ലക്ഷദ്വീപ്: പ്രക്ഷോഭം തിങ്കൾ മുതൽ
text_fieldsകൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ മുന്നിൽനിർത്തി കേന്ദ്രം നടത്തുന്ന ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെ സംയുക്ത പ്രക്ഷോഭത്തിന് കേരളത്തിൽ സേവ് ലക്ഷദ്വീപ് കേരള കൂട്ടായ്മ രൂപവത്കരിച്ചു. ഈമാസം 21ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ മൂന്ന് മേഖലകളിൽ പ്രതിഷേധം സംഘടിപ്പിക്കാൻ കൂട്ടായ്മ തീരുമാനിച്ചു. തിരുവനന്തപുരം ഏജീസ് ഓഫിസ് ധർണ കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യും.
ബിനോയ് വിശ്വം എം.പി മുഖ്യപ്രഭാഷണം നടത്തും. കൊച്ചിയിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ഓഫിസ് ധർണ എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡൻ എം.പി മുഖ്യപ്രഭാഷണം നടത്തും. കോഴിക്കോട് ബേപ്പൂരിൽ ദ്വീപ് അഡ്മിനിസ്ട്രേറ്റിവ് മാർക്കറ്റിങ് ഓഫിസ് ധർണ ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യും. കെ.ടി. ജലീൽ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.
ലക്ഷദ്വീപിൽ നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യത്വരഹിത നടപടികളിൽ പ്രതിഷേധിക്കാനും നീതിക്കുവേണ്ടി സമരം ചെയ്യുന്ന ദ്വീപ് ജനതക്ക് ഐക്യദാർഢ്യം അർപ്പിക്കാനും ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ മുഖ്യ രക്ഷാധികാരിയായും ഭാസുരേന്ദ്ര ബാബു ചെയർമാനായും വിവിധ മത, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക നേതാക്കളെ ഉൾപ്പെടുത്തിയാണ് കൂട്ടായ്മക്ക് രൂപം കൊടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.