പ്രകോപനപരമായ മുദ്രാവാക്യം; നാല് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ
text_fieldsതലശ്ശേരി: മത വിദ്വേഷ പ്രകടനം നടത്തിയ സംഭവത്തിൽ നാല് ആർ.എസ്.എസ് പ്രവർത്തകരെ തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ധർമടം പഞ്ചായത്തിലെ പാലയാട് വാഴയിൽ ഹൗസിൽ ഷിജിൽ എന്ന ടുട്ടു (30), കണ്ണവം കൊട്ടന്നേൽ ഹൗസിൽ ആർ. രഗിത്ത് (26), കണ്ണവം കരീച്ചാൽ ഹൗസിൽ വി.വി. ശരത് (25), മാലൂർ ശിവപുരം ശ്രീജാലയത്തിൽ ശ്രീരാഗ് (26) എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ നാല് പ്രതികളെയും റിമാൻഡ് ചെയ്തു.
ഡിസംബർ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. യുവമോർച്ച നേതാവ് കെ.ടി. ജയകൃഷ്ണൻ ബലിദാന ദിനത്തോടനുബന്ധിച്ച് തലശ്ശേരിയിൽ സംഘടിപ്പിച്ച ജില്ല റാലിയിൽ മതസ്പർധയുളവാക്കുന്ന, പ്രകോപന മുദ്രാവാക്യം വിളിച്ചതിനാണ് അറസ്റ്റ്. ''അഞ്ച് നേരം നിസ്കരിക്കാൻ പള്ളികളൊന്നും കാണില്ല, ബാങ്ക് വിളിയും കേൾക്കില്ല..'' തുടങ്ങിയ മുദ്രാവാക്യമാണ് പ്രവർത്തകർ വിളിച്ചത്. ഇതിനെതിരെ വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സംഭവത്തിനു ശേഷം നിരോധനാജ്ഞ ലംഘിച്ച് വെള്ളിയാഴ്ച തലശ്ശേരിയിൽ പ്രകടനം നടത്തിയ മറ്റ് അഞ്ച് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
250 പ്രവർത്തകർക്കെതിരെയാണ് ഈ സംഭവത്തിൽ പൊലീസ് കേസെടുത്തത്. പ്രകടനത്തിന് നേതൃത്വം നൽകിയ ബി.ജെ.പി ജില്ല പ്രസിഡൻറ് എൻ. ഹരിദാസ്, ഹിന്ദു ഐക്യവേദി ജില്ല ജനറൽ സെക്രട്ടറി പി.വി. ശ്യാം മോഹൻ, ഹിന്ദു ഐക്യവേദി ജില്ല പ്രസിഡൻറ് പ്രദീപ് ശ്രീലകം, ബി.ജെ.പി മുൻ മണ്ഡലം പ്രസിഡൻറ് എം.പി. സുമേഷ്, യുവമോർച്ച നേതാവ് ഇ.പി. ബിജു എന്നിവരാണ് അറസ്റ്റിലായത്. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.