നേതൃത്വത്തെ തിരുത്തി അണികൾ; സ്ഥാനാർഥികളെ മാറ്റി മുന്നണികൾ
text_fieldsപ്രാദേശികവാദവും മണ്ണിെൻറ മക്കൾ 'സെൻറിമെൻറ്സും' ഒപ്പം ഘടകകക്ഷികളെ നിലം തൊടീക്കില്ലെന്ന ഭീഷണിമുഴക്കിയും അണികൾ തെരുവിൽ ഇറങ്ങിയപ്പോൾ, കാർക്കശ്യത്തിെൻറ ഇരുമ്പുചട്ടക്കൂടുകൾ ഇളകി.
അണികളുടെ എതിർപ്പ് കണക്കിലെടുത്തില്ലെങ്കിൽ ഭരണം അടുപ്പിക്കാൻ കഴിയില്ലെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞ് മുന്നണികൾ സ്ഥാനാർഥിപ്പട്ടിക തിരുത്തുകയായിരുന്നു.
'കുറ്റിയാടി', കുഞ്ഞമ്മദ് കുട്ടി ഉറച്ചു
കോഴിക്കോട്: കമ്യൂണിസ്റ്റ് പാർട്ടിയിൽ പതിവില്ലാത്ത പ്രതിഷേധങ്ങൾക്ക് സാക്ഷ്യംവഹിച്ച കുറ്റ്യാടിയിൽ, ഘടകകക്ഷിയായ കേരള കോൺഗ്രസ് മാണിഗ്രൂപ്പിന് നൽകിയ സീറ്റ് തിരിച്ചുവാങ്ങി അണികൾ നിർദേശിച്ചയാളെ സ്ഥാനാർഥിയാക്കി സി.പി.എം അതിശയിപ്പിച്ചു.
കോഴിക്കോട് ജില്ല സെക്രേട്ടറിയറ്റംഗം കെ.പി. കുഞ്ഞമ്മദ് കുട്ടിക്ക് കുറ്റ്യാടി സീറ്റ് നൽകണമെന്ന ജില്ല സെക്രേട്ടറിയറ്റ് നിർദേശം, തിങ്കളാഴ്ച ചേർന്ന സി.പി.എം അവൈലബിൾ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗീകരിച്ചു. 15 വർഷത്തിനുശേഷമാണ് സ്ഥാനാർഥി നിർണയത്തിൽ സി.പി.എം നേതൃത്വം തീരുമാനം മാറ്റുന്നത്.
തലമുണ്ഡനം; തിരുത്ത് നിർദേശിച്ച് ഹൈകമാൻഡ്
ന്യൂഡൽഹി: ലതിക സുഭാഷ് തലമുണ്ഡനം നടത്തിയ സംഭവം സമൂഹമധ്യത്തിൽ ഉയർത്തിയ പ്രതികരണങ്ങളുടെ പശ്ചാത്തലത്തിൽ സ്ഥാനാർഥിപ്പട്ടികയിൽ വനിത പ്രാതിനിധ്യം വർധിപ്പിക്കാനുള്ള വഴിതേടി കോൺഗ്രസ് ഹൈകമാൻഡ്. സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ ബാക്കിയുള്ള മണ്ഡലങ്ങളുടെ കാര്യത്തിൽ ഇൗ വിഷയം കണക്കിലെടുക്കാൻ സംസ്ഥാന നേതാക്കളോട് നേതൃത്വം നിർദേശിച്ചു.
വട്ടിയൂർക്കാവിൽ വനിതയെ നിർത്തുന്ന കാര്യം സംസ്ഥാനനേതൃത്വം ചർച്ചചെയ്തുവരുന്നുണ്ട്. അതേസമയം അനുരഞ്ജനത്തിന് നിൽക്കാതെ, ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് ലതിക സുഭാഷ് പ്രഖ്യാപിച്ചു. ഫോർവേഡ് ബ്ലോക്ക് പിന്മാറിയതിനെ തുടർന്ന്, ധർമടം സീറ്റിൽകൂടി കോൺഗ്രസ് സ്ഥാനാർഥി വരും.
ഇരിക്കൂറിൽ പുനരാലോചന
തിരുവനന്തപുരം: പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ ഇരിക്കൂറിൽ കോൺഗ്രസ് സ്ഥാനാർഥിയെ മാറ്റുന്നത് സജീവമായി പരിഗണിക്കുന്നു.
ജില്ലയിെല ഗ്രൂപ് സമവാക്യങ്ങൾ കണക്കിലെടുക്കാതെയാണ് ഹൈകമാൻഡിെൻറ താൽപര്യപ്രകാരം കെ.പി.സി.സി ജനറൽ സെക്രട്ടറി സജീവ് ജോസഫിനെ സ്ഥാനാർഥിയാക്കിയത്.
സജീവ് ജോസഫിനെ ഒഴിവാക്കാൻ തീരുമാനിച്ചാൽ കെ.പി.സി.സി ജന.സെക്രട്ടറിസ്ഥാനം രാജിവെച്ച സോണി സെബാസ്റ്റ്യന് നറുക്കുവീഴും.
മാറ്റിവെച്ച ഏഴു സീറ്റുകളിലെ സ്ഥാനാർഥിപ്രഖ്യാപനത്തോടൊപ്പം ഇക്കാര്യവും തീരുമാനമാകും. സജീവ് ജോസഫിനെ കണ്ണൂർ ഡി.സി.സി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിച്ചേക്കും.
തിരൂരങ്ങാടിയിൽ മജീദിനെതിരെ നിയാസ്
തിരൂരങ്ങാടി (മലപ്പുറം): മണ്ഡലത്തിലെ മുസ്ലിംലീഗ് സ്ഥാനാർഥി കെ.പി.എ മജീദിനെതിരെ പാർട്ടി അണികളിൽനിന്ന് വൻ പ്രതിഷേധം ഉടലെടുത്ത അവസരം മുതലാക്കാൻ എൽ.ഡി.എഫ് സ്ഥാനാർഥിയെ മാറ്റി. തിരൂരങ്ങാടിയിൽ എൽ.ഡി.എഫ് സ്വതന്ത്രനായി നിയാസ് പുളിക്കലകത്ത് മത്സരിക്കും.
'ശോഭ'യില്ലാതെയല്ല ബി.ജെ.പി
തിരുവനന്തപുരം: സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രനുമായി ഇടഞ്ഞുനിൽക്കുന്ന ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കാൻ ബി.ജെ.പി നേതൃത്വം. പാർട്ടി ഇനിയും സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ലാത്ത കഴക്കൂട്ടത്ത് ശോഭ സ്ഥാനാർഥിയാകുമെന്നാണ് സൂചന.
ഇവിടെ സ്ഥാനാർഥിയാവാൻ തയാറാണെന്ന് ശോഭയും വ്യക്തമാക്കിയിട്ടുണ്ട്.
രമ മത്സരിക്കും
തിരുവനന്തപുരം: മത്സരിക്കാനിെല്ലന്ന് കെ.കെ. രമ വ്യക്തമാക്കിയതിനെതുടർന്ന് വടകര സീറ്റ് തിരിച്ചെടുത്തെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചതിന് പിന്നാലെ നിലപാട് മാറ്റി ആർ.എം.പി. പ്രതിപക്ഷ നേതാവിനെ വിളിച്ച രമ മത്സരസന്നദ്ധത അറിയിച്ചു.
രമ വിസമ്മതിച്ചതിനാൽ സീറ്റ് തിരിച്ചെടുക്കുകയാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ അറിയിച്ചതിന് പിന്നാലെയായിരുന്നു ആർ.എം.പിയുടെ ചുവടുമാറ്റം. ഘടകകക്ഷിയല്ലെങ്കിലും രമ മത്സരിച്ചാൽ മാത്രം വടകര സീറ്റ് ആർ.എം.പിക്ക് നൽകുമെന്ന നിലപാട് സീറ്റ് വിഭജന ഘട്ടത്തിൽതന്നെ കോൺഗ്രസ് അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.