'കേരള സ്റ്റോറി'ക്കെതിരെ പ്രതിഷേധം കനക്കുന്നു
text_fieldsന്യൂഡൽഹി: കേരളത്തെ കരിവാരിത്തേക്കുന്ന 'കേരള സ്റ്റോറി' സിനിമ ടീസറിനെതിരെ നടപടി ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്ക് പരാതി നൽകിയ തമിഴ് മാധ്യമപ്രവർത്തകൻ അരവിന്ദാക്ഷൻ, കേരളത്തെ ഭീകരവാദ നാടാക്കി ചിത്രീകരിക്കാനുള്ള അപകടകരമായ നീക്കമാണ് ഇതെന്ന് മുന്നറിയിപ്പ് നൽകി. അത് തടയാനാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന് താൻ പരാതി നൽകിയതെന്നും അരവിന്ദാക്ഷൻ പറഞ്ഞു. അരവിന്ദാക്ഷൻ പരാതി നൽകുകയും സിനിമ നിരോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെടുകയും ചെയ്തതിന് പിന്നാലെ സി.പി.എം എം.പി ജോൺ ബ്രിട്ടാസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തയച്ചു.
കേരളത്തിലെ 32,000 സ്ത്രീകൾ മതം മാറി ഭീകരസംഘടനയിൽ ചേർന്നുവെന്നത് അവിശ്വസനീയമായ കഥയാണെന്ന് വിവാദ 'കേരള സ്റ്റോറി' ട്രെയിലറിനെതിരെ കേരള മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയ മാധ്യമ പ്രവർത്തകൻ അരവിന്ദാക്ഷൻ പറഞ്ഞു. ഇത് അത്യന്തം അപകടകരവും തെറ്റായതുമായ വിവരമാണ്. ട്രെയിലറിൽ പറഞ്ഞ കണക്ക് ശരിയാകണമെങ്കിൽ ഒരു ദിവസം ഒമ്പത് പേരെങ്കിലും മതം മാറി ഐസിസിൽ പോയിരിക്കണം. ഇൗ സിനിമ പുറത്തുവന്നാൽ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ പരാജയമായിട്ടാണത് മനസിലാക്കുക. കേരളത്തെ ഭീകരവാദ നാടാക്കി ചിത്രീകരിക്കാനുള്ള അപകടകരമായ നീക്കമാണ് ഇതെന്നും അരവിന്ദാക്ഷൻ പറഞ്ഞു.
സംഘ് പരിവാറിന് വേണ്ടി കേരളത്തെ കുറിച്ച് തെറ്റായ വിവരം പ്രചരിപ്പിക്കുന്ന 'കേരള സ്റ്റോറി' നിരോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി കൈമാറിയ പരാതിയിൽ കേരള പൊലീസ് കേസിന് തുടക്കമിട്ടതിനിടെ അടിയന്തിര നടപടി ആവശ്യപ്പെട്ട് സി.പി.എം രാജ്യസഭാ എം.പി ജോൺ ബ്രിട്ടാസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തയച്ചു. സാമൂഹിക മാധ്യമങ്ങളിലുടെ വ്യാപകമായി പ്രചരിപ്പിച്ച 'കേരള സ്റ്റോറി' ട്രെയിലർ ദേശീയ ഐക്യത്തിനും മതേതരത്വത്തിനും സൗഹാർദത്തിനും ഭീഷണിയാണെന്ന് ബ്രിട്ടാസ് കത്തിൽ വ്യക്തമാക്കി. നവംബർ മൂന്നിന് യൂടൂബിലൂടെ റിലീസ് ചെയ്ത, വിപുൽ അമൃത്‍ലാൽ ഷാ എഴുതി സുദിപ്തോ സെൻ സംവിധാനം ചെയ്ത 'കേരള സ്റ്റോറി' സിനിമ ട്രെയിലറിൽ 32,000 സ്ത്രീകൾ ഇസ്‍ലാമിലേക്ക് മതപരിവർത്തനം ചെയ്ത് ഐസിസിൽ ചേർന്നുവെന്ന അവകാശവാദം ഭ്രമജനകമാണെന്ന് ബ്രിട്ടാസ് പറഞ്ഞു. കേരളത്തിലും രാജ്യത്തും വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ അവിശ്വാസത്തിന്റെ വിത്തുവിതക്കുകയും ശത്രുതയുണ്ടാക്കുകയും ചെയ്യുന്ന ടീസറിനെതിരെ ഉടനടി നടപടി വേണമെന്ന് ജോൺ ബ്രിട്ടാസ് അമിത് ഷായോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.