ഗോവൻ ചലച്ചിത്രമേളയിൽ 'കേരള സ്റ്റോറി'ക്കെതിരെ പ്രതിഷേധിച്ചവരെ കസ്റ്റഡിയിലെടുത്തു; മേളയിൽനിന്ന് വിലക്കി
text_fieldsപനാജി: ഗോവയിൽ നടക്കുന്ന 54ാമത് ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ (ഐ.എഫ്.എഫ്.ഐ) സംഘ്പരിവാർ വിദ്വേഷ അജണ്ട പ്രചരിപ്പിക്കുന്ന വിവാദ ചിത്രം 'ദി കേരള സ്റ്റോറി' സിനിമയ്ക്കെതിരെ പ്രതിഷേധിച്ച മലയാളികളെ തടഞ്ഞും വിലക്കേർപ്പെടുത്തിയും പൊലീസ്. സോഫ്റ്റ്‌വെയർ എഞ്ചിനീയറും ചലച്ചിത്ര പ്രവർത്തകനുമായ ശ്രീനാഥിനെയും മാധ്യമപ്രവർത്തക അർച്ചന രവിയേയുമാണ് ഗോവ പൊലീസ് കസ്റ്റഡിയിലെടുത്തത്.
വ്യാജ ആരോപണങ്ങളും വിദ്വേഷവും പ്രചരിപ്പിക്കുന്ന ‘ദ കേരള സ്റ്റോറി’ സിനിമ മേളയിൽ പ്രദർശിപ്പിക്കുന്നതിനെതിരെയാണ് ഇരുവരും വിയോജിപ്പ് രേഖപ്പെടുത്തിയത്. എന്നാൽ തങ്ങളെ പൊലീസ് തടഞ്ഞുവയ്ക്കുകയും ഫെസ്റ്റിവൽ പാസ് പിടിച്ചുവാങ്ങുകയും മേളയിൽ നിന്ന് പുറത്താക്കുകയും വിലക്കേർപ്പെടുത്തുകയും ചെയ്തെന്ന് ശ്രീനാഥ് ഫേസ്ബുക്കിൽ കുറിച്ചു.
മേളയിൽ മുഖ്യധാരാ ഫീച്ചർ ഫിലിം വിഭാഗത്തിലാണ് 'കേരള സ്റ്റോറി' പ്രദർശിപ്പിക്കുന്നത്. ഹിന്ദു, ക്രിസ്ത്യൻ സമുദായത്തിൽപെട്ട ആയിരക്കണക്കിന് പെൺകുട്ടികളെ മുസ്‌ലിം ചെറുപ്പക്കാർ വിവാഹത്തിലൂടെ മതപരിവർത്തനം നടത്തുകയും തുടർന്ന് ഐസിസ് പോലുള്ള തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നുവെന്നുമാണ് സിനിമയിലെ അവകാശവാദം. സുദിപ്തോ സെൻ സംവിധാനം ചെയ്ത ചിത്രത്തിൽ ഉന്നയിക്കുന്നത് തെളിവുകളുടെ പിൻബലമില്ലാത്ത വെറും വ്യാജ ആരോപണങ്ങൾ മാത്രമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധം ശക്തമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.