ഒ.ടി.ടി റിലീസിൽ പ്രതിഷേധം; ഇന്നും നാളെയും തിയറ്ററുകൾ അടച്ചിടും
text_fieldsകൊച്ചി: 2018, പാച്ചുവും അത്ഭുതവിളക്കും എന്നീ സിനിമകൾ ഒ.ടി.ടിയിൽ റിലീസ് ചെയ്യാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് ബുധൻ, വ്യാഴം ദിവസങ്ങളിൽ സംസ്ഥാനത്തെ തിയറ്ററുകൾ അടച്ചിടും. തിയറ്റർ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് യുനൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള (ഫിയോക്) ചൊവ്വാഴ്ച കൊച്ചിയിൽ വിളിച്ച യോഗത്തിലാണ് തീരുമാനം.
ബുധൻ, വ്യാഴം ദിവസങ്ങളിലെ പ്രദർശനത്തിന് ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം തിരിച്ചുനൽകും. ചിത്രം തിയറ്ററിലെത്തി 42 ദിവസം കഴിഞ്ഞ് മാത്രമേ ഒ.ടി.ടിയിൽ റിലീസ് ചെയ്യാവൂ എന്നായിരുന്നു നിർമാതാക്കളും തിയറ്റർ ഉടമകളും തമ്മിലെ ധാരണ. എന്നാൽ, 33 ദിവസം തികയുന്ന ജൂൺ ഏഴിന് ‘2018’ ഒ.ടി.ടിയിൽ റിലീസാകുകയാണ്. ചിത്രങ്ങളുടെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചതോടെ തിയറ്ററിൽ ആളുകുറഞ്ഞു. രണ്ട് ചിത്രങ്ങളുടെയും നിർമാതാക്കൾക്കും സംവിധായകർക്കും ഇത് സംബന്ധിച്ച് നോട്ടീസ് നൽകും.
തിയറ്ററിൽ റിലീസ് ചെയ്ത് 42 ദിവസത്തിനകം ചിത്രം ഒ.ടി.ടിയിലെത്തിയാൽ ആ നിർമാതാവിന്റെ ചിത്രം ഇനി തിയറ്ററിൽ പ്രദർശിപ്പിക്കേണ്ടെന്നും യോഗം തീരുമാനിച്ചു. നിശ്ചിത സമയത്തിന് മുമ്പ് ഒ.ടി.ടിയിൽ റിലീസ് ചെയ്യുന്നത് തടയാൻ നിയമനിർമാണം വേണമെന്നതടക്കം ആവശ്യത്തിൽ 20 ദിവസത്തിനകം സർക്കാർ തീരുമാനം അറിയിച്ചില്ലെങ്കിൽ തിയറ്ററുകൾ അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്നും ഫിയോക് ജനറൽ സെക്രട്ടറി എം.സി. ബോബി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.