കാവി നിറത്തിൽ ഭൂപടം വരച്ച് മുദ്രാവാക്യം വിളിച്ചു; കോഴിക്കോട് എൻ.ഐ.ടിയിൽ വിദ്യാർഥി പ്രതിഷേധം
text_fieldsചാത്തമംഗലം (കോഴിക്കോട്): കോഴിക്കോട് എൻ.ഐ.ടിയിൽ സംഘ്പരിവാർ അനുകൂല ക്ലബ് ഒരുക്കിയ കാവി ഭൂപടത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്ക് മർദനം. കൂടുതൽ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി സംഘർഷാവസ്ഥ ഒഴിവാക്കി. സോഷ്യൽ ആൻഡ് സ്പിരിച്വൽ ക്ലബ് (എസ്.എൻ.എസ്) എന്ന സംഘ്പരിവാർ അനുകൂല സംഘടനയുടെ നേതൃത്വത്തിൽ ഉത്തരേന്ത്യൻ വിദ്യാർഥികളാണ് ഞായറാഴ്ച രാത്രി കാമ്പസിൽ ഇന്ത്യയുടെ ഭൂപടം വരച്ചത്.
കാവി നിറത്തിലുള്ള ഭൂപടത്തിൽ രാമരാജ്യം എന്ന് പ്രതീകവത്കരിച്ച് അമ്പും വില്ലും വരച്ചു ചേർത്തിരുന്നു. തുടർന്ന് ജയ് ശ്രീറാം മുഴക്കിയാണ് വിദ്യാർഥികൾ പിരിഞ്ഞുപോയത്. പ്രാണപ്രതിഷ്ഠ പ്രമാണിച്ച് സ്ഥാപനത്തിന് തിങ്കളാഴ്ച ഉച്ചവരെ അവധിയായിരുന്നെങ്കിലും വിദ്യാർഥികൾ കാമ്പസിൽ എത്തിയിരുന്നു. രാവിലെ അഞ്ചാംവർഷ വിദ്യാർഥിയായ കൈലാസ് ഭൂപടത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ‘ഇന്ത്യ രാമരാജ്യമല്ല’എന്നെഴുതിയ പ്ലക്കാർഡ് ഉയർത്തിയായിരുന്നു പ്രതിഷേധം. പ്രതിഷേധിച്ച വിദ്യാർഥിയെ സംഘ്പരിവാർ അനുകൂലികളായ വിദ്യാർഥികൾ ചോദ്യംചെയ്യുകയും മർദിക്കുകയുമായിരുന്നു. ഈ സമയത്ത് പ്രതിഷേധവുമായി വൈശാഖ് എന്ന വിദ്യാർഥിയും കൈലാസിനൊപ്പം ചേർന്നു.
ഇരുവരെയും മർദിക്കുന്നത് കണ്ടതോടെ കൂടുതൽ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. ‘ഇന്ത്യ രാമരാജ്യമല്ല’എന്നെഴുതിയ പ്ലക്കാർഡുകളുമായാണ് വിദ്യാർഥികൾ പ്രതിഷേധിച്ചത്. ഇന്ത്യയുടെ മതേതര സംസ്കാരത്തിന് എതിരായ പരിപാടികൾ സംഘടിപ്പിക്കുന്നത് ശരിയല്ലെന്നും അത് അനുവദിക്കില്ലെന്നും മലയാളികൾ അടക്കമുള്ള പ്രതിഷേധകർ ചൂണ്ടിക്കാട്ടി.
ജയ് ശ്രീറാം വിളികളോടെ സംഘ്പരിവാർ അനുകൂല വിദ്യാർഥികൾ ഇതിനെ നേരിട്ടു. ഇതോടെ ഇരുവിഭാഗം തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് എൻ.ഐ.ടി അധികൃതർ പൊലീസിനെ വിളിക്കുകയായിരുന്നു. കുന്ദമംഗലം സി.ഐ ശ്രീകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.