മുസ്ലിം ലീഗ് കൊടിമരത്തിൽ റീത്ത് വെച്ച് പ്രതിഷേധം
text_fieldsപാലക്കാട്: മുസ്ലിം പള്ളികളിൽ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നതിനെതിരെ മുസ്ലിം ലീഗ് കൊടിമരത്തിൽ റീത്ത് വെച്ച് പ്രതിഷേധം. പാലക്കാട് ഈസ്റ്റ് ഒറ്റപ്പാലത്താണ് ലീഗിന്റെ കൊടി മരത്തിൽ റീത്ത് വെച്ചതും നോട്ടീസ് വിതരണം ചെയ്തതും. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.
വർഗീയ ലീഗിനെതിരെ പ്രതിഷേധം, പള്ളികളിൽ രാഷ്ട്രീയം പാടില്ല എന്നീ വാക്കുകളാണ് നോട്ടീസിലുള്ളത്. റീത്ത് വെച്ച സംഭവത്തിൽ മുസ് ലിം ലീഗ് പൊലീസിൽ പരാതി നൽകി. സി.പി.എമ്മാണ് കൊടിമരത്തിൽ റീത്ത് വെച്ചതെന്ന് ലീഗ് നേതാക്കൾ ആരോപിച്ചു.
വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടതടക്കം സർക്കാറിന്റെ മുസ്ലിം വിരുദ്ധ നിലപാടുകൾക്കെതിരെ വെള്ളിയാഴ്ച എല്ലാ പള്ളികളിലും ബോധവത്കരണ പ്രഭാഷണങ്ങൾ നടത്താൻ കോഴിക്കോട് ചേർന്ന മുസ്ലിം സംഘടനകളുടെ യോഗം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. കോഴിക്കോട് എം.എസ്.എസ് ഓഡിറ്റോറിയത്തിൽ ചേർന്ന മുസ്ലിം നേതൃസമിതി കോർകമ്മിറ്റി യോഗമാണ് ഈ തീരുമാനമെടുത്തത്.
വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടതിനെതിരെ ഹൈകോടതി, സുപ്രീംകോടതി അടക്കമുള്ളവയെ സമീപിക്കാനും യോഗം തീരുമാനിച്ചിരുന്നു. വഖഫിന്റേത് കേന്ദ്ര നിയമമായതിനാൽ സംസ്ഥാനത്തിന് ഇടപെടാനധികാരമില്ലെന്ന് കാണിച്ചാണ് നിയമനടപടികൾ ആരംഭിക്കുക. അഡ്വ. വി.കെ. ബീരാന്റെ നേതൃത്വത്തിൽ നിയമ വിദഗ്ധരുമായി കൂടിയാലോചിച്ചാണ് അന്തിമ തീരുമാനമെടുക്കുക.
ഡിസംബർ ആറിന് തിങ്കളാഴ്ച പഞ്ചായത്ത് കേന്ദ്രങ്ങളിൽ മുസ്ലിം നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ ബഹുജന പ്രതിഷേധ റാലികളും സംഘടിപ്പിക്കും. റാലിയിൽ പ്രദേശത്തെ സമുദായ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിക്കും.
തുടർന്ന് കോഴിക്കോട്ടും തിരുവനന്തപുരത്തും മുസ്ലിം നേതൃസമിതിയുടെ നേതൃത്വത്തിൽ ബഹുജന സമ്മേളനങ്ങളും നടത്തും. സംഘ്പരിവാറിനേക്കാൾ വലിയ ന്യൂനപക്ഷ, ദലിത് വിരുദ്ധ നടപടിയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്ന് കോർ കമ്മിറ്റി യോഗം ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.