കാട്ടുപന്നി ആക്രമണത്തിൽ മരിച്ച തൊഴിലാളിയുടെ മൃതദേഹവുമായി വനംവകുപ്പ് ഓഫിസിന് മുന്നിൽ പ്രതിഷേധം
text_fieldsവടക്കഞ്ചേരി: കാട്ടുപന്നിയുടെ ആക്രമണത്തിൽ മരിച്ച തൊഴിലാളിയുടെ മൃതദേഹവുമായി വനംവകുപ്പ് ഓഫിസിന് മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം.കരിങ്കയം ഫോറസ്റ്റ് ഓഫിസിന് സമീപത്തുവച്ച് കാട്ടുപന്നി കൂട്ടം ബൈക്കിലിടിച്ച് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച കിഴക്കഞ്ചേരി പറശ്ശേരി കിഴക്കേകുളമ്പ് വേലായുധന്‍റെ (52) മൃതദേഹവുമായാണ് ബന്ധുക്കളും നാട്ടുകാരും കരിങ്കയം ഫോറസ്റ്റ് ഓഫിസിന് മുന്നിൽ മൂന്ന് മണിക്കൂറോളം പ്രതിഷേധിച്ചത്.
ഞായറാഴ്ച രാവിലെ അഞ്ചരയോടെയാണ് പറശ്ശേരിയിൽനിന്ന് വട്ടപ്പാറയിലേക്ക് റബർ ടാപ്പിങ്ങിന് പോകുന്നതിനിടെ വേലായുധനെ കാട്ടുപന്നിക്കൂട്ടം ആക്രമിച്ചത്. വേലായുധൻ സഞ്ചരിച്ച ബൈക്കിൽ പന്നിയിടിച്ച് മറിഞ്ഞതിനെ തുടർന്ന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. തുടർന്ന് നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകീട്ട് മരിച്ചു.
അപകടം നടന്ന സമയത്ത് പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാൻ വനം വകുപ്പ് വാഹനം അനുവദിക്കാത്തതും പ്രതിഷേധത്തിനിടയാക്കി. സംഭവം കണ്ട ദൃക്സാക്ഷി മനോജിന്‍റെ മൊഴി രേഖപ്പെടുത്തിയത് ശരിയായ രീതിയിലല്ല എന്നാരോപിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ മരിച്ചാൽ കുടുംബത്തിന് സർക്കാറിന്‍റെ ധനസഹായം കിട്ടുമെന്നിരിക്കെ അത്തരത്തിലുള്ള റിപ്പോർട്ട് സമർപ്പിക്കാൻ വനം വകുപ്പ് അധികൃതർ തയാറായില്ല. ഇതിനെ തുടർന്നാണ് നാട്ടുകാർ മൃതദേഹവുമായി പ്രതിഷേധിച്ചത്.
മുദ്രാവാക്യം വിളികളുമായി സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ വനം വകുപ്പ് ഓഫിസിന് മുന്നിൽ തടിച്ച് കൂടി. ഓഫിസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചവരെ പൊലീസ് തടഞ്ഞു.നെന്മാറ ഡി.എഫ്.ഒ സി.പി. അനീഷ് സ്ഥലത്തെത്തി നഷ്ടപരിഹാരം ലഭ‍്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയതിനെ തുടർന്നാണ് പ്രതിഷേധം അവസാനിച്ചത്.
ആലത്തൂർ റേഞ്ച് ഓഫിസർ കെ.ആർ. കൃഷ്ണദാസ്, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ രഞ്ജിത്ത്, ആലത്തൂർ തഹസിൽദാർ പി. ജനാർദനൻ, ആലത്തൂർ ഡിവൈ.എസ്.പി ആർ. അശോകൻ, വടക്കഞ്ചേരി സി.ഐ എ. ആദംഖാൻ, മംഗലംഡാം എസ്.ഐ ജെ. ജമേഷ് എന്നിവർ സ്ഥലത്തെത്തി കിഴക്കഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വി. രാധാകൃഷ്ണനുമായി ചർച്ച ചെയ്തതിനെ തുടർന്നാണ് പ്രശ്നത്തിന് പരിഹാരമായത്. മുൻ പഞ്ചായത്ത് പ്രസിഡന്‍റ് പി.എം. കലാധരൻ, വാർഡംഗം സഫീന ബഷീർ, ബ്ലോക്ക് പഞ്ചായത്തംഗം സുനിത ശശീന്ദ്രൻ തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.