അഴിമതി ആരോപണം: യാക്കോബായ സഭാ ആസ്ഥാനത്തിന് മുന്നിൽ വിശ്വാസികളുടെ പ്രതിഷേധം
text_fieldsകോലഞ്ചേരി: യാക്കോബായ സഭയിലെ അഴിമതിക്കെതിരെ സഭാ ആസ്ഥാനത്തിന് മുന്നിൽ വിശ്വാസികളുടെ പ്രതിഷേധം. സഭാ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെൻററിന് മുന്നിലാണ് വിശ്വാസികൾ പ്ലക്കാർഡുയർത്തി പ്രതിഷേധിച്ചത്.
വ്യാഴാഴ്ച രാവിലെ നടന്ന സഭാ സുന്നഹദോസിലേക്കാണ് പ്രതിഷേധ സൂചകമായി ഒരു സംഘം വിശ്വാസികൾ ചലോ പുത്തൻകുരിശ് മാർച്ച് നടത്തിയത്. പുത്തൻകുരിശ് പാത്രിയർക്കാ സെൻററിലെത്തി മെത്രാപ്പോലീത്തമാർക്ക് നിവേദനം നൽകുകയായിരുന്നു മാർച്ചിൻെറ ലക്ഷ്യം.
സംഘർഷ സാധ്യത കണക്കിലെടുത്ത് സഭാ ആസ്ഥാനത്തേക്ക് മാർച്ച് പൊലീസ് കടത്തി വിട്ടില്ല. സഭയിൽ ഭാരവാഹി തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികൾ വന്നെങ്കിലും പഴയ ഭാരവാഹികളുടെ പിൻസീറ്റ് ഭരണമാണ് നടക്കുന്നതെന്നാണ് വിശ്വാസികളുടെ ആരോപണം.
'കഴിഞ്ഞ 18 വർഷമായി സഭയിൽ നടക്കുന്ന അഴിമതികൾക്ക് അവസാനമില്ല. നേരത്തെ ഇതിന് നേതൃത്വം നൽകിയവർ തന്നെയാണ് ഇപ്പോഴും അഴിമതിക്ക് ചുക്കാൻ പിടിക്കുന്നത്. പ്രതിവർഷം 20 കോടിയോളം വരുമാനമുള്ള വിദ്യാഭ്യാസ ട്രസ്റ്റിൻെറയടക്കം പ്രവർത്തനത്തിൽ പുറംശക്തികളാണ് നേതൃത്വം നൽകുന്നത്.
2017 ജൂലൈ മൂന്നിലെ സുപ്രീം കോടതി വിധിക്ക് ശേഷം 45 പള്ളികൾ നഷ്ടപ്പെട്ടെങ്കിലും തുടർ നടപടികൾ സംബന്ധിച്ച് നേതൃത്വത്തിന് ഇതുവരെയും വ്യക്തതയില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പലവട്ടം നേതൃത്വത്തിന് പരാതി നൽകിയെങ്കിലും നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് പ്രതിഷേധം' -ഭാരവാഹികളായ സിറിൾ, ബിനോയി എന്നിവർ പറഞ്ഞു. നൂറോളം പേരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.