'ജനമനസ്സുകളിലാണ് പി.ജെ'; സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം
text_fieldsകണ്ണൂർ: സി.പി.എം നേതാവ് പി. ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്താത്തതിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം. പി. ജയരാജൻ ഇത്തവണ സെക്രട്ടേറിയറ്റില്‍ ഇല്ല. പക്ഷേ, ജനങ്ങളോടൊപ്പമുണ്ട്, സ്ഥാനമാനങ്ങളിലല്ല ജനഹൃദയങ്ങളിലാണ് പി.ജെയുടെ സ്ഥാനമെന്നും റെഡ് ആർമി ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റിൽ പറയുന്നു. നേരത്തെ പി.ജെ ആര്‍മിയെന്ന പേരില്‍ സജീവമായിരുന്ന ഈ പേജ് പാര്‍ട്ടി ഇടപെടലിലാണ് റെഡ് ആര്‍മിയെന്ന് പേര് മാറ്റിയത്.
വ്യക്തികളെ പ്രകീര്‍ത്തിക്കുന്ന തരത്തില്‍ പോസ്റ്റ് ഇടരുതെന്ന് നിര്‍ദേശമുണ്ടായെങ്കിലും ഇതൊന്നും കണക്കിലെടുക്കാതെയാണ് 43,000 അംഗങ്ങളുള്ള പേജ് പി. ജയരാജന് വീണ്ടും പരസ്യപിന്തുണ നല്കി രംഗത്തുവന്നത്. നിരവധി കമന്റുകളും ഷെയറുകളുമാണ് പോസ്റ്റിന് ലഭിച്ചത്.
അതേസമയം, വിവാദങ്ങളോട് ജയരാജൻ പ്രതികരിച്ചില്ല. പൊതുപ്രവർത്തകർക്ക് എന്തുപദവി ലഭിക്കുമെന്നതല്ല സ്വീകരിക്കുന്ന നിലപാടാണ് പ്രധാനമെന്നും തനിക്ക് അനുകൂലമായിവന്ന ഫേസ്ബുക്ക് പേജിലെ പോസ്റ്റ് കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പി.ജെ ആര്‍മി എന്ന ഫേസ്ബുക്ക് പേജിലെ പോസ്റ്റുകളും പുകഴ്ത്തുപാട്ടുകളും ഫ്ലക്സ് ബോര്‍ഡുകളും അടക്കമുള്ള കാര്യങ്ങളാണ് ജയരാജൻ വ്യക്തിപ്രഭാവം ഉയർത്താൻ ശ്രമിച്ചുവെന്ന ആരോപണത്തിന് കാരണമായത്. ഈ വിഷയത്തിൽ സംസ്ഥാന സമിതിയുടെ നിർദേശപ്രകാരം മൂന്നംഗ കമീഷനെ നിയമിച്ച് അന്വേഷണം നടത്തിയെങ്കിലും വ്യക്തിപ്രഭാവം ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ച കാര്യത്തില്‍ ജയരാജന് നേരിട്ട് പങ്കില്ലെന്ന നിഗമനത്തിലെത്തിയിരുന്നു. ഇത്തരത്തിലുള്ള പോസ്റ്റുകളും ഇടപെടലുകളും പാടില്ലെന്നും ഫേസ്ബുക്ക് പേജുമായി തനിക്ക് ബന്ധമില്ലെന്നും ജയരാജൻ പറഞ്ഞിരുന്നു. ഒരിടവേളക്ക് ശേഷമാണ് ജയരാജനെ പരസ്യമായി പിന്തുണച്ചുകൊണ്ടുള്ള പോസ്റ്റുകൾ റെഡ് ആർമി പേജിൽ വീണ്ടും പ്രത്യക്ഷപ്പെട്ടത്. പി. ജയരാജൻ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇല്ലെന്ന് അറിഞ്ഞതുമുതല്‍ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ആരംഭിച്ചിരുന്നു.
'ആരൊക്കെ തള്ളിപ്പറഞ്ഞാലും എന്നും എപ്പോഴും ഇടനെഞ്ചിൽ തന്നെയെന്ന്' ജയരാജന്റെ മകൻ ജെയിൻരാജ് ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റും നിരവധിപേർ പങ്കുവെച്ചു. 1998 മുതൽ സംസ്ഥാന കമ്മിറ്റി അംഗമായ ജയരാജനെ ഇത്തവണയും സെക്രട്ടേറിയറ്റിലേക്ക് പരിഗണിക്കാത്തത് അണികൾക്കിടയിൽ ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.