ഡോക്ടർമാർക്കും മജിസ്ട്രേറ്റുമാർക്കും മുന്നിൽ പ്രതികളെ ഹാജരാക്കുന്ന പ്രോട്ടോകോൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കണം -ഹൈകോടതി
text_fieldsകൊച്ചി: ഡോക്ടർമാർക്കും മജിസ്ട്രേറ്റുമാർക്കും മുന്നിൽ പ്രതികളെ ഹാജരാക്കുമ്പോൾ പാലിക്കേണ്ട പ്രോട്ടോകോൾ യുദ്ധകാലാടിസ്ഥാനത്തിൽ തയാറാക്കി നടപ്പാക്കണമെന്ന് ഹൈകോടതി. ഇതിന് സർക്കാർ രണ്ടാഴ്‌ചകൂടി സമയം തേടിയെങ്കിലും വൈകിക്കാനാകില്ലെന്ന് പറഞ്ഞ ഹൈകോടതി, 25ന് നടപടികളുടെ പുരോഗതി അറിയിക്കാനും നിർദേശിച്ചു. ഡോ. വന്ദനദാസ് കുത്തേറ്റു മരിച്ച സംഭവത്തെത്തുടർന്ന് സ്വമേധയാ പരിഗണിക്കുന്ന ഹരജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റെ നിർദേശം.
ആരോഗ്യപ്രവർത്തകർ ഭീതിയിലായാൽ ആശുപത്രികളുടെ പ്രവർത്തനം എങ്ങനെ നടക്കുമെന്ന് ഹൈകോടതി ചോദിച്ചു. ഹൗസ് സർജൻമാരെ രാത്രി ഡ്യൂട്ടിക്ക് മാതാപിതാക്കൾ എങ്ങനെ വിടും? രോഗികളും ഒപ്പമെത്തുന്നവരും നിയമം കൈയിലെടുക്കുന്നു. വന്ദന കൊല്ലപ്പെട്ട സംഭവത്തിനുശേഷവും സമാന ആക്രമണങ്ങളുണ്ടായി. പൊലീസ് ഹാജരാക്കിയ കുട്ടിക്കുറ്റവാളി മജിസ്ട്രേറ്റിന് മുന്നിൽ ആത്മഹത്യക്കു ശ്രമിച്ചതും കോടതി ചൂണ്ടിക്കാട്ടി. പ്രോട്ടോകോൾ അന്തിമമാക്കുംമുമ്പ് ഡോക്ടർമാരുടെയും ജുഡീഷ്യൽ ഓഫിസർമാരുടെയും സംഘടനകളുടെയും അഭിപ്രായം തേടുന്നത് ഉചിതമാണെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു.
ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ ഓർഡിനൻസ് കൊണ്ടുവരുന്നതു സംബന്ധിച്ച് സർക്കാർ വിശദീകരിച്ചു. എന്നാൽ, ആശുപത്രികളിൽ സ്വകാര്യവ്യക്തികളുണ്ടാക്കുന്ന സംഘർഷങ്ങളെക്കാൾ പൊലീസ് ഹാജരാക്കുന്ന പ്രതികളുടെ കാര്യത്തിലുള്ള പ്രോട്ടോകോളാണ് ചർച്ച ചെയ്യുന്നതെന്ന് കോടതി പറഞ്ഞു. ഡോക്ടർമാർക്കും മജിസ്ട്രേറ്റുമാർക്കും മുന്നിൽ പ്രതികളെ ഹാജരാക്കുമ്പോൾ പൊലീസ് ജാഗ്രത പാലിക്കണം. രാത്രി പ്രതികളെ വീട്ടിൽ ഹാജരാക്കുമ്പോൾ ഭയമാണെന്ന് ചില ജുഡീഷ്യൽ ഓഫിസർമാർ പറഞ്ഞിട്ടുണ്ട്. കെ.ജി.എം.ഒ.എ, കേരള ജുഡീഷ്യൽ ഓഫിസേഴ്‌സ് അസോസിയേഷൻ എന്നിവരെ ഹരജിയിൽ കക്ഷിചേർത്ത കോടതി, ഹരജി 25ലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.