അമ്മയും നവജാതശിശുവും മരിച്ച സംഭവം: അത്തോളി മലബാർ മെഡിക്കൽ കോളേജിലേക്ക് മൃതദേഹവുമായി പ്രതിഷേധ മാർച്ച്
text_fieldsഉള്ള്യേരി (കോഴിക്കോട്): പ്രസവത്തിനിടെ ഗർഭസ്ഥശിശുവും അമ്മയും മരിച്ച സംഭവത്തിൽ അമ്മയുടെ മൃതദേഹവുമായി മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളജ് ആശുപത്രിക്ക് മുന്നിൽ ബന്ധുക്കളുടെയും നാട്ടുകാരുടെയും യുവജന സംഘടനകളുടെയും പ്രതിഷേധം. എകരൂൽ ആർപ്പറ്റ കുന്നുമ്മൽ പാലം തലക്കൽ വിവേകിന്റെ ഭാര്യ അശ്വതി (35)യുടെ മൃതദേഹവുമായാണ് ശനിയാഴ്ച വൈകീട്ട് നാലോടെ പ്രതിഷേധിച്ചത്.
സെപ്റ്റംബർ ഏഴിനാണ് അശ്വതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സിസേറിയനിടെ വ്യാഴാഴ്ച പുലർച്ചയോടെയാണ് കുഞ്ഞ് മരിച്ചത്. രക്തസമ്മർദം കൂടിയതിനെതുടർന്ന് ഗർഭപാത്രം പൊട്ടിയനിലയിലായിരുന്നു. ഉടൻ യുവതിയുടെ ഗർഭപാത്രം നീക്കം ചെയ്തു. 40 കുപ്പിയോളം രക്തം കയറ്റിയെങ്കിലും രക്തസ്രാവം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഗുരുതരാവസ്ഥയിലായ യുവതിയെ വെള്ളിയാഴ്ച ഉച്ചയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വൈകീട്ട് നാലരയോടെ മരിച്ചു. മണിക്കൂറുകളോളം വേദനകൊണ്ട് നിലവിളിക്കുകയും യുവതിയും ബന്ധുക്കളും സിസേറിയൻ നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടും സാധാരണ രീതിയിൽ പ്രസവം നടക്കുമെന്ന് പറഞ്ഞു ഡ്യൂട്ടി ഡോക്ടർ ചികിത്സ വൈകിപ്പിച്ചെന്നാണ് ബന്ധുക്കളുടെ പരാതി. ഭർത്താവ് വിവേക് വെള്ളിയാഴ്ചതന്നെ അത്തോളി പൊലീസിൽ പരാതി നൽകിയിരുന്നു. അശ്വതിയുടെ മൃതദേഹം മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ശനിയാഴ്ച മൂന്നോടെയാണ് ബന്ധുക്കൾക്ക് നൽകിയത്. നീക്കം ചെയ്ത ഗർഭപാത്രം മൊടക്കല്ലൂരിലെ ആശുപത്രിയിൽനിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് പൊലീസ് എത്തിച്ചിരുന്നു.
തുടർന്ന് അശ്വതിയുടെ മൃതദേഹവുമായി ബന്ധുക്കൾ മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളജ് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധവുമായെത്തി. ഇവരെ ആശുപത്രി കവാടത്തിൽ പൊലീസ് തടഞ്ഞു. ഡോക്ടർക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാർ മുദ്രാവാക്യവുമായി ആശുപത്രിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. ചർച്ചക്കായി ഏതാനും പേരെ പൊലീസ് ആശുപത്രിയിലേക്ക് കടത്തിവിട്ടു. തുടർന്ന് പേരാമ്പ്ര ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ആശുപത്രി മാനേജ്മെന്റുമായി ചർച്ച നടത്തി. സംഭവത്തെക്കുറിച്ച് സർക്കാർ ഡോക്ടർമാർ അടങ്ങുന്ന മെഡിക്കൽ ബോർഡ് രൂപവത്കരിച്ച് അന്വേഷണം നടത്തുമെന്നും മൂന്നുദിവസത്തിനുള്ളിൽ ആശുപത്രി അധികൃതരുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ബന്ധുക്കൾക്ക് കൈമാറുമെന്നും ഉറപ്പുലഭിച്ചതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
ചികിത്സപിഴവ് ഉണ്ടായിട്ടില്ലെന്നും ഹൃദയമിടിപ്പ് കുറഞ്ഞതും ഗർഭപത്രത്തിൽ വിള്ളലുണ്ടായി മറുപിള്ള വേർപെട്ടതുമാണ് കുഞ്ഞിന്റെ മരണകാരണമെന്നും ആന്തരിക രക്തസ്രാവം ഉണ്ടായതിനാൽ വിദഗ്ധ ചികിത്സക്കായി യുവതിയെ പെട്ടെന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെന്നും മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളജ് അധികൃതർ പറഞ്ഞു. കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസും ഡി.വൈ.എഫ്.ഐയും മന്ത്രിക്ക് പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.