സര്‍വകലാശാലയിലേക്ക് പ്രതിഷേധ മാര്‍ച്ച് ഇന്ന്
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് സേവ് ഡിസ്റ്റന്‍സ് എജുക്കേഷന്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച പ്രതിഷേധ മാര്‍ച്ച്. റെഗുലര്‍ സര്‍വകലാശാലകളായ കാലിക്കറ്റ്, കണ്ണൂര്‍, കേരള, എം.ജി എന്നിവിടങ്ങളില്‍ നിലവിലുണ്ടായിരുന്ന വിദൂര വിദ്യാഭ്യാസ സംവിധാനം ശ്രീനാരായണ ഗുരു ഓപണ്‍ സര്‍വകലാശാലയില്‍ മാത്രമായി പരിമിതപ്പെടുത്തിയ നടപടി അടിയന്തരമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ആദ്യഘട്ട സമരത്തിന്റെ ഭാഗമായാണ് സര്‍വകലാശാല മാര്‍ച്ച്.
ചൊവ്വാഴ്ച രാവിലെ 11ന് സര്‍വകലാശാല കാമ്പസിലെ വിദൂരവിദ്യാഭ്യാസ വിഭാഗം പരീക്ഷാഭവന് പരിസരത്തുനിന്ന് ഭരണകാര്യാലയത്തിലേക്കാണ് സമരം. അഞ്ച് ജില്ലകളില്‍നിന്നുള്ള വിദ്യാർഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, സംഘടന പ്രതിനിധികള്‍ എന്നിവരടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുക്കും. ഓപണ്‍ സര്‍വകലാശാല ആക്ടിലെ 47 (2), 72 വകുപ്പുകള്‍ റദ്ദാക്കുക, പ്രൈവറ്റ് വിദ്യാർഥികളെ റെഗുലര്‍ സര്‍വകലാശാലകളില്‍ പഠിക്കാന്‍ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
തുടര്‍ സമരങ്ങള്‍ മഴ കുറയുന്നതിനനുസരിച്ച് നടത്തുമെന്ന് കൂട്ടായ്മ ഭാരവാഹികള്‍ പറഞ്ഞു. ഓപണ്‍ സര്‍വകലാശാലയുടെ കോഴിക്കോട് മീഞ്ചന്തയിലെ ഗവ. ആര്‍ട്സ് ആൻഡ് സയന്‍സ് കോളജ്, കലക്ടറേറ്റുകള്‍ എന്നിവിടങ്ങളിലും നിയമസഭ ചേരുന്ന ഘട്ടത്തില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ചും നടത്താനാണ് തീരുമാനം.
ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും സേവ് ഡിസ്റ്റന്‍സ് എജുക്കേഷന്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ വിദ്യാർഥികളും അധ്യാപകരും സമാന്തര വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും ഒന്നിച്ച് ഇമെയില്‍ മുഖേന ഹരജികള്‍ അയച്ചു തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.