നഞ്ചിയമ്മയുടെ ഭൂമി സംരക്ഷിക്കാൻ പാട്ടിലൂടെ പ്രതിഷേധം ആഗസ്റ്റ് ഒമ്പതിന് അട്ടപ്പാടിയിൽ
text_fieldsകൊച്ചി: ദേശീയ അവാർഡിലൂടെ രാഷ്ട്രം ആദരിച്ച നഞ്ചിയമ്മയുടെ കുടുംബഭൂമി സംരക്ഷിക്കാൻ പാട്ടിലൂടെ പ്രതിഷേധം നടത്തുമെന്ന് ദലിത് - ആദിവാസി സ്ത്രീ - പൗരാവകാശ കൂട്ടായ്‌മ. ലോക ആദിവാസി ദിനമായ ആഗസ്റ്റ് ഒമ്പതിന് നഞ്ചിയമ്മ നടത്തുന്ന പാട്ടു പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് ദലിത് - ആദിവാസി-സ്ത്രീ-പൗരാവകാശ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ ഐക്യദാർഡ്യ കൺവെൻഷനും സത്യാഗ്രഹ സമരവും നടത്തുമെന്ന് കൺവീനർ എം. ഗീതാനന്ദൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നഞ്ചിയമ്മ പാട്ടിലൂടെ പ്രതിഷേധിച്ചിട്ടും മന്ത്രി കെ.രാജനും സി.പി.ഐ. നേതൃത്വവും നിശബ്‌ദത പാലിക്കുന്നത് ആദിവാസി സമൂഹത്തോടുള്ള വെല്ലുവിളിയാണ്. പ്രശ്നം പരിഹരിക്കുന്നതിന് പകരം ആദിവാസികളുടെ മനുഷ്യാവകാശത്തിന് വേണ്ടി ശബ്‌ദമുയർത്തുന്ന സുകുമാരൻ അട്ടപ്പാടിയെ തമിഴ്‌നാട് പെലീസ് അറസ്റ്റുചെയ്‌ത നടപടികൾ കേരള പൊലീസും ഭൂമാഫികളും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്നതാണ്. നിയമ വാഴ്ച്ച മരവിപ്പിച്ച് കിഴക്കൻ അട്ടപ്പാടിയിലെ ആദിവാസി ഭൂമിയും സർക്കാർ ഭൂമിയും റിയൽ എസ്റ്റേറ്റ് ലോബികൾ തട്ടിയെടുക്കുന്ന നടപടിക്ക് റവന്യൂവകുപ്പ് മന്ത്രിയും സി.പി.ഐ സംസ്ഥാന നേതൃത്വവും മൗനാനുവാദം നൽകുകയാണ്.
ആദിവാസി ഭൂമി കൈയേറാൻ റവന്യൂ, രജിസ്ട്രേഷൻ തുടങ്ങിയ വകുപ്പിലെ ഉദ്യോഗസ്ഥർ വ്യാജ ആധാരങ്ങളും റവന്യൂരേഖകളും ഉണ്ടാക്കാൻ സഹായക്കുകയാണ്. അന്യാധീനപ്പെട്ട ഭൂമി തിരിച്ചെടുക്കാനുള്ള 1975-ലെ നിയമ പ്രകാരം വ്യവഹാരം നടന്നുകൊണ്ടിരിക്കുന്ന ഭൂമിയിലും ഇപ്പോൾ വ്യാജ ആധാരങ്ങൾ ഉണ്ടാക്കുന്നു. നഞ്ചിയമ്മയുടെ ഭൂമി ഇത്തരത്തിൽപെട്ട ഒന്നാണ്. ടി.എൽ.എ കേസുകൾ നടന്നുകൊണ്ടിരിക്കുന്ന ഭൂമിയിൽ എങ്ങിനെ ആധാരങ്ങൾ നടന്നു എന്ന ന്യായമായ ചോദ്യമാണ് നഞ്ചിയമ്മ ചോദിക്കുന്നത്.
കെ.കെ. രമ എം.എൽ.എ യുടെ നേത്യത്വത്തിൽ നടന്ന വസ്‌തുതാന്വേഷണ സംഘത്തന്റെ റിപ്പോർട്ട് റവന്യൂ മന്ത്രിക്ക് സമർപ്പിച്ചിരുന്നു. ചീഫ് സെക്രട്ടറിയെയും രജിസ്ട്രേഷൻ മന്ത്രിയേയും അട്ടപ്പാടിയിലെ സ്ഥിതിവിശേഷം നേരിട്ട് ബോധ്യപ്പെടുത്തിയിരുന്നു. ഉന്നതതല സമിതിയെക്കൊണ്ട് ഉടനടി അന്വേഷിപ്പിക്കണമെന്ന് ഈ വർഷം ജനുവരി 17ന് ആവശ്യപ്പെട്ടതാണ്. നടപടിയെടുക്കുമെന്ന് വാഗ്ദാനം ചെയ്‌തിരുന്നെങ്കിലും റവന്യൂ മന്ത്രി നിശ്ശബ്ദത പാലിക്കുന്നു. സി.പി.ഐ നേതൃത്വവും നിഷ്‌ക്രിയത്വം പാലിക്കുന്നു.
ആദിവാസികൾക്ക് പതിച്ചു നൽകിയ ഭൂമിയിലും വനഭൂമിയിലും റിസോർട്ടുമാഫിയകൾ നടത്തുന്ന തുറന്ന കൈയേറ്റത്തിന്റെ വസ്‌തുതകളാണ് വസ്‌തുതാന്വേഷണ സംഘം ശ്രദ്ധയിൽപെടുത്തിയത്. ഇതിനകം 1000 ത്തിലേറെ കേസുകളിൽ ആധാരങ്ങൾ നടന്നതായി കണക്കാക്കപ്പെടുന്നു. മൂല ഗംഗൽ-വെച്ചപ്പതി മേഖലകൾ കൈയേറ്റത്തിന്റെ പുതിയ മേഖലകളാണ്. കിഴക്കൻ അട്ടപ്പാടിയിൽ അതിവിപുലമായ സ്വതന്ത്ര ടൂറിസം മേഖലക്ക് വേണ്ടി ഭൂമി വെട്ടിപ്പിടുത്തം നടത്തുന്നതെന്നും ഗീതാനന്ദൻ പറഞ്ഞു. ദലിത് - ആദിവാസി സ്ത്രീ - പൗരാവകാശ കൂട്ടായ്‌മ ചെയർമാൻ സി.എസ്. മുരളി, സി.ജെ. തങ്കച്ചൻ, എം.കെ. ദാസൻ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.