ഗവർണർക്കെതിരായ പ്രതിഷേധം; എസ്.എഫ്.ഐ നേതാക്കൾക്കെതിരെ കേസ്; നാലു പേർ അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: കേരള സർവകലാശാല ആസ്ഥാനത്ത് ഗവർണർ എത്തിയതിൽ പ്രതിഷേധിച്ച എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ, പ്രസിഡന്‍റ് അനുശ്രീ, നേതാക്കളായ അഫ്‌സൽ, സിജോ, ആദർശ് എന്നിവരുൾപ്പെടെ കണ്ടാലറിയാവുന്ന നൂറിലേറെപ്പേർക്കെതിരെയാണ് കന്‍റോൺമെന്‍റ് പൊലീസ് കേസെടുത്തത്. അന്യായമായി സംഘംചേരൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ അടക്കം കുറ്റങ്ങളാണ് ചുമത്തിയത്.
കേസിൽ എസ്.എഫ്.ഐ പ്രവർത്തകരായ ആദർശ്, എവിനാൾ, ജയകൃഷ്‌ണൻ, അനന്തു എന്നിവരെ രാത്രി വൈകി പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. സർവകലാശാല സംസ്കൃത വിഭാഗം സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ചാൻസലർകൂടിയായ ഗവർണർ.
വി.സി നിയമനത്തിൽ ഗവർണർ സ്വന്തംനിലയിൽ തീരുമാനമെടുക്കുന്നതിലും സർവകലാശാല യൂനിയന്‍റെ സത്യപ്രതിജ്ഞക്ക് അനുമതി നൽകാത്തതിലുമായിരുന്നു എസ്.എഫ്.ഐ പ്രതിഷേധം. വലിയ സുരക്ഷ സന്നാഹങ്ങളുണ്ടായിരുന്നിട്ടും സെമിനാർ നടക്കുന്ന സെനറ്റ് ഹാളിനു സമീപംവരെ എത്തി പ്രവർത്തകർ പ്രതിഷേധിച്ചു. സുരക്ഷാവീഴ്‌ചയിൽ ഗവർണർ അതൃപ്‌തി പ്രകടിപ്പിക്കുകയും പൊലീസിനെ രൂക്ഷഭാഷയിൽ വിമർശിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.