പോപ്പുലർ ഫ്രണ്ട് റാലിയിലെ പ്രകോപന മുദ്രാവാക്യം; ജില്ല പ്രസിഡൻറ് അടക്കം രണ്ടു പേർ കസ്റ്റഡിയിൽ
text_fieldsആലപ്പുഴ: പോപുലർ ഫ്രണ്ട് റാലിക്കിടെ കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ ജില്ല പ്രസിഡന്‍റ് അടക്കം രണ്ട് പേർ കസ്റ്റഡിയിൽ. കുട്ടിയെ തോളിലേറ്റിയ കോട്ടയം ഈരാറ്റുപേട്ട സ്വദേശി അൻസാർ നജീബ്, പോപുലർ ഫ്രണ്ട് ആലപ്പുഴ ജില്ല പ്രസിഡന്‍റ് നവാസ് വണ്ടാനം എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
ജില്ല പ്രസിഡന്‍റ്, സെക്രട്ടറി മുജീബ് യാക്കൂബ് എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതായും പൊലീസ് അറിയിച്ചു. മുദ്രാവാക്യം വിളിച്ച കുട്ടിയുടെ മാതാപിതാക്കൾക്കെതിരെയും കേസെടുക്കുമെന്ന് ജില്ല പൊലീസ് മേധാവി ജി. ജയ്ദേവ് പറഞ്ഞു. കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കും. കൂടുതൽ പോപുലർ ഫ്രണ്ട് നേതാക്കളെ ചോദ്യം ചെയ്യും. കുട്ടിയെ തോളിലേറ്റിയ ഈരാറ്റുപേട്ട സ്വദേശി അൻസാർ നജീബിനെ ചോദ്യം ചെയ്തുവരുകയാണ്. ഇയാൾ കുട്ടിയുടെ ബന്ധുവല്ലെന്നും പൊലീസ് മേധാവി പറഞ്ഞു.
അതിനിടെ, നേതാക്കൾക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് ജില്ലയിൽ പോപുലർ ഫ്രണ്ട് പ്രകടനം നടത്തി. ആർ.എസ്.എസ് ഭീകരതക്കെതിരെ മുദ്രാവാക്യം വിളിച്ചാൽ കേസെടുക്കുമെങ്കിൽ ഇനിയും ഉറക്കെ വിളിക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു പ്രകടനം. കുട്ടി വിളിച്ചത് സംഘാടകര്‍ നല്‍കിയ മുദ്രാവാക്യമല്ലെന്ന് പോപുലര്‍ ഫ്രണ്ട് നേതൃത്വം ആവർത്തിച്ചു.
ആർ.എസ്.എസ് നടപ്പാക്കുന്ന ഹിന്ദുത്വ ഭീകരതക്കെതിരെ ഒഴുകിയെത്തിയ ആൾക്കൂട്ടത്തിൽനിന്ന് പലവിധ പ്രതിഷേധങ്ങൾ ഉയർന്നിട്ടുണ്ട്. ആർ.എസ്.എസ് ഭീകരത മുദ്രാവാക്യമായതിന്‍റെ പേരിൽ നടപടി എടുക്കുകയാണെങ്കിൽ അത് ഇനിയും തുടരുമെന്നും സംഘടന വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.