കരിപ്പൂർ വിമാന ദുരന്തം: മരിച്ച സഹ പൈലറ്റിന്‍റെ ഭാര്യക്ക് ജോലി നൽകണമെന്ന് മാതാപിതാക്കൾ
text_fieldsമഥുര: കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച സഹ പൈലറ്റ് അഖിലേഷ് കുമാറിന്‍റെ ഭാര്യക്ക് ജോലി നൽകണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ടു. ഞായറാഴ്ച രാവിലെയോടെ വീട്ടിലെത്തിച്ച അഖിലേഷിന്‍റെ മൃതദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ സാമൂഹിക അകലം പാലിച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും എത്തിയിരുന്നു.
'അവന്‍റെ ഭാര്യ മേഘ ഗർഭിണിയാണ്. ഭാവിയിൽ കുഞ്ഞിനെ പരിപാലിക്കണമെങ്കിൽ ഭാര്യക്ക് ജോലി നൽകണം. സർക്കാർ ജോലി നൽകുമെന്നാണ് കരുതുന്നത്. അവൾക്ക് ഇനിയാരും തുണയില്ല'- മാതാപിതാക്കൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഞായറാഴ്ച പുലർച്ചെ 2.25ഓടെയാണ് അഖിലേഷിന്‍റെ മൃതദേഹം കൊച്ചിയിൽനിന്ന് ഡൽഹി വിമാനത്താവളത്തിലെത്തിച്ചത്. തുടർന്ന് സ്വദേശമായ മഥുരയിലെ വീട്ടിലേക്ക് കൊണ്ടുപോയി. 200ഓളം എയർ ഇന്ത്യ ജീവനക്കാരും അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിച്ചു.
ഗർഭിണിയായ ഭാര്യയെ തനിച്ചാക്കിയായിരുന്നു അഖിലേഷ് കുമാർ മരണത്തിന് കീഴടങ്ങിയത്. 2017 ഡിസംബറിലായിരുന്നു വിവാഹം. രണ്ട് സഹോദരന്മാരും സഹോദരിയും മാതാപിതാക്കളുമുണ്ട്. ലോക്ഡൗണിന് മുമ്പ് അദ്ദേഹം മഥുര സന്ദർശിച്ചിരുന്നു. 2017 ലാണ് അഖിലേഷ് എയർ ഇന്ത്യയിൽ എത്തിയത്. വന്ദേ ഭാരത് മിഷെൻറ ആദ്യ ഘട്ടത്തിൽ ഭാഗഭാക്കായ അദ്ദേഹം മേയിൽ കോഴിക്കോട്-ദുബായ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ആദ്യ ഉദ്യോഗസ്ഥനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.