പ്രതിപക്ഷ പ്രതിഷേധം തുടരുന്നു: സഭ ഇന്നത്തേക്ക് പിരിഞ്ഞു
text_fieldsതിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശ വിഷയത്തിൽ പ്രതിപക്ഷം പ്രതിഷേധം തുടർന്നതോടെ നടപടികൾ പൂർത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ബഹളം വെച്ചതോടെ നടപടികൾ പൂർത്തിയാക്കി സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.
പ്രതിപക്ഷത്തിനു വേണ്ടി എം.എൽ.എ വി.ടി.ബൽറാമാണ് സഭയിൽ അടിയന്തരപ്രമേയം കൊണ്ടുവന്നത്. കോളജുകള്‍ തലവരിപ്പണം വാങ്ങി പ്രവേശനം നടത്തുന്നത് തടയണമെന്നും എം.എല്‍.എമാരുടെ സമരം അവസാനിപ്പിക്കാന്‍ ചര്‍ച്ചനടത്തണമെന്നും ബല്‍റാം അടിയന്തര പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പരിയാരം കോളജിലെ ഫീസ് കുറവു വരുത്തുകയും മറ്റു കോളജുകളുടെ ഫീസിന്‍റെ കാര്യത്തില്‍ പരിഹാരം കാണണമെന്നും വി.ടി ബല്‍റാം ഉന്നയിച്ചു. സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് അടിയന്തരപ്രമേയ നോട്ടിസീല്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു.
മാധ്യമങ്ങള്‍ തെളിവുസഹിതമാണു വാര്‍ത്ത പുറത്തുവിട്ടതെന്നും മുഖ്യമന്ത്രി പറയുന്നതുപോലെ തോന്നലല്ലെന്നും ബല്‍റാം പറഞ്ഞു. ഇക്കാര്യം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്താനാണു ശ്രമിക്കുന്നത്. മുതലാളിമാരെ വിമര്‍ശിക്കുമ്പോള്‍ ഭരണപക്ഷത്തിനും കൊള്ളുന്നതെന്തിനെന്നും ബൽറാം ചോദിച്ചു.
എന്നാൽ തുടര്‍ച്ചയായി മൂന്നു തവണയില്‍ കൂടുതല്‍ ഒരേ വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി നല്‍കുന്നത് ചട്ടവിരുദ്ധമാണെന്ന് സ്പീക്കര്‍ അറിയിച്ചു. പ്രമേയത്തിന് അവതരാണനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ബഹളം വെച്ച് സഭാ നടപടികൾ തടസപ്പെടുത്തി. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
വെള്ളിയാഴ്ചയും യു.ഡി.എഫ് എം.എല്‍.എമാര്‍ കറുത്ത ബാഡ്ജ് ധരിച്ചാണ് സഭയിലെത്തിയത്. ചോദ്യോത്തരവേളയിൽ തന്നെ പ്രതിപക്ഷ അംഗങ്ങളുടെ മുദ്രാവാക്യം വിളി തുടങ്ങിയിരുന്നു. പ്രതിപക്ഷം ചോദ്യോത്തര വേളയില്‍ പങ്കെടുത്തില്ല.
അതേസമയം, മാനേജ്മെന്റുകളെ സഹായിക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് (എം) അംഗങ്ങൾ സഭനിന്ന് ഇറങ്ങിപ്പോയി.
ശനിയാഴ്ചയും ഞായറാഴ്ചയും നിയമസഭ കൂടാത്ത സാഹചര്യത്തില്‍ പ്രതിപക്ഷ സമരം തിങ്കളാഴ്ച വരെ തുടരാനാണ് യു.ഡി.എഫ് തീരുമാനം. നിയമസഭ കൂടാത്ത ദിവസവും എം.എല്‍.എമാര്‍ നിയമസഭാ കവാടത്തില്‍ സമരം തുടരും. നിയമസഭയ്ക്ക് മുന്നില്‍ കക്ഷിനേതാക്കളുടെ സമരം ആരംഭിക്കുന്നതിനെ കുറിച്ചും യു.ഡി.എഫ് യോഗത്തില്‍ ചർച്ചചെയ്യും. സമരം ഒത്തുതീർക്കാൻ വ്യാഴാഴ്ച സ്പീക്കറുടെ നേതൃത്വത്തിൽ ചർച്ച നടന്നിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. ചർച്ചയിൽ മുഖ്യമന്ത്രി പെങ്കടുത്തിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.