വിദ്വേഷ മുദ്രാവാക്യം; കുട്ടിയുടെ പിതാവ് ഉൾപ്പെടെ അഞ്ചുപേർ കൂടി അറസ്റ്റിൽ
text_fieldsആലപ്പുഴ/പള്ളുരുത്തി: പോപുലർ ഫ്രണ്ട് റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ കുട്ടിയുടെ പിതാവടക്കം അഞ്ചു പോപുലർ ഫ്രണ്ട് പ്രവർത്തകർ കൂടി അറസ്റ്റിൽ. കുട്ടിയുടെ പിതാവ് എറണാകുളം പള്ളുരുത്തി വെളി പഞ്ചായത്ത് റോഡ് ഭാഗത്ത് താമസിക്കുന്ന തങ്ങൾ നഗർ പൂച്ചമുറി പറമ്പ് വീട്ടിൽ അസ്കർ ലത്തീഫ് (39), മരട് നഗരസഭ വാർഡ് 20ൽ നെട്ടൂർ മദ്റസപറമ്പിൽ നിയാസ് (42), കൊച്ചി കോർപറേഷൻ വാർഡ് 13ൽ പള്ളുരുത്തി അർപ്പണ നഗർ തെരുവിൽ വീട്ടിൽ ഷമീർ (39), കൊച്ചി കോർപറേഷൻ വാർഡ് 14ൽ അൽഹസർ പബ്ലിക് സ്കൂളിന് സമീപം പള്ളുരുത്തി ഞാറക്കാട്ടിൽ വീട്ടിൽ എൻ.വൈ. സുധീർ (41), ആലപ്പുഴ ചേപ്പാട് വിളയിൽ വീട്ടിൽ മുഹമ്മദ് തൽഹത്ത് (36) എന്നിവരെയാണ് ആലപ്പുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 25 ആയി.
എറണാകുളം സ്വദേശികളെ പള്ളുരുത്തി, മരട് പൊലീസ് ശനിയാഴ്ച രാവിലെയാണ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് ആലപ്പുഴയിലെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. ഉച്ചയോടെ ആലപ്പുഴയിലെത്തിച്ച് ചോദ്യം ചെയ്ത ശേഷമാണ് രാത്രി അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കും. കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വീടുപൂട്ടിപ്പോയ അസ്കറും കുടുംബവും തിരിച്ചെത്തിയെന്നറിഞ്ഞാണ് പൊലീസ് എത്തിയത്.
ഒന്നാം പ്രതിയും പോപുലർ ഫ്രണ്ട് ജില്ല പ്രസിഡന്റുമായ നവാസ് വണ്ടാനം (30), മൂന്നാം പ്രതി ഈരാറ്റുപേട്ട നടയ്ക്കൽ പാറനാനി അൻസാർ നജീബ് (30) എന്നിവരെ കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. കുട്ടി മുദ്രാവാക്യം വിളിച്ച സമയത്ത് ഏറ്റുവിളിച്ചവരടക്കം മറ്റ് പ്രതികളെ കണ്ടെത്താൻ നാലുദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. വിവിധ സ്ഥലങ്ങളിൽനിന്ന് ആളുകളെ റാലിക്ക് എത്തിച്ച 18 പേരെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ആലപ്പുഴ എസ്.പി ഓഫിസിലേക്ക് ശനിയാഴ്ച പോപുലർ ഫ്രണ്ട് മാർച്ച് നടത്തി. കുട്ടിയും കുടുംബവും തിരികെ വീട്ടിലെത്തിയതറിഞ്ഞ് ശനിയാഴ്ച രാവിലെ പത്തോടെ പള്ളുരുത്തി തങ്ങൾ നഗറിലെ കുടുംബ വീട്ടിൽനിന്നാണ് പിതാവിനെ കസ്റ്റഡിയിലെടുത്തത്.
മുദ്രാവാക്യം കേട്ടുപഠിച്ചത്; അർഥം അറിയില്ല -കുട്ടി
പള്ളുരുത്തി: പോപുലർ ഫ്രണ്ട് റാലിയിൽ വിളിച്ച മുദ്രാവാക്യം തന്നെ ആരും പഠിപ്പിച്ചതല്ലെന്നും സി.എ.എ സമരത്തിൽനിന്ന് കേട്ടുപഠിച്ചതാണെന്നും കുട്ടി മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുദ്രാവാക്യത്തിന്റെ അർഥം എന്താണെന്ന് അറിയില്ലെന്നും കുട്ടി പറഞ്ഞു.
അതേസമയം, മുദ്രാവാക്യത്തെ പിതാവ് ന്യായീകരിച്ചു. കസ്റ്റഡിയിൽ എടുക്കുന്നതിനുമുമ്പ് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് മുദ്രാവാക്യം ഒരു മതത്തിനും എതിരല്ലെന്നും സംഘ്പരിവാറിനെതിരെയാണെന്നും വ്യക്തമാക്കിയത്. റാലിയിൽ കുട്ടി മുദ്രാവാക്യം വിളിച്ചപ്പോൾ താനും കൂടെയുണ്ടായിരുന്നു.
നേരത്തേ പൗരത്വ ഭേദഗതി നിയമ പ്രതിഷേധത്തിലും ഈ മുദ്രാവാക്യം വിളിച്ചിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത പ്രശ്നം ഇപ്പോൾ എങ്ങനെ ഉണ്ടായി എന്നറിയില്ലെന്നും റാലി നടന്ന പിറ്റേദിവസം മുതൽ തങ്ങൾ ടൂറിലായിരുന്നുവെന്നും പിതാവ് പറഞ്ഞു. സംഘ്പരിവാറിനെതിരെ പറഞ്ഞതിൽ ഒരു തെറ്റുമില്ലെന്നും പോപുലർ ഫ്രണ്ടിന്റെ സജീവ പ്രവർത്തകനല്ലെന്നും ഇയാൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.