ആറാട്ടുപുഴയിൽ കരിമണലിന് വീണ്ടും 'ചൂടുപിടിക്കുന്നു'
text_fieldsആറാട്ടുപുഴ: ആറാട്ടുപുഴയുടെ തീരത്തെ കരിമണലിന് വീണ്ടും ചൂടുപിടിക്കുന്നു. ഏറെ നാളുകൾക്കുശേഷം കരിമണൽ ഖനനത്തിനെതിരായ സമരം ആറാട്ടുപുഴയിൽ വീണ്ടും ശക്തിപ്രാപിക്കുകയാണ്. കായംകുളം പൊഴിയുടെ ആഴം കൂട്ടുന്നതിെൻറ മറവിൽ ആറാട്ടുപുഴയിൽ കരിമണൽ ഖനനം ആരംഭിച്ച ഘട്ടത്തിലാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്.
പഞ്ചായത്തിെൻറ നിരോധനാജ്ഞ ലംഘിച്ച് പ്ലാൻറ് സ്ഥാപിച്ചാണ് വലിയഴീക്കലിൽ ധാതുമണൽ വേർതിരിക്കുന്ന പ്രവർത്തനം നടക്കുന്നത്. ഇടതുമുന്നണിയുടെ നേതൃത്വത്തിെല പഞ്ചായത്ത് ഭരണസമിതി ഈ വിഷയത്തിൽ എന്ത് നിലപാട് എടുക്കുമെന്ന് ജനം ഉറ്റുനോക്കുകയാണ്.
ഐ.ആർ.ഇയിലേക്ക് മണൽ കയറ്റി കൊണ്ടുപോകുന്ന ലോറികൾ തടഞ്ഞ് കോൺഗ്രസ് തുടങ്ങിവെച്ച സമരം ജനകീയപ്രക്ഷോഭമായി മാറുകയാണ്. നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിയതോടെ കരിമണൽ വിഷയം മുഖ്യ ചർച്ചവിഷയമാകുന്നത് ഇടതുമുന്നണിക്ക് തലവേദനയാകും. അതുകൊണ്ടുതന്നെ കരിമണൽ വിഷയത്തിൽ പാർട്ടികൾ എടുക്കുന്ന നിലപാടുകൾ നിർണായകമാണ്.
2001-06 വർഷത്തെ ഉമ്മൻ ചാണ്ടി സർക്കാറിെൻറ കാലത്താണ് കരിമണൽ ഖനനം തീരത്ത് ചർച്ചാവിഷയമാകുന്നത്. ആറാട്ടുപുഴയിലെ വലിയഴീക്കൽ മുതൽ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ തോട്ടപ്പള്ളി വരെ സ്വകാര്യകമ്പനിക്ക് ഖനനത്തിന് നൽകാനുള്ള 2003 ഏപ്രിൽ 30ന് പുറപ്പെടുവിച്ച വ്യവസായ വകുപ്പിെൻറ ഉത്തരവ് തീരത്തെ പ്രക്ഷുബ്ധമാക്കി.
ആലപ്പുഴ എം.പിയായിരുന്ന വി.എം. സുധീരൻ സമരത്തിെൻറ നേതൃത്വം ഏറ്റെടുത്ത് മുന്നോട്ടുവന്നതോടെ ഖനനവിരുദ്ധ സമരം ശക്തിപ്രാപിക്കുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ, തുടക്കത്തിൽ മൗനംപാലിച്ച സി.പി.എം ജനരോഷം ഭയന്ന് സമരത്തോടൊപ്പം ചേർന്നു. പ്രതിഷേധം ജില്ല മുഴുവൻ ആഞ്ഞടിച്ചു. കരിമണൽ വിരുദ്ധ സമരത്തിനുമുന്നിൽ പിടിച്ചുനിൽക്കാനാകാതെ സർക്കാറിന് ഉത്തരവ് പിൻവലിക്കേണ്ടിവന്നു. ശേഷവും ഖനനത്തിന് പലവിധ ശ്രമങ്ങൾ നടന്നെങ്കിലും ജനരോഷത്തിൽ പരാജയപ്പെട്ടു.
കായംകുളം പൊഴിമുഖം ജലയാനങ്ങൾക്ക് കടന്നുവരാൻ പാകത്തിൽ ആഴം കൂട്ടുന്ന പ്രവർത്തനം ചവറ ഐ.ആർ.ഇയുടെ നേതൃത്വത്തിൽ കഴിഞ്ഞ കുറെ മാസങ്ങളായി നടന്നുവരുകയാണ്. തോട്ടപ്പള്ളിയിലും സമാനരീതിയിൽ ആഴംകൂട്ടൽ നടത്തുന്നുണ്ട്. ആറാട്ടുപുഴയുടെ ഹെക്ടറുകണക്കിന് തീരം കരിമണൽ ഖനനത്തിന് സ്വകാര്യകമ്പനികൾ വാങ്ങിക്കൂട്ടിയിട്ട് വർഷങ്ങളായി. ഇവിടെ ഖനനം നടത്താൻ ഒളിഞ്ഞും തെളിഞ്ഞും ശ്രമം നടത്തിവരുകയാണ്.
ആറാട്ടുപുഴയുടെ ദുർബല പാരിസ്ഥിതികഘടനയിൽ പൊതുമേഖലയിലും സ്വകാര്യമേഖലയിലും കരിമണൽ ഖനനം പാടില്ലെന്ന നിലപാടാണ് എല്ലാ പാർട്ടികളും മുമ്പ് സ്വീകരിച്ചത്. എന്നാൽ, എല്ലാ പാർട്ടികളിലെയും ഒരുവിഭാഗം ഖനനത്തിന് അനുകൂലമാണ്. കായംകുളം പൊഴിയിലെ ആഴംകൂട്ടലിലൂടെ തീരത്ത് കരിമണൽ ഖനനം നടത്താനുള്ള നീക്കമാണെന്ന സംശയമാണ് ഖനനവിരുദ്ധർക്കുള്ളത്. സംശയം ബലപ്പെടുത്തുന്ന നടപടികളും നിലവിലെ ഖനനപ്രവർത്തനങ്ങളിൽ ഉണ്ടാകുന്നുമുണ്ട്.
അതുകൊണ്ടാണ് ചട്ടംലംഘിച്ചുള്ള പ്രവർത്തനങ്ങൾ ഉണ്ടാകുമ്പോൾ പ്രതിഷേധം ശക്തമാകുന്നത്. വലിയഴീക്കൽനിന്ന് ചവറ ഐ.ആർ.ഇയിലേക്ക് മണൽ കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന നിലപാടിൽ ലോറികൾ തടഞ്ഞ് കോൺഗ്രസ് തുടങ്ങിവെച്ച സമരം നാട്ടുകാർ ഏറ്റെടുക്കുന്ന സ്ഥിതിയിലേക്ക് മാറുകയാണ്. പ്രകോപനം ഉണ്ടായാൽ സമരം കൂടുതൽ ശക്തമാകുമെന്ന ആശങ്ക അധികാരികൾക്കുണ്ട്. തെരഞ്ഞെടുപ്പ് അടുത്തതിനാൽ സമവായത്തിെൻറ മാർഗമാണ് അധികാരികൾ സ്വീകരിക്കുന്നത്.
എന്നാൽ, തീരവാസികളുടെ പിന്തുണ ലഭിക്കുന്ന വിഷയമായതിനാൽ സമരവുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിലാണ് കോൺഗ്രസ്. ബി.ജെ.പിയും സമരരംഗത്ത് ശക്തമാകാനുള്ള നീക്കം തുടങ്ങിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.