ഹെഡ്ഗേവാറിനെ ചൊല്ലി പാലക്കാട് നഗരസഭയിൽ പൊരിഞ്ഞ തല്ല്; ജിന്ന സ്ട്രീറ്റിന്റെ പേര് മാറ്റണമെന്ന് ബി.ജെ.പിയും
text_fieldsപാലക്കാട്: ബൗദ്ധിക ഭിന്നശേഷിക്കാര്‍ക്കുള്ള നൈപുണ്യകേന്ദ്രത്തിന് ആർ.എസ്.എസ് സ്ഥാപകന്‍ കെ.ബി. ഹെഡ്‌ഗേവാറിന്റെ പേര് നല്‍കാനുള്ള പാലക്കാട് നഗരസഭ തീരുമാനം പരിഗണിച്ച കൗണ്‍സില്‍ യോഗത്തില്‍ സംഘർഷം. ചെയർപേഴ്സനും ഭരണ-പ്രതിപക്ഷ കൗൺസിലർമാരും കൈയേറ്റത്തിനിരയായതായി പരാതി. മൂന്ന് പ്രതിപക്ഷ കൗൺസിലർമാർ സംഘർഷത്തിനിടെ കുഴഞ്ഞുവീണു. കൗൺസിൽ ഹാളിൽ തുടങ്ങിയ സംഘർഷം, നഗരസഭ ചെയർപേഴ്സന്റെ മുറിയിലും പിന്നീട് നഗരസഭ കവാടത്തിലും തുടർന്നു. പൊലീസിന്റെ ബി.ജെ.പി അനുകൂല സമീപനത്തിനെതിരെ സി.പി.എം ഉൾപ്പെടെ പ്രതിപക്ഷ കൗൺസിലർമാർ കൂട്ടമായി രംഗത്തെത്തി.
കെട്ടിടത്തിന് ഹെഡ്ഗേവാറിന്റെ പേര് നൽകാനുള്ള തീരുമാനം എടുത്ത ശേഷമുള്ള ആദ്യ കൗൺസിൽ യോഗത്തിലായിരുന്നു സംഘർഷം. കൗൺസിലിൽ അവതരിപ്പിക്കാതെ പേരുനൽകി എന്നത് മുമ്പുതന്നെ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. അതാണ് ചൊവ്വാഴ്ച കൈയാങ്കളിയിലേക്കുവരെ എത്തിയത്.
ഹെഡ്‌ഗേവാറിന്റെ പേര് നല്‍കാനുള്ള നീക്കം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ യോഗം ആരംഭിക്കും മുമ്പുതന്നെ പ്രതിപക്ഷ അംഗങ്ങൾ രംഗത്തുണ്ടായിരുന്നു. അജണ്ട അവതരിപ്പിക്കാനൊരുങ്ങിയപ്പോൾ പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. ചെയര്‍പേഴ്‌സനെ കരിങ്കൊടി കാണിച്ചു. ചെയർപേഴ്സന്റെ ഡയസിനടുത്തെത്തിയതോടെ ബി.ജെ.പി കൗൺസിലർമാർ ഒത്തുകൂടി പ്രതിരോധിച്ചു. ഒടുവിൽ ഹെഡ്ഗേവാറിന്റെ പേരിട്ട അജണ്ട ഉൾപ്പെടെ പാസായതായി ചെയർപേഴ്സൻ പ്രമീള ശശിധരൻ പ്രഖ്യാപിച്ചു.
തുടർന്ന് ചെയർപേഴ്സന്റെ ഡയസിലേക്ക് ചാടിക്കയറാനുള്ള യു.ഡി.എഫ് കൗൺസിലർ മൻസൂർ മണലാഞ്ചേരിയുടെ ശ്രമം ബി.ജെ.പി കൗൺസിലർ സുഭാഷ് കൽപാത്തി തടഞ്ഞതോടെയാണ് കൈയാങ്കളി തുടങ്ങിയത്. കൈയാങ്കളിക്കിടെ നഗരസഭയിലെ മൈക്കുകൾ തകർന്നു. ചെയര്‍പേഴ്‌സനെ ബി.ജെ.പി അംഗങ്ങള്‍ പുറത്തെത്തിച്ച് ഓഫിസ് മുറിയിലേക്ക് മാറ്റി.
കൗൺസിൽ ഹാൾ ഗാലറിയിൽനിന്ന് പ്ലക്കാർഡുകളുമായി യൂത്ത് കോൺഗ്രസ് സംഘവും ജിന്നയുടെ നാമത്തിൽ പാലക്കാട് നഗരസഭയിൽ റോഡുണ്ടെന്നും അതിന്റെ പേര് മാറ്റണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി-ആർ.എസ്.എസ് സംഘവും രംഗത്തെത്തിയതോടെ പൊലീസ് ഇടപെട്ട് തടഞ്ഞു. ഇതിനിടെ മുതിർന്ന ബി.ജെ.പി കൗൺസിലർ എൻ. ശിവരാജൻ കോൺഗ്രസ് കൗൺസിലർ സുഭാഷിനുനേരെ കൈയോങ്ങിയത് സംഘർഷം വർധിപ്പിച്ചു.
ചെയർപേഴ്സന്റെ ഔദ്യോഗിക മുറി ഉപരോധിച്ച പ്രതിപക്ഷ കൗൺസിലർമാരും അനുഭാവികളും ബി.ജെ.പി-ആർ.എസ്.എസ് സംഘവുമായി സംഘർഷമുണ്ടായി. ശസ്ത്രക്രിയ കഴിഞ്ഞ തന്റെ കൈയിലടക്കം പിടിച്ചുവലിച്ചെന്ന് നഗരസഭ അധ്യക്ഷ ആരോപിച്ചു. പൊലീസെത്തി പ്രതിഷേധക്കാരെ മുറിക്ക് പുറത്തെത്തിച്ചു. ഇതിനിടെ കുഴഞ്ഞുവീണ കൗൺസിലർമാരായ പി.കെ. ഹസനുപ്പ, സലീന ബീവി, അനുപമ നായർ എന്നിവരെ ആശുപത്രിലേക്ക് കൊണ്ടുപോയി. ഇവിടെയും ബി.ജെ.പി അനുഭാവികളും യു.ഡി.എഫ്, എൽ.ഡി.എഫ് അനുഭാവികളും തമ്മിൽ സംഘർഷാവസ്ഥ ഉണ്ടായി. പൊലീസ് ഏറെ പണിപ്പെട്ടാണ് ഇവരെ ശാന്തമാക്കിയത്.
ഉച്ചക്ക് ഒരു മണിക്കുശേഷം പ്രതിഷേധക്കാരെ നഗരസഭ കവാടത്തിലേക്ക് പൊലീസ് നീക്കി. പ്രതിഷേധം അവിടെയും തുടരുകയും കവാടം തുറക്കാൻ ശ്രമിക്കുകയും ചെയ്തു. കലുഷിതമായ അന്തരീക്ഷം തുടർന്നപ്പോൾ പ്രതിഷേധക്കാരെയും വെൽഫെയർ പാർട്ടി കൗൺസിലർ എം. സുലൈമാൻ ഉൾപ്പെടെ പ്രതിപക്ഷ കൗൺസിലർമാരെയും പൊലീസ് വാനിൽ കയറ്റിയെങ്കിലും കൂടുതൽ പ്രതിഷേധക്കാരെത്തി വാഹനം തടഞ്ഞു.
പൊലീസ് ഏറെ പണിപ്പെട്ടാണ് നഗരസഭ വളപ്പിൽനിന്ന് വാഹനം കൊണ്ടുപോയത്. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയും സ്ഥലത്തെത്തിയിരുന്നു. പ്രതിഷേധക്കാരെ കൊണ്ടുപോയ പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനു മുന്നിലും ഡി.വൈ.എഫ്.ഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.