'കൊല്ലത്തും തിരുവനന്തപുരത്തുമില്ല, മുകേഷ് എവിടെ..?'; വീടിന് പൊലീസ് കാവൽ; വിടാതെ പ്രതിപക്ഷം
text_fieldsതിരുവനന്തപുരം: നടിമാരുടെ വെളിപ്പെടുത്തലുകളിൽ പ്രതിക്കൂട്ടിലായ നടനും എം.എൽ.എയുമായ മുകേഷിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പരാതിയിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ രാജിക്കായുള്ള പ്രതിപക്ഷ പ്രതിഷേധം കനത്തു. എം.എൽ.എയുടെ തിരുവനന്തപുരത്തെ വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തി. മെഡിക്കൽ കോളജ് പൊലീസാണ് സുരക്ഷ നൽകുന്നത്. എന്നാൽ തിരുവനന്തപുരത്തുള്ള വീട്ടിൽ മുകേഷ് ഇല്ലെന്ന വിവരമാണ് ലഭിക്കുന്നത്.
നടി കേസുമായി മുന്നോട്ടുപോയതോടെ മുകേഷ് കൊല്ലത്തുനിന്ന് മാറിയതായാണ് വരുന്ന റിപ്പോർട്ടുകൾ. കൊല്ലം പട്ടത്താനത്തുള്ള വീട്ടിലേക്കും പ്രതിപക്ഷ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ലൈംഗികാതിക്രമ പരാതിയില്‍ മരട് പൊലീസാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്. നടൻ ലൈംഗികാതിക്രമം നടത്തിയതായി നടി പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കിയിരുന്നു.
കഴിഞ്ഞ 26-ാം തീയതിയാണ് മുകേഷ് ഉൾപ്പെടെ സിനിമാ മേഖലയിലെ ഏഴ് പേര്‍ക്കെതിരെ നടി ആരോപണം ഉന്നയിച്ചത്. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം നടിയുടെ മൊഴി രേഖപ്പെടുത്തി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
ഭാരതീയ നിയമസംഹിത 354 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. അമ്മയിൽ അംഗത്വം ലഭിക്കണമെങ്കിൽ തനിക്ക് ലൈംഗികമായി വഴങ്ങണമെന്ന് മുകേഷ് ആവശ്യപ്പെട്ടതായാണ് നടിയുടെ ആരോപണം. താനറിയാതെ മലയാള സിനിമയില്‍ ഒന്നും നടക്കില്ലെന്ന് മുകേഷ് പറഞ്ഞതായി നടിയുടെ മൊഴിയിലുണ്ട്. എന്നാൽ, രാഷ്ട്രീയപരമായ ആരോപണമാണ് തനിക്കെതിരെയെന്നും നടി മുമ്പ് തന്നെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ചുവെന്നും മുകേഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.