പ്രതിഷേധക്കാർ മുഖ്യമന്ത്രി വാടകക്കെടുത്ത ക്രിമിനലുകൾ -ഗവർണർ
text_fieldsതേഞ്ഞിപ്പലം: പ്രതിഷേധം നടത്തുന്നവർ മുഖ്യമന്ത്രി വാടകക്കെടുത്ത ക്രിമിനലുകളാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്നെ ഭയപ്പെടുത്താൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് സർവകലാശാല ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഗവർണർ. എസ്.എഫ്.ഐ പ്രതിഷേധങ്ങൾക്കിടെയാണ് ഗവർണർ കാലിക്കറ്റ് കാമ്പസിലെത്തിയത്.
പുറത്തുനടക്കുന്ന പ്രതിഷേധങ്ങളെല്ലാം മുഖ്യമന്ത്രി സ്പോൺസർ ചെയ്യുന്നതാണ്. സംസ്ഥാനത്തെ പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനാണിത്. പെൻഷൻ നൽകാൻ പോലും സർക്കാറിന് സാധിക്കുന്നില്ല. കേരളം കടമെടുക്കുന്ന തുകയുടെ 83 ശതമാനവും ശമ്പളവും പെൻഷനും നൽകാനാണ് ചെലവിടുന്നത്. വെറും 17 ശതമാനമാണ് ഇവിടുത്തെ ജനങ്ങളിലേക്ക് എത്തുന്നത്. അതേസമയം, രാഷ്ട്രീയ നിയമനങ്ങൾ ഇഷ്ടം പോലെ നടക്കുകയാണ്.
എന്നെ ഭയപ്പെടുത്താമെന്ന് ആരും കരുതണ്ട. അങ്ങനെ ഭയപ്പെടുന്നയാളല്ല ഞാൻ. മുഖ്യമന്ത്രിയുടെ രീതി അതായിരിക്കാം. മുഖ്യമന്ത്രി കണ്ണൂരിൽ നിന്ന് വരുന്നയാളാണ്. പരസ്പരം കൊല്ലുന്ന ചരിത്രമുള്ളവരാണ് കണ്ണൂരിലേത്. കഴിഞ്ഞ ദിവസം ഞാൻ കാറിൽ നിന്നിറങ്ങിയതും എസ്.എഫ്.ഐക്കാർ ഓടി. കാരണം അവർ ക്രിമിനലുകളാണ് -ഗവർണർ പറഞ്ഞു.
കേരളത്തിൽ കാവിവത്കരണം നടക്കുന്നുണ്ടല്ലോയെന്ന ചോദ്യത്തിന് കേരളത്തിലാണ് ഏറ്റവും കൂടുതൽ ക്ഷേത്രങ്ങൾ ഉള്ളതെന്നും കാവി എന്നത് കണ്ണിന് കുളിർമയേകുന്നതാണെന്നും ഖുർആനിൽപോലും ഇതിനെപറ്റി പറഞ്ഞിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു.
ഡൽഹിയിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ ശേഷമാണ് തേഞ്ഞിപ്പലത്തെ സർവകലാശാല കാമ്പസിലേക്ക് ഗവർണർ വന്നത്. സ്ഥലത്ത് വൻ സുരക്ഷയാണ് പൊലീസ് ഒരുക്കിയത്. ഗവർണർ താമസിക്കുന്ന ഗസ്റ്റ് ഹൗസിന് പുറത്ത് എസ്.എഫ്.ഐ നേതൃത്വത്തിൽ പ്രതിഷേധം തുടരുകയാണ്.
നേരത്തെ, സർവകലാശാല ഗസ്റ്റ്ഹൗസ് ഉപരോധിച്ച എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയുടെ നേതൃത്വത്തിലാണ് ഉപരോധസമരം തുടങ്ങിയത്. സർവകലാശാല പ്രവേശന കവാട ഭാഗത്ത് നിന്ന് ഒരുവിഭാഗം എസ്.എഫ്.ഐ പ്രവർത്തകരും മറുവശത്ത് നിന്ന് മറ്റൊരു വിഭാഗവും പ്രകടനവുമായി എത്തിയാണ് സമരം തുടങ്ങിയത്. പ്രവർത്തകരെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കി.
സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് കനത്ത കാവലാണൊരുക്കിയത്. മലപ്പുറം ജില്ലയിലെ ഒട്ടുമിക്ക പൊലീസ് സ്റ്റേഷനുകളിൽ നിന്നും പാലക്കാട്, തൃശൂർ ജില്ലകളിൽ നിന്നുമായി 500 ഓളം പൊലീസ് ഉദ്യോഗസ്ഥരെയാണ് സർവകലാശാല കാമ്പസിൽ വിന്യസിച്ചത്. സർവകലാശാല പ്രധാന പ്രവേശന കവാടം, ഗവർണർ താമസിക്കുന്ന ഗസ്റ്റ് ഹൗസ് എന്നിവിടങ്ങളിലാണ് കൂടുതൽ പൊലീസ് സേനയെ നിയോഗിച്ചത്. കൊണ്ടോട്ടി ഡിവൈ.എസ്.പി മൂസ വള്ളിക്കാടൻ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ഗംഗാധരൻ എന്നിവരുടെ നേതൃത്വത്തിലാണ് സേനാ വിന്യാസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.