കൊളോണിയൽ രീതി മാറ്റി; കാവിപുതപ്പിച്ചു കേന്ദ്ര ബിരുദദാനം
text_fieldsപെരിയ: കേന്ദ്ര സർവകലാശാല കേരളയിൽ ഈ വർഷത്തെ ബിരുദദാന ചടങ്ങുകളിൽ കൊളോണിയൽ രീതി ഉപേക്ഷിച്ചു. ബ്രിട്ടീഷ് രീതിയെന്ന് പറഞ്ഞിരുന്ന പതിവ് കറുത്ത തൊപ്പിയും കറുത്ത ഗൗണും ഉപേക്ഷിച്ച് തൽസ്ഥാനത്ത് പരുത്തിത്തുണികൊണ്ടുള്ള വസ്ത്രം കടന്നുവന്നപ്പോൾ കേന്ദ്ര വാഴ്സിറ്റി അതിനെ കാവിഷാൾ കൊണ്ട് തന്ത്രപരമായി പുതപ്പിച്ചു. വേദിയിലുള്ളവരെ രണ്ടായി തരംതിരിച്ചാണ് കളർ അണിയിച്ചത്.
വി.വി.ഐ.പി വിഭാഗത്തിൽ കേന്ദ്രമന്ത്രിമാരായ ഡോ. സുഭാഷ് സർക്കാർ, വി. മുരളീധരൻ, വൈസ് ചാൻസലർ ഡോ. വെങ്കിടേശ്വർലു, പരീക്ഷ കൺട്രോളർ എം.എൻ. മുസ്തഫ, എന്നിവരാണുണ്ടായത്. ഇവർക്ക് വെളുത്ത കോട്ടൺ വസ്ത്രത്തിനുമുകളിൽ കാവിഷാൾ അണിയിച്ചു. മറ്റുള്ളവർക്ക് ഇരുണ്ട ചുവപ്പും നൽകി. വസ്ത്ര ധാരണത്തിന് പരുത്തി വസ്ത്രങ്ങൾ ഉപയോഗിക്കണമെന്ന് മാനവ വിഭവശേഷി വകുപ്പിന്റെ സർക്കുലർ ഉണ്ടായിരുന്നു.
ഏഴു നിറങ്ങളുള്ള ഷാൾ ധരിക്കാമെന്ന് പറഞ്ഞിരുന്നുവെങ്കിലും കാവിക്ക് ‘ഉന്നത’ സ്ഥാനം നൽകി രാഷ്ട്രീയ സന്ദേശം നൽകാൻ മറന്നില്ല. ചടങ്ങിൽ സംസ്ഥാനത്തെ ജനപ്രതിനിധികളുടെ അസാന്നിധ്യം പ്രകടമായി. ഇരുപതോളം പേരുള്ളപ്പോഴും കാസർകോട് പാർലമെൻറ് അംഗത്തിന് ക്ഷണം സദസ്സിലേക്കായിരുന്നു. എം.പിക്കും എം.എൽ.എക്കും പ്രസംഗിക്കാനുള്ള അവസരമില്ല എന്നായിരുന്നു വാഴ്സിറ്റി നിലപാട്. മുൻനിരയിൽ നൂറോളം ബി.ജെ.പി -ആർ.എസ്.എസ് നേതാക്കളും പ്രവർത്തകരും സന്നിഹിതരായിരുന്നു. അവരുടെ ഇടയിലായിരുന്നു പാർലമെൻറ് അംഗത്തിനും നിയമസഭാംഗത്തിനും സീറ്റ് നൽകിയത്. ഇതിന്റെയെല്ലാം പ്രതിഷേധമെന്നോണം, കേരളം വിദ്യാഭ്യാസ രംഗത്ത് കാലഹരണപ്പെട്ടുവെന്ന വി. മുരളീധരന്റെ പ്രസംഗത്തെ വിദ്യാർഥികൾ കൂവിയാണ് വരവേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.