മുണ്ടക്കൈക്ക് സമീപം ക്വാറിക്ക് ലൈസൻസ് നൽകിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം
text_fieldsകൽപറ്റ: മുണ്ടക്കൈ ചൂരൽമല പ്രദേശത്തിന് വിളിപ്പാടകലെ സ്ഥിതിചെയ്യുന്ന വാളാട് കരിങ്കൽ ക്വാറിക്ക് പഞ്ചായത്ത് സെക്രട്ടറി നൽകിയ ലൈസൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വൈത്തിരി താലൂക്ക് ഓഫീസിന് മുന്നിൽ ധർണ്ണയും സത്യാഗ്രഹവും നടത്തി. ക്വാറി ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിലെ ധർണ വയനാട് പ്രകൃതി സംരക്ഷണ സമിതി സെക്രട്ടറി തോമസ് അമ്പലവയൽ ഉദ്ഘാടനം ചെയ്തു. കൃത്രിമ രേഖകൾ സൃഷ്ടിച്ച വൈത്തിരി താലൂക്ക് തഹസിൽദാർ, മൈനിങ് ജിയോളജി ജില്ല ഓഫീസർ എന്നിവർക്കെതിരെ നടപടി ഉണ്ടാകണമെന്ന് ധർണയിൽ ആവശ്യപ്പെട്ടു.
കൃത്രിമ രേഖകൾ സൃഷ്ടിച്ചാണ് ക്വാറിക്ക് ലൈസൻസ് സമ്പാദിച്ചത്. ക്വാറിയിൽനിന്നും 50 മീറ്റർ അകലത്തിൽ വീടുകളില്ലെന്നാണ് താസിൽദാർ ജിയോളജി വകുപ്പിന് സർട്ടിഫിക്കറ്റ് നൽകിയത്. എന്നാൽ ജില്ല കലക്ടർക്ക് നൽകിയ റിപ്പോർട്ടിൽ 45 മീറ്റർ അകലത്തിൽ വീടുള്ളതായും ചരിഞ്ഞ ഭൂമിയാണെന്നും റെഡ് സോണിൽ പെട്ടതാണെന്നും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ ഡോ. രേണുരാജ് ക്വാറി അടച്ചുപൂട്ടാൻ ഉത്തരവിട്ടിരുന്നു. ഹൈകോടതിയിൽ കൃത്രിമ രേഖകൾ ഹാജരാക്കിയും ചീഫ് സെക്രട്ടറിയുടെ സത്യവാങ് മൂലം കണക്കിലെടുത്തും ഹൈകോടതി വീണ്ടും പ്രവർത്തനാനുമതി നൽകിയെങ്കിലും നാട്ടുകാരുടെ ശക്തമായ എതിർപ്പിനെ തുടർന്ന് ക്വാറി പ്രവർത്തിപ്പിക്കാൻ സാധിച്ചിരുന്നില്ല. ക്വാറി ആക്ഷൻ കമ്മറ്റി ഹൈകോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. അതീവ പരിസ്ഥിതിലോല പ്രദേശത്തുള്ളതും ജനങ്ങൾ തിങ്ങിത്താമസിക്കുന്നതുമായ പ്രദേശത്തുളള ക്വാറി പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ പ്രഖ്യാപിച്ചു.
ജാഫർ വി. സ്വാഗതം പറഞ്ഞു. ആക്ഷൻ കമ്മറ്റി ചെയർമാൻ റഹിം സി. അദ്ധ്യക്ഷത വഹിച്ചു. എൻ. ബാദുഷ, ഹൈകോടതി അഭിഭാഷകൻ ടി.എസ്. സന്തോഷ്, റയീസ് കൽപ്പറ്റ, ആനന്ദ് ബഷീർ ജോൺ, എ. കൃഷ്ണൻകുട്ടി, സി.എച്ച് സഫിയ, ഇസ്മായിൽ പി.കെ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.