വിമാനത്തില്‍ പ്രതിഷേധക്കാരെത്തിയത് മദ്യപിച്ച്; മുഖ്യമന്ത്രിയെ ആക്രമിക്കാനും ശ്രമം -ഇ.പി ജയരാജന്‍
text_fieldsതിരുവനന്തപുരം: വിമാനത്തില്‍ പ്രതിഷേധക്കാരെത്തിയത് മദ്യപിച്ചാണെന്ന് എൽ.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ചവരെ നേരിട്ട സംഭവത്തില്‍ വിശദീകരണം നൽകുകയായിരുന്നു അദ്ദേഹം. മുദ്രാവാക്യം വിളിക്കുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നാക്ക് കുഴയുന്നുണ്ടായിരുന്നു. എഴുന്നേല്‍ക്കാന്‍ പോലും വയ്യാത്ത അവസ്ഥയിലായിരുന്നു. മുഖ്യമന്ത്രിയെ ആക്രമിക്കാനും ശ്രമമുണ്ടായി. അവർ അദ്ദേഹത്തിനെതിരെ നീങ്ങിയപ്പോൾ തടഞ്ഞുനിർത്തുകയായിരുന്നു. പ്രതിഷേധക്കാരുടേത് ഭീകരപ്രവർത്തനമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധക്കാരെ എൽ.ഡി.എഫ് കണ്‍വീനര്‍ തള്ളിമാറ്റുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
മുഖ്യമന്ത്രിക്കൊപ്പം യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്‍റ് ഫർസിൻ മജീദ്, ജില്ല സെക്രട്ടറി ആർ.കെ നവീൻ കുമാർ തുടങ്ങിയവരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരിലൊരാൾ കറുത്ത കുപ്പായമാണ് ധരിച്ചിരുന്നത്. ഇവരെ സംശയ സാഹചര്യത്തിൽ വിമാനത്താവളത്തിൽ കണ്ടപ്പോൾ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍, ആർ.സി.സിയിൽ രോഗിയെ കാണാൻ പോകുന്നെന്നാണ് ഇവർ പറഞ്ഞത്. തിരുവനന്തപുരത്തേക്ക് പോകാനുള്ള ടിക്കറ്റ് കൈവശമുണ്ടായിരുന്നത് കൊണ്ടും ചോദ്യം ചെയ്തതിൽ മറ്റ് പ്രശ്നങ്ങൾ ഇല്ലെന്ന് മനസ്സിലായത് കൊണ്ടുമാണ് ഇവരെ യാത്ര ചെയ്യാൻ അനുവദിച്ചതെന്നും പൊലീസ് പറഞ്ഞു. രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം നൽകിയതായി എയർപോർട്ട് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.