പൊമ്പിളൈ ഒരുമൈ സമരം തുടരുന്നു; പിന്തുണയുമായി നേതാക്കൾ
text_fieldsമൂന്നാർ: വൈദ്യുതി മന്ത്രി എം.എം. മണി പൊമ്പിളൈ ഒരുമൈക്കെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരെ പ്രതിഷേധം മുറുകുന്നു. മണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി ജില്ലയിൽ തിങ്കളാഴ്ച എൻ.ഡി.എ ആഹ്വാനം ചെയ്ത ഹർത്താൽ ഏറക്കുറെ പൂർണമായി. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ചയുമായി സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് വനിത നേതാക്കളും സാമൂഹിക, പരിസ്ഥിതി പ്രവർത്തകരും മൂന്നാറിലെത്തി.
മന്ത്രി എം.എം. മണി മൂന്നാറിലെത്തി തൊഴിലാളികളുടെ കാലുപിടിച്ച് മാപ്പുപറയുംവരെ സമരം തുടരുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പൊമ്പിളൈ ഒരുമൈ പ്രവർത്തകർ. എം.എം. മണി രണ്ടു തവണ ഖേദപ്രകടനം നടത്തിയെങ്കിലും പ്രതിഷേധത്തിന് അയവ് വന്നിട്ടില്ല.
ഞായറാഴ്ച വൈകീട്ട് അേഞ്ചാടെ ആരംഭിച്ച സമരത്തിനു രാഷ്ട്രീയ പാർട്ടികളുടെയടക്കം വലിയതോതിലുള്ള പിന്തുണയാണ് ലഭിക്കുന്നത്. ടൗണിൽ ഗാന്ധിപ്രതിമക്ക് സമീപം കുത്തിയിരിപ്പ് സമരം നടത്തുന്ന പൊമ്പിൈള ഒരുമൈ പ്രവർത്തകർക്ക് െഎക്യദാർഢ്യം പ്രഖ്യാപിച്ച് പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ, സംസ്ഥാന വനിത കമീഷൻ അംഗം ഡോ. ജെ. പ്രമീളാദേവി, കോൺഗ്രസ് നേതാവ് ലതിക സുഭാഷ്, ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ, ജില്ല പഞ്ചായത്ത് അംഗം കൊച്ചുേത്രസ്യ പൗലോസ് തുടങ്ങിയവർ മൂന്നാറിലെത്തി. സംഭവത്തിൽ ദേശീയ വനിത കമീഷന് പരാതി നൽകുമെന്നും മണി ഈ നിലതുടർന്നാൽ കേരളത്തിലെ സ്ത്രീകളുടെ കൈക്കരുത്ത് അറിയുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
സമരപ്പന്തലിൽ തൊഴിലാളികളുടെ ബാഹുല്യമില്ലെങ്കിലും സമരം തുടരുമെന്ന് പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി അഗസ്റ്റിൻ പറഞ്ഞു. തൊഴിലാളികളെ ഇനി സമരംകൊണ്ട് ബുദ്ധിമുട്ടിക്കില്ലെന്നും സംഘടനക്ക് വേണ്ടി നേതൃനിരയിലുള്ളവർ സമരം ചെയ്യുമെന്നും അവർ കൂട്ടിച്ചേർത്തു.
രണ്ടു വർഷം മുമ്പ് തൊഴിലാളികളുടെ ആവശ്യങ്ങൾക്കായി സമരം ചെയ്യുമ്പോൾ സമരപ്പന്തലിലെത്തിയ രാഷ്ട്രീയ നേതാക്കളെ ചെരുപ്പൂരിക്കാണിച്ച് ഓടിച്ച പൊമ്പിളൈ ഒരുമൈ ഇത്തവണ രാഷ്ട്രീയക്കാരെ ഒന്നടങ്കം സമരത്തിലേക്ക് സ്വാഗതം ചെയ്യുന്നു എന്നതും പ്രത്യേകതയാണ്. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.