ഗ്രാമീണ സ്‌കൂളുകളിലും ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സൗകര്യമൊരുക്കി -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങളുടെ യഥാര്‍ഥ ഗുണഭോക്താക്കള്‍ നാട്ടിലെ പാവപ്പെട്ടവരും സാധാരണക്കാരുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതു ഗ്രാമത്തിലെ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളും ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം നേടുന്ന അവസ്ഥയിലെത്തിയതായും അദ്ദേഹം പറഞ്ഞു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി നിര്‍മിച്ച 111 പുതിയ സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
2016 ല്‍ ഈ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ കുട്ടികള്‍ കൊഴിഞ്ഞ് പൊതുവിദ്യാലയങ്ങള്‍ തകര്‍ച്ചയിലേക്ക് നീങ്ങുകയായിരുന്നു. സാമ്പത്തികസ്ഥിതി ഇല്ലാത്തതിനാല്‍ പാവപ്പെട്ടവര്‍ക്ക് മികച്ച വിദ്യാഭ്യാസം നേടാനാവാത്ത അവസ്ഥയായിരുന്നു. സമൂഹം മുന്നോട്ടുപോകാന്‍ എല്ലാവരും സമമായി മുന്നോട്ടുപോകണം. അതുകൊണ്ടാണ് പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കാന്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി സര്‍ക്കാര്‍ മുന്നോട്ടുവന്നത്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വഴിയുള്ള മാറ്റം നാടാകെ പ്രകടമാണ്. ഭാവികേരളത്തിന്റെ വളര്‍ന്നുവരുന്ന പുതുതലമുറയുടെ വിദ്യാഭ്യാസ അടിത്തറയും കാഴ്ചപ്പാടും മാറുകയാണ്. വലിയതോതില്‍ കഴിവുനേടിയവരായി അവര്‍ മാറും.
ഇപ്പോള്‍ത്തന്നെ പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്നവരുടെ മികവ് പലവിധത്തില്‍ പ്രകടമാകുന്നു. നിരവധി പ്രതിസന്ധികള്‍ക്കും മഹാമാരികള്‍ക്കുമിടയിലാണ് പൊതുവിദ്യാഭ്യാസരംഗത്തും മറ്റു മേഖലകളിലും നിരവധി നേട്ടങ്ങളുണ്ടാക്കാനായതെന്നത് ചാരിതാര്‍ഥ്യമുള്ള കാര്യമാണ്. കോവിഡ് കാലത്ത് വിദ്യാഭ്യാസരംഗത്തെ ഒരു അന്ധാളിപ്പുമില്ലാതെ വിജയകരമായി മുന്നോട്ടുകൊണ്ടുപോകാനായി.
ഓണ്‍ലൈന്‍ സംവിധാനം കാര്യക്ഷമമായി നടപ്പാക്കിയപ്പോള്‍ നാടും ഒപ്പം അണിനിരന്നു. കോവിഡാനന്തര കാലത്ത് സ്‌കൂളുകളില്‍ ചെല്ലുന്ന വിദ്യാര്‍ഥികള്‍ മുമ്പ് കണ്ട സ്‌കൂളുകളിലേക്കായിരിക്കില്ല ചെല്ലുന്നത്. വലിയ മാറ്റങ്ങളും അടിസ്ഥാന സൗകര്യങ്ങളുമാണ് അവരെ കാത്തിരിക്കുന്നത്.
സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിലുള്‍പ്പെടെ ഫലപ്രദമായി സഹായിച്ചത് കിഫ്ബിയാണ്. ഇപ്പോള്‍ ഏതു കുട്ടിയോടു ചോദിച്ചാലും കിഫ്ബിയെക്കുറിച്ചറിയാം. എന്നാല്‍, നാടിന്‍റെ വികസനത്തിനാകെ ഗുണമുണ്ടാക്കുന്ന ഏറ്റവും നല്ല ഏജന്‍സിയെ അപകീര്‍ത്തിപ്പെടുത്താനും ഇകഴ്ത്താനുമാണ് ശ്രമമുണ്ടായത്. എന്നാല്‍ നാട്ടുകാര്‍ നല്ല രീതിയില്‍ തന്നെയാണ് ഇതെല്ലാം കണ്ടത്.
സ്‌കൂളായാലും റോഡായാലും ആശുപത്രിയായാലും മറ്റു വികസന പ്രവര്‍ത്തനങ്ങളായാലും കിഫ്ബിയെന്ന സാമ്പത്തിക സ്രോതസിലൂടെയാണ് പണം കണ്ടെത്തിയത്. 50,000 കോടിയുടെ വികസനം കിഫ്ബിയിലൂടെ നടപ്പാക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ഇപ്പോള്‍ 62,000 കോടിയുടെ പദ്ധതികളാണ് തയാറാക്കിയത്. നാടിന്‍റെ വികസനം മാത്രമായിരുന്നു സര്‍ക്കാരിന്‍റെ ചിന്ത.
കിഫ്ബിയുടെ അഞ്ചുകോടി വീതം ധനസഹായത്തില്‍ മണ്ഡലത്തില്‍ ഒന്ന് എന്നനിലയില്‍ നിര്‍മിക്കുന്ന സ്‌കൂള്‍ മന്ദിരങ്ങളില്‍ 22 എണ്ണമാണ് ഇപ്പോള്‍ ഉദ്ഘാടനം ചെയ്യുന്നത്. ഈ വിഭാഗത്തില്‍ 66 എണ്ണം നേരത്തെ ഉദ്ഘാടനം ചെയ്തിരുന്നു.
കിഫ്ബിയിലൂടെ തന്നെ മൂന്നു കോടി വീതം സഹായത്തില്‍ 44 കെട്ടിടങ്ങള്‍ നേരത്തെ ഉദ്ഘാടനം ചെയ്തിരുന്നു. ഈ വിഭാഗത്തില്‍ 21 എണ്ണവും ഇപ്പോള്‍ ഉദ്ഘാടനം ചെയ്യുന്നുണ്ട്. ഇതുകൂടാതെ മറ്റു ഫണ്ടുകള്‍ ഉപയോഗിച്ചുള്ള 68 സ്‌കൂള്‍ മന്ദിരങ്ങളും ചേര്‍ത്താണ് 111 മന്ദിരങ്ങളും ഉദ്ഘാടനം നിര്‍വഹിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് മുഖ്യാതിഥിയായിരുന്നു. മറ്റു മന്ത്രിമാര്‍, എം.എല്‍.എമാര്‍, ജനപ്രതിനിധികള്‍, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍, ഡയറക്ടര്‍ കെ. ജീവന്‍ബാബു, കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.