‘അരുൺ ജെയ്റ്റ്ലി ഞങ്ങളെയും കാണണം’
text_fieldsതിരുവനന്തപുരം: ആർ.എസ്.എസുകാർ കൊലപ്പെടുത്തിയ സി.പി.എം പ്രവർത്തകരുടെ കുടുംബാംഗങ്ങൾ രാജ്ഭവന് മുന്നിൽ ധർണ നടത്തി. ‘കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി ഞങ്ങളെയും കാണണം, ഞങ്ങളുടെ വീടും സന്ദർശിക്കണം, ഞങ്ങൾക്കും ജീവിക്കണം’ എന്നാവശ്യപ്പെട്ടാണ് ധർണ നടത്തിയത്. എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വൻ ഉദ്ഘാടനം ചെയ്തു.
ആർ.എസ്.എസുകാർ കൊലപാതകം കൈത്തൊഴിലായി സ്വീകരിച്ചവരാണെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ തേർവാഴ്ചയാണ് കേരളം നേരിടുന്നത്. നാടിെൻറ മുന്നോട്ടുള്ള പ്രയാണത്തെയാണ് അവർ തടയുന്നത്. സംസ്ഥാനത്ത് അരക്ഷിതാവസ്ഥയുണ്ടാക്കുകയാണ് ആർ.എസ്.എസ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
അരുൺ ജെയ്റ്റ്ലി നടത്തുന്നത് അന്തസ്സില്ലാത്ത സന്ദർശനമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കേന്ദ്രമന്ത്രിയായിട്ടല്ല ആർ.എസ്.എസുകാരുടെ മന്ത്രിയായിട്ടാണ് ജെയ്റ്റ്ലിയുടെ സന്ദർശനം. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഈ സന്ദർശനം. ബി.ജെ.പിക്കാരുടേതുപോലെ സി.പി.എം പ്രവർത്തകരുടെ ജീവനും വിലയുണ്ടെന്ന് തിരിച്ചറിയാൻ കേന്ദ്രമന്ത്രിക്ക് കഴിഞ്ഞില്ല.
എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നശേഷം 14 മാസത്തിൽ 13 കൊലപാതകം നടന്നു. കൊല്ലപ്പെട്ട 10 പേരും സി.പി.എം പ്രവർത്തകരായിരുന്നു. സി.പി.എം ശക്തികേന്ദ്രങ്ങൾ ആക്രമിച്ച് തകർക്കാനാണ് ആർ.എസ്.എസ് ശ്രമിക്കുന്നത്. 1970 മുതലുള്ള കണക്ക് പരിശോധിച്ചാൽ സംസ്ഥാനത്ത് നടന്ന 969 രാഷ്ട്രീയ കൊലപാതകങ്ങളിൽ കൊല്ലപ്പെട്ട 527 പേരും സി.പി.എം പ്രവർത്തകരാണ്. സി.പി.എമ്മുമായി നിരന്തരം ഏറ്റുമുട്ടാൻ നിർദേശം നൽകിയിരിക്കുകയാണ് അമിത് ഷാ. ക്രമസമാധാനം തകർന്നെന്ന് ചൂണ്ടിക്കാട്ടി സർക്കാറിനെ പിരിച്ചുവിടുകയാണ് ലക്ഷ്യം. പിരിച്ചുവിടാൻ ഇത് 1959 അല്ല. നിയമസഭയിൽ ഭൂരിപക്ഷവും ജനപിന്തുണയുമുള്ള സർക്കാറാണ്. അതുകൊണ്ട് ബി.ജെ.പി ഓലപ്പാമ്പ് കാട്ടി ഭയപ്പെടുത്തരുത്. ഇപ്പോൾ തെരഞ്ഞെടുപ്പ് നടത്തിയാൽ എൽ.ഡി.എഫിന് 99ലധികം സീറ്റ് ലഭിക്കും. ബി.ജെ.പിയുടെ ഒരു സീറ്റും പോവും.
ജനങ്ങൾ സർക്കാറിനെ സംരക്ഷിക്കുമെന്നും കോടിയേരി പറഞ്ഞു. സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ അധ്യക്ഷത വഹിച്ചു. ഇ.പി. ജയരാജൻ, എം. വിജയകുമാർ, വി. ശിവൻകുട്ടി, എ. സമ്പത്ത് എം.പി, എം. വിജയകുമാർ, കോലിയക്കോട് കൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.