ചരിത്ര കോൺഗ്രസിലെ പ്രതിഷേധം; നടന്നത് ചട്ടലംഘനം -ഗവർണർ
text_fieldsകണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ ചരിത്ര കോൺഗ്രസിൽ തനിക്കെതിരെയുണ്ടായ പ്രതിഷേധത്തിൽ ചട്ടലംഘനം നടന്നതിന് തെളിവുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തനിക്കെതിരായ പ്രതിഷേധത്തിനിടെ ഉത്തരവാദപ്പെട്ട ആരും അത് തടയാനോ എതിർക്കാനോ ശ്രമിച്ചില്ല. എം.പിയടക്കം സംഭവസമയം വേദിയിൽനിന്ന് എഴുന്നേറ്റുപോയി. സംഭവത്തിൽ റിപ്പോർട്ട് അയക്കാൻ രാജ്ഭവൻ കണ്ണൂർ സർവകലാശാലയോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വി.സി ഇതുവരെ റിപ്പോർട്ട് അയച്ചിട്ടില്ലെന്ന് ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിഷേധത്തിനിടെ തന്നെ സംരക്ഷിക്കാൻ പൊലീസ് പരമാവധി ശ്രമിച്ചു. എന്നാൽ, കെ.കെ. രാഗേഷ് എം.പിയടക്കം ഉത്തരവാദപ്പെട്ട എല്ലാവരും ആ സമയത്ത് വേദി വിട്ടുപോയി. ഇത് ചട്ടലംഘനമാണ്. ഇതിൽ സർവകലാശാലക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
2019 ഡിസംബർ 28നാണ് കണ്ണൂർ സർവകലാശാല ആതിഥ്യംവഹിച്ച ദേശീയ ചരിത്ര കോൺഗ്രസ് ഉദ്ഘാടന വേദിയിൽ ഗവർണർക്കെതിരെ വലിയ പ്രതിഷേധം ഉയർന്നത്. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച ഗവർണർക്കെതിരെ ചരിത്രകാരന്മാരും വിദ്യാർഥി സംഘടനകളും നേർക്കുനേർ വന്നു. പ്രസംഗം വിവാദങ്ങളിലേക്ക് കടന്നതോടെയായിരുന്നു വേദിയിലും സദസ്സിലും ഗവർണർക്കുനേരെ പ്രതിഷേധമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.