'ഞങ്ങൾ മൃതദേഹങ്ങളുമായി അലയണോ..?'; പൊതുശ്മശാനം പ്രവർത്തനക്ഷമമാകാത്തതിൽ പ്രതിഷേധം
text_fieldsകടുങ്ങല്ലൂർ: പഞ്ചായത്ത് പൊതുശ്മശാനം ഒരു വർഷമായി പ്രവർത്തക്ഷമമല്ലാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. പ്രവർത്തനമില്ലാതെ, കാടുപിടിച്ച് കിടക്കുന്ന പൊതുശ്മശാനം പ്രവർത്തന യോഗ്യമാക്കിയില്ലെങ്കിൽ മൃതശരീരവുമായി പഞ്ചായത്തിന് മുന്നിലേക്ക് വരുമെന്ന് സമുദായ സംഘടനാ നേതാക്കൾ മുന്നറിയിപ്പ് നൽകി. നിരവധി നാളെത്തെ പ്രക്ഷോഭങ്ങൾക്കൊടുവിൽ അന്നത്തെ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് മുൻകയ്യെടുത്താണ് കടുങ്ങല്ലൂർ പഞ്ചായത്തിന് പൊതുശ്മശാനം നിർമിക്കാൻ സ്ഥലം അനുവദിച്ചത്.
തുടർന്ന് കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് ജില്ല പഞ്ചായത്ത് 80 ലക്ഷം രൂപ മുടക്കിയാണ് ശ്മശാനം നിർമിച്ചത്. പുതിയ ഭരണസമിതി വന്ന ശേഷം കേവലം ആറുമാസം മാത്രമാണ് ശ്മാശാനം പ്രവർത്തിച്ചത്. അറ്റകുറ്റപ്പണി സമയബന്ധിതമായി നടത്താതെ പുതിയ ശ്മശാനത്തിന് കെട്ടിടം നിർമിക്കാൻ ഭരണസമിതി തീരുമാനിച്ചുവെന്നാണ് ആക്ഷേപം. വൻ തുക ചെലവഴിച്ച് കെട്ടിടം നിർമിച്ച് 2022 ഏപ്രിൽ മാസത്തിൽ ഉദ്ഘാടനം ചെയ്ത് ഫലകവും സ്ഥാപിച്ചു. എന്നാൽ ഒന്നര വർഷത്തോളമായിട്ടും പ്രവർത്തനം തുടങ്ങാൻ കഴിഞ്ഞിട്ടില്ലെന്നാണ് ആരോപണം.
പഞ്ചായത്തിൽ മരണപ്പെടുന്നവരെ സംസ്കരിക്കാൻ പാതാളം, ആലങ്ങാട്, യു.സി കോളജ് എന്നിവടങ്ങളെ ശ്മശാനങ്ങളെയാണ് ആശ്രയിക്കുന്നത്. പലപ്പോഴും ഇവിടങ്ങളിൽ ഒഴിവില്ലാതെ വന്നാൽ ബന്ധുക്കൾ മൃതദേഹവുമായി അലയുന്ന സ്ഥിതിയാണ്. പഞ്ചായത്തിലെ ഭരണപക്ഷ അംഗങ്ങളോട് പറഞ്ഞ് മടുത്ത ജനങ്ങൾ പ്രതിപക്ഷ മെമ്പർമാരും ഇക്കാര്യത്തിൽ അനാസ്ഥ കാണിക്കുന്നതായി ആരോപിക്കുന്നു. അടിയന്തിര പരിഹാരമില്ലെങ്കിൽ മൃതശരീരവുമായി പഞ്ചായത്തിന് മുന്നിലേക്ക് വരുമെന്നാണ് നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.