നിയമനാംഗീകാരം ലഭിക്കാത്ത അധ്യാപകർക്കിത് കറുത്തോണം
text_fieldsപാനൂർ (കണ്ണൂർ): ജോലിയിൽ പ്രവേശിച്ചിട്ടും നിയമനാംഗീകാരം ലഭിക്കാത്ത ഒരുകൂട്ടം ഹയർ സെക്കൻഡറി അധ്യാപകർക്കിത് കറുത്തോണം. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ടാണ് സംസ്ഥാനത്തെ നിരവധി എയ്ഡഡ് സ്കൂൾ അധ്യാപകരുടെ നിയമനാംഗീകാരം പ്രതിസന്ധിയിലായത്. 2022 ആഗസ്റ്റ് 10ന് ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട ഹൈകോടതി വിധി പുറപ്പെടുവിച്ചെങ്കിലും ഏതുരീതിയിലാണ് സംവരണം നടപ്പാക്കേണ്ടത് എന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല.
വിധി പ്രകാരം 2018 നവംബർ 18ന് ശേഷം നടത്തിയ നിയമനങ്ങൾക്ക് വിദ്യാഭ്യാസ വകുപ്പിൽനിന്ന് അനുവാദം ലഭിച്ചില്ലെങ്കിൽ വിധി ബാധകമാണ്. അതേസമയം, ഈ കാലയളവിൽ ജോലിയിൽ പ്രവേശിക്കുകയും അംഗീകാരം ലഭിക്കുകയും ചെയ്ത നിയമനങ്ങൾ അസ്ഥിരപ്പെടുത്തേണ്ടതില്ലെന്നും പറയുന്നു.
ഒരേ കാലഘട്ടത്തിൽ ജോലിയിൽ പ്രവേശിച്ച ആളുകളിൽ അംഗീകാരം ലഭിച്ച ആളുകൾക്ക് പ്രശ്നമില്ലാതിരിക്കുകയും ഉദ്യോഗസ്ഥരുടെ അനാസ്ഥകാരണവും മറ്റു സാങ്കേതിക കാരണങ്ങളാലും അംഗീകാരം കിട്ടാതിരുന്ന ആളുകളെ വിധി ബാധിക്കുകയും ചെയ്യുന്നത് ഇരട്ട നീതിയാണെന്നാണ് ആക്ഷേപം.
ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുന്ന അധ്യാപക യോഗ്യതയുള്ള ഉദ്യോഗാർഥികൾ 500ൽ താഴെ മാത്രമാണ്. ഏതാണ്ട് 5000ത്തിലധികം ഒഴിവുകൾ നടപ്പ് അധ്യയനവർഷം നികത്താതെയുണ്ടെന്നാണ് സർക്കാർ കോടതിയിൽ അറിയിച്ചിട്ടുള്ളത്. ഹയർ സെക്കൻഡറി മേഖലയിൽ 500ഓളം ഒഴിവുകളാണ് ഈ അധ്യയനവർഷം നികത്താതെ ഒഴിഞ്ഞുകിടക്കുന്നത്.
എന്നാൽ, അധ്യാപകർ വിവരാവകാശ നിയമപ്രകാരം നേടിയ രേഖകൾ പ്രകാരം ഭിന്നശേഷി വിഭാഗത്തിൽപെട്ട ഹയർ സെക്കൻഡറി അധ്യാപക യോഗ്യതയുള്ള 50ൽ താഴെ ഉദ്യോഗാർഥികൾ മാത്രമെ സംസ്ഥാനത്ത് നിലവിൽ നിയമനം ലഭിക്കാതെ പുറത്തുനിൽക്കുന്നുള്ളൂ.
മെഡി. കോളജിലെ അധ്യാപകർ 'കണ്ണീർ അധ്യാപകദിനം' ആചരിക്കും
കോഴിക്കോട്: ശമ്പളപരിഷ്കരണ ഉത്തരവിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടിട്ടും സർക്കാർ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് ഗവ. മെഡിക്കൽ കോളജ് അധ്യാപകസംഘടനയായ കെ.ജി.എം.സി.ടി.എയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച 'കണ്ണീർ അധ്യാപകദിനം' ആചരിക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് ഡോ. നിർമൽ ഭാസ്കർ, ജനറൽ സെക്രട്ടറി ഡോ. സി.എസ്. അരവിന്ദ് എന്നിവർ അറിയിച്ചു.
ഡോക്ടർമാരുടെ ശമ്പളപരിഷ്കരണം 2016ൽ നടപ്പാക്കേണ്ടത് 2020 സെപ്റ്റംബറിലാണ് ഉത്തരവിറങ്ങിയത്. 2021 മാർച്ചിലാണ് യാഥാർഥ്യമായത്. അസി. പ്രഫസറിൽനിന്ന് അസോസിയേറ്റിലേക്കുള്ള പ്രമോഷന്റെ യഥാർഥ കാലാവധി അഞ്ചു വർഷമായി നാഷനൽ മെഡിക്കൽ കൗൺസിൽ നിജപ്പെടുത്തിയിരിക്കെ ഇവിടെ അത് നിലവിലുള്ള ഏഴിൽനിന്ന് എട്ടുവർഷമായി വർധിപ്പിച്ചു. കേരള സർക്കാറിന്റെ മറ്റു ജീവനക്കാർക്ക് 2020 ജൂലൈ വരെയുള്ള ക്ഷാമബത്ത നൽകിയപ്പോൾ മെഡിക്കൽ കോളജ് അധ്യാപകർക്ക് 2019 ജൂലൈ വരെയുള്ളത് മാത്രമേ നൽകിയിട്ടുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.