ഇന്നുമുതൽ വിഴിഞ്ഞത്ത് സമരം കടലിലും
text_fieldsതിരുവനന്തപുരം: വിഴിഞ്ഞത്ത് അദാനിയുടെ വാണിജ്യ തുറമുഖ നിർമാണത്തിനെതിരായി സമരസമിതി നടത്തുന്ന ഉപരോധസമരം ഇന്നുമുതൽ കടലിലേക്കും വ്യാപിപ്പിക്കും.
കടൽ മാർഗവും നാളെ വിഴിഞ്ഞം തുറമുഖ നിർമാണ സ്ഥലം ഉപരോധിക്കാനാണ് സമരസമിതിയുടെ തീരുമാനം. പൂന്തുറ ഇടവകയുടെ നേതൃത്തിലാണ് കടൽ മാർഗം തിങ്കളാഴ്ച തുറമുഖം വളയുക. ചെറിയതുറ, സെന്റ്സേവ്യഴ്സ്, ചെറുവെട്ടുകാട് ഇടവകകളുടെ നേതൃത്വത്തിൽ മുല്ലൂരിലെ തുറമുഖ കവാടവും ഉപരോധിക്കും.
സമരക്കാരുടെ ആവശ്യങ്ങൾ ചർച്ച ചെയ്യുന്നതിന് മന്ത്രിസഭാ ഉപസമിതിയും ഇന്ന് യോഗം ചേരുന്നുണ്ട്. പുനരധിവാസത്തിന് കൂടുതൽ ഭൂമി കണ്ടെത്തുന്നതും ക്യാമ്പുകളിലുള്ളവരെ വാടക വീടുകളിലേക്ക് മാറ്റുന്നതും അടക്കം കാര്യങ്ങൾ നടപ്പാക്കുന്നത് ഉപസമിതി ചർച്ച ചെയ്യും.
ഇന്ന് വിഴിഞ്ഞത്തെ സമരവേദിയിൽ മതാധ്യാപകരുടെ നേതൃത്വത്തിൽ സമര വേദിയിൽ പ്രാർഥനദിനം ആചരിച്ചാണ് സമരം. തിരുവനന്തപുരം ലത്തീൻ അതിരൂപതക്ക് കീഴിലെ എല്ലാ മതബോധന കേന്ദ്രങ്ങളിലെയും അധ്യാപകരുടെ നേതൃത്വത്തിലാണ് ഇന്ന് സമരവേദിയിൽ പ്രാർഥനദിനം ആചരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസവും ബാരിക്കേഡുകൾ മാറ്റി സമരക്കാർ പദ്ധതി പ്രദേശത്തിനകത്തേക്ക് കയറി കൊടിനാട്ടിയിരുന്നു. ഫിഷറീസ് മന്ത്രിയുമായി ലത്തീൻ അതിരൂപത പ്രതിനിധികൾ നടത്തിയ ചർച്ചയിൽ അഞ്ച് ആവശ്യങ്ങളിൽ സമവായത്തിലെത്തിയിരുന്നു.
മന്ത്രിതല ചർച്ചയിൽ തൃപ്തിയുണ്ടെങ്കിലും മുഖ്യമന്ത്രിയുമായുള്ള ചർച്ച നടക്കുംവരെ സമരം തുടരാനാണ് ലത്തീൻ അതിരൂപതയുടെ തീരുമാനം. തുറമുഖ നിർമാണം നിർത്തിവെച്ച് പഠനം നടത്തുക, സബ്സിഡി നിരക്കിൽ മണ്ണെണ്ണ നൽകുക എന്നീ ആവശ്യങ്ങളിൽ മുഖ്യമന്ത്രി ചർച്ച നടത്തണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.