സജീവന്റെ മരണം: പൊലീസ് സ്റ്റേഷൻ മാർച്ചിൽ പ്രതിഷേധമിരമ്പി
text_fieldsവടകര: പൊലീസ് കസ്റ്റഡിയിലെടുത്ത കല്ലേരിയിലെ സജീവന്റെ മരണത്തിൽ വ്യാപക പ്രതിഷേധം.
മരണവിവരം അറിഞ്ഞയുടൻ കഴിഞ്ഞദിവസം രാവിലെ ഒമ്പതോടെ ഡി.വൈ.എഫ്.ഐ പൊൻമേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകര പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
നൂറുകണക്കിനു പേർ പങ്കെടുത്ത മാർച്ച് സ്റ്റേഷനു സമീപം പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ മണിക്കൂറുകളോളം റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ. ശ്രീജിലാൽ ഉദ്ഘാടനം ചെയ്തു. അമൽ, സുജിൻ എന്നിവർ സംസാരിച്ചു.
സർക്കാർ തലത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായും സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ പ്രവർത്തകർക്ക് ഉറപ്പുനൽകിയതോടെയാണ് സമരം അവസാനിച്ചത്.
ഉച്ചയോടെ യു.ഡി.വൈ.എഫ് യുവജന സംഘടനകളും ആർ.എം.പി.ഐ, യുവമോർച്ച, എസ്.ഡി.പി.ഐ തുടങ്ങിയ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. യു.ഡി.വൈ.എഫ് പ്രവർത്തകർ ബാരിക്കേഡ് തള്ളിനീക്കി മുന്നോട്ടുനീങ്ങാൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു.
യു.ഡി.വൈ.എഫ് പ്രതിഷേധ മാർച്ച് സംസ്ഥാന സെക്രട്ടറി വി.പി. ദുൽഖിഫിൽ ഉദ്ഘാടനം ചെയ്തു. എ.വി. സെനിദ് അധ്യക്ഷത വഹിച്ചു. ഷുഹൈബ് കുന്നത്ത്, സുബിൻ മടപ്പള്ളി, അഫ്നാസ് ചോറോട്, സജിത്ത് മാരാർ എന്നിവർ നേതൃത്വം നൽകി.
സമഗ്രാന്വേഷണം വേണമെന്ന് സംഘടനകൾ
വടകര: വടകര പൊലീസ് കസ്റ്റഡിയിലെടുത്ത കല്ലേരി സ്വദേശി സജീവന്റെ മരണത്തെ സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കെ.കെ. രമ എം.എൽ.എ ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ നിരന്തരം ആവർത്തിക്കുകയാണ്. വിഷയത്തിൽ സത്യസന്ധമായ അന്വേഷണവും നടപടികളും ഉണ്ടാവുന്നില്ല എന്നതാണ് കാരണം. സജീവന്റെ മരണത്തിൽ ആഭ്യന്തര വകുപ്പ് മറുപടി പറയണമെന്നും കുറ്റക്കാരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും അവർ ആവശ്യപ്പെട്ടു.
കേരളത്തിൽ പൊലീസ് സ്റ്റേഷനുകൾ കൊലപാതക കേന്ദ്രങ്ങളായി മാറിയെന്ന് ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ. വേണു.
വടകരയിൽ പൊലീസ് മർദനത്തിലാണ് യുവാവ് മരിച്ചതെന്ന ഒപ്പമുണ്ടായിരുന്നവരുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്. ഇതിനെക്കുറിച്ച് സമഗ്രാന്വേഷണം വേണം. സംഭവത്തിൽ നിഷ്പക്ഷ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം.
പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ ഇടപെടണമെന്ന് സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. പി.പി. സ്റ്റാലിൻ അധ്യക്ഷത വഹിച്ചു. ശ്രീജിത്ത് ഒഞ്ചിയം, ആർ.കെ. രമേഷ്ബാബു, പിള്ളേരിക്കണ്ടി ഭാസ്കരൻ, പി.കെ. കിഷോർ എന്നിവർ സംസാരിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് എൽ.ജെ.ഡി വടകര മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് കെ.കെ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് മനയത്ത് ചന്ദ്രൻ, ഇ.പി. ദാമോദരൻ, എ.ടി. ശ്രീധരൻ, എടയത്ത് ശ്രീധരൻ, പി.പി. രാജൻ, പി. പ്രദീപ് കുമാർ, അഡ്വ. ബൈജു രാഘവൻ, പി.കെ. കുഞ്ഞിക്കണ്ണൻ, പ്രസാദ് വിലങ്ങിൽ എന്നിവർ സംസാരിച്ചു.
കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ വടകര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ സി. രാമകൃഷ്ണന് അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല അസി. സെക്രട്ടറി ടി.കെ. രാജന്, വടകര മണ്ഡലം സെക്രട്ടറി എന്‍.എം. ബിജു, പി. സജീവ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സി.പി.എം വടകര ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. പൊലീസിന്റെ മർദനമേറ്റതാണ് മരണകാരണമെന്ന് സുഹൃത്തുക്കളും കുടുംബാംഗങ്ങളും പരാതി ഉന്നയിച്ചിട്ടുണ്ട്. സംഭവം സംബന്ധിച്ച് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്.
മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനുമുന്നിലെത്തിച്ച് മാതൃകാപരമായി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് വടകര മണ്ഡലം മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം സംഭവങ്ങൾ നിരന്തരം നടക്കുന്നത് ആഭ്യന്തര വകുപ്പിന്റെ തികഞ്ഞ പരാജയമാണ്. ഇതിനെതിരെ പ്രതിഷേധ സദസ്സ് സംഘടിപ്പിക്കാൻ തീരുമാനിച്ചു. എം.സി. വടകര അധ്യക്ഷത വഹിച്ചു. ഒ.കെ. കുഞ്ഞബ്ദുല്ല സ്വാഗതം പറഞ്ഞു. കുടുംബത്തിന് നീതി ലഭിക്കണമെന്ന് മുൻ എം.എൽ.എ പാറക്കൽ അബ്ദുല്ല ആവശ്യപ്പെട്ടു.
ഇല്ലാതായത് കുടുംബത്തിന്റെ അത്താണി
വടകര: വടകര പൊലീസ് സ്റ്റേഷൻ മുറ്റത്ത് കുഴഞ്ഞുവീണ് മരിച്ച വില്യാപള്ളി കല്ലേരി സ്വദേശി താഴെകോലോത്ത് സജീവന്റെ വേർപാടിൽ നഷ്ടമായത് കുടുംബത്തിന്റെ അത്താണി. മരംവെട്ട് തൊഴിലാളിയായ സജീവൻ നിർധന കുടുംബാംഗമാണ്. പ്രായമായ അമ്മ ജാനുവും അമ്മയുടെ സഹോദരി നാരായണിയും അടങ്ങുന്ന കുടുംബത്തിന്റെ പ്രതീക്ഷയാണ് ഇല്ലാതായത്.
സജീവന്റെ മരണത്തോടെ പ്രായമായ രണ്ടുപേരും ഒറ്റപ്പെട്ട നിലയിലാണ്. വില്യാപള്ളി കല്ലേരിയിലെ തറവാട് വീട് തകർന്നുവീഴാറായതോടെ തൊട്ടടുത്തുള്ള സഹോദരി നാരായണിയുടെ വീട്ടിലേക്ക് അടുത്തിടെയാണ് ഇവർ താമസം മാറ്റിയത്. നാരായണിയുടെ മകൻ ഈയിടെ മരിച്ചിരുന്നു.
സജീവന്റെ കൂടെ പൊലീസ് കസ്റ്റഡിയിലെടുത്ത കണ്ണാടികയിൽ ജുബൈർ തൊട്ടടുത്ത വീട്ടുകാരനാണ്. സ്റ്റേഷനിൽ പൊലീസ് സജീവനെ മർദിച്ചെന്നും ഇതോടെ നെഞ്ചുവേദന അനുഭവപ്പെട്ടത് പൊലീസിന്റെ ശ്രദ്ധയിൽപെടുത്തിയെങ്കിലും കാര്യമായെടുത്തില്ലെന്നും സ്റ്റേഷൻ മുറ്റത്ത് കുഴഞ്ഞുവീണതോടെ ആശുപത്രിയിൽ എത്തിക്കാൻ വാഹനം ആവശ്യപ്പെട്ടെങ്കിലും പൊലീസ് തിരിഞ്ഞുനോക്കിയില്ലെന്നും ജുബൈർ പറഞ്ഞു.
സ്റ്റേഷൻ മുറ്റത്തോടു ചേർന്ന വനിത പൊലീസ് സ്റ്റേഷന് മുന്നിലാണ് സജീവൻ കുഴഞ്ഞുവീണത്. ഏറെനേരം വാഹനത്തിനായി ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഓട്ടോഡ്രൈവറുടെ സഹായത്തോടെ ആശുപത്രിയിലേക്ക് മാറ്റുകയാണുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.