൽ എത്തുന്ന മേയറെ സുരക്ഷിതമായി ഓഫിസിനുള്ളിൽ എത്തിക്കാനുള്ള നീക്കത്തിലാണ് സി.പി.എം. ഇതിനായി ഓഫിസിന് മുമ്പിൽ ഭരണപക്ഷ കൗൺസിലർമാർ സംഘടിച്ചിട്ടുണ്ട്.
തിങ്കളാഴ്ച നടന്ന പ്രതിപക്ഷ പ്രതിഷേധം കോർപറേഷൻ ഓഫിസിനുള്ളിൽ ബി.ജെ.പി, യു.ഡി.എഫ്, സി.പി.എം കൗൺസിലർമാരുടെ ഏറ്റുമുട്ടിലാണ് കലാശിച്ചത്. കോർപറേഷന് പുറത്ത് യുവജനസംഘടനകളെ ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചും ലാത്തിവീശിയുമാണ് പൊലീസ് നേരിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.