നാലു വയസുള്ള മകനെ കിട്ടാൻ പാതിര വരെ നീണ്ട സമരവുമായി യുവതി; ഗത്യന്തരമില്ലാതെ വഴങ്ങി പൊലീസ്
text_fieldsമാന്നാർ: നാലു വയസുകാരനായ മകനെ തിരിച്ചുകിട്ടാൻ പൊലീസ് സ്റ്റേഷനു മുന്നിൽ യുവതിയുടെ സമരം. ഒടുവിൽ പൊലീസ് ഇടപെടലിൽ കുഞ്ഞിനെ യുവതിക്ക് തിരികെ കിട്ടി.
ബുധനൂർ തയ്യൂർ ആനന്ദഭവനത്തിൽ വാടകക്ക് താമസിക്കുന്ന 26കാരിയായ സ്നേഹയാണ് തെൻറ മകൻ അശ്വിനെ (നാല്) വിട്ടുകിട്ടാത്തതിനെത്തുടർന്ന് പ്രതിഷേധവുമായി മാന്നാർ പൊലീസ് സ്റ്റേഷന് മുന്നിലെത്തിയത്. ക്രിസ്മസ് ദിനത്തിൽ രാവിലെ മുതൽ സ്റ്റേഷന് മുന്നിൽ നിൽക്കുകയായിരുന്നു യുവതി. രാത്രിയോടെ പൊലീസ് ഇടപെടലിൽ കുട്ടിയെ നൽകിയതോടെയാണ് ഇവർ മടങ്ങിയത്.
ബുധനൂർ കിഴക്ക് കോടഞ്ചിറ മനോജ് ഭവനത്തിൽ സുനിലുമായി 2014 ലായിരുന്നു സ്നേഹയുടെ രജിസ്റ്റർ വിവാഹം. ആദ്യ കുഞ്ഞ് ഗർഭസ്ഥ ശിശുവായിരിക്കെ മരിച്ചു. പിന്നീട് അശ്വിൻ ജനിച്ചതിന് പിന്നാലെ ഭർത്താവ് സുനിൽ ഗൾഫിലേക്ക് ജോലിക്ക് പോയി.
അടൂർ കെ.എസ്.ആർ.ടി.സിയിൽ കോവിഡ് വളൻറിയറായി സേവനമനുഷ്ഠിക്കാൻ തുടങ്ങിയതോടെ കുഞ്ഞിനെ ഭർതൃവീട്ടുകാർ കൊണ്ടുപോവുകയും ഭർത്താവടക്കമുള്ളവരോട് തന്നെപ്പറ്റി അപവാദം പറഞ്ഞുപരത്തുകയും ചെയ്തുവെന്നാണ് സ്നേഹ പറയുന്നത്. പിന്നീട് കുഞ്ഞിനെ കാണാൻപോലും സ്നേഹയെ അനുവദിച്ചില്ല.
2020 ജൂണിൽ മാന്നാർ പൊലീസിൽ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന്, ചെങ്ങന്നൂർ ഡിവൈ.എസ്.പിയെ സമീപിച്ചപ്പോൾ ഇരുകൂട്ടരെയും മാന്നാർ സി.ഐ ഒത്തുതീർപ്പിന് വിളിപ്പിക്കുകയും രണ്ടുമാസം കഴിഞ്ഞ് ഭർത്താവ് എത്തുമ്പോൾ പരിഹാരം കാണാമെന്നുപറഞ്ഞ് വിടുകയുമായിരുന്നു.
കുട്ടിയെ തിരികെക്കിട്ടാതെ പോകില്ലെന്ന് പറഞ്ഞ് യുവതി ശനിയാഴ്ച സ്റ്റേഷന് പുറത്ത് നിന്നതോടെ ഗത്യന്തരമില്ലാതെ മാന്നാർ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാത്രി പതിനൊന്നോടെ സ്‌നേഹയെയും കൂട്ടി ഭർതൃവീട്ടിലെത്തി മകനെ വീണ്ടെടുത്ത് സ്റ്റേഷനിൽ കൊണ്ടുവന്ന് വ്യവസ്ഥകളോടെ കൈമാറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.