മാർ ബോസ്കോ പുത്തൂരിന്റെ സർക്കുലർ കത്തിച്ച് പ്രതിഷേധം
text_fieldsകൊച്ചി: ഞായറാഴ്ച കുർബാനമധ്യേ വായിക്കണമെന്ന് എറണാകുളം അങ്കമാലി അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂർ നിർദേശിച്ച സർക്കുലർ കത്തിച്ച് പ്രതിഷേധം.
അതിരൂപതയിലെ വിവിധ ഇടവകകളിലാണ് രാവിലത്തെ കുർബാനക്കുശേഷം സർക്കുലർ കത്തിച്ചത്. എറണാകുളം അതിരൂപതയിൽ 328 പള്ളികളിൽ 10 പള്ളികളിൽ മാത്രമാണ് സർക്കുലർ വായിച്ചതെന്നും ഞായറാഴ്ച കുർബാന അർപ്പിക്കപ്പെടുന്ന കോൺവെന്റുകളിലും സ്ഥാപനങ്ങളിലും സർക്കുലർ വായിച്ചില്ലെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി.
മാർബോസ്കോക്കും കൂരിയക്കും എതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. വിശ്വാസികൾക്ക് സ്വന്തം ദേവാലയങ്ങളിൽ പോലും ജനാധിപത്യ രീതിയിൽ സംവദിക്കാനും യോഗം ചേരാനും വിമർശിക്കാനുമുള്ള മൗലികാവകാശങ്ങളെപ്പോലും നിയന്ത്രിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്ന് അൽമായ മുന്നേറ്റം അതിരൂപത സമിതി കുറ്റപ്പെടുത്തി.
മാർ ബോസ്കോ പുത്തൂരോ കൂരിയയോ പുറത്തിറക്കുന്ന ഒരു സർക്കുലറും നിർദേശങ്ങളും എറണാകുളം അതിരൂപതയിലെ ഒരു പള്ളിയിലും അനുസരിക്കില്ലെന്ന് പ്രതിഷേധക്കാർ പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.