സി.പി.എമ്മിൽ നിരവധി ചെറുപ്പക്കാർ അവഗണന സഹിക്കുന്നുവെന്ന് പി.എസ് ജ്യോതിസ്
text_fieldsആലപ്പുഴ: സി.പി.എമ്മിൽ നിരവധി ചെറുപ്പക്കാർ അവഗണന സഹിക്കുന്നുണ്ടെന്ന് ചേർത്തല എൻ.ഡി.എ സ്വതന്ത്ര സ്ഥാനാർഥി പി.എസ് ജ്യോതിസ്. അവരെല്ലാം പാർട്ടി വിട്ട് പുറത്തുവരും. മികച്ച മന്ത്രിമാരായ തോമസ് ഐസക്കും ജി. സുധാകരനും സ്ഥാനാർഥി പട്ടികയിൽ നിന്ന് പുറത്തായത് അവഗണനയുടെ തെളിവാണ്. സി.പി.എം ചില മാഫിയകളുടെ പിടിയിലാണെന്നും ജ്യോതിസ് ആരോപിച്ചു.
പാർട്ടിയിലെ ചെറുപ്പക്കാരോട് ചില നേതാക്കൾ കാണിക്കുന്ന അവഗണന തന്നെ വേദനിപ്പിച്ചു. നിരവധി പേർക്ക് അവസരം ലഭിക്കുന്നില്ല. ചെറുപ്പക്കാരുടെ ഭാവി ഇല്ലാതാക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. തന്നോടൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ പലരും വീടുകളിൽ കഴിയുകയാണെന്നും ജ്യോതിസ് വ്യക്തമാക്കി.
മാർക്സിസം കാലഹരണപ്പെട്ട ആശയമായി മാറുന്നു. പുതിയ ആശയങ്ങളിലൂടെ ജനങ്ങളിലെത്തുക എന്ന തോന്നലാണ് സി.പി.എം ബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നില്ലെന്നും ജ്യോതിസ് ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.
തണ്ണീർമുക്കം പഞ്ചായത്ത് മുൻ പ്രസിഡന്‍റും സി.പി.എം മരുത്തോർവട്ടം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന അഡ്വ. പി.എസ്. ജ്യോതിസ് കഴിഞ്ഞ ദിവസമാണ് പാർട്ടി വിട്ടത്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജ്യോതിസിന് സീറ്റ് ലഭിച്ചിരുന്നില്ല. നിയമസഭ തെരഞ്ഞെടുപ്പിൽ അരൂരിലേക്ക് പരിഗണിക്കുമെന്ന് ആദ്യഘട്ടത്തിൽ സൂചന ഉയർന്നെങ്കിലും പിന്നീട് ഒഴിവാക്കിയതാണ് കടുത്ത തീരുമാനത്തിന് കാരണമായതെന്നാണ് വിവരം.
25 വർഷത്തിലധികമായി സി.പി.എം പ്രവർത്തകനായിരുന്നു. തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡൻറായുള്ള ജ്യോതിസിന്‍റെ പ്രവർത്തനങ്ങൾ സംസ്ഥാനതലത്തിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. മുതിർന്ന സി.പി.എം നേതാവും എം.എൽ.എയുമായിരുന്ന എൻ.പി. തണ്ടാരുടെ മരുമകനായ ജ്യോതിസിന് അരൂരിൽ ഏറെ ബന്ധമുണ്ട്.
മുൻ മന്ത്രിയും സി.പി.ഐ നേതാവുമായ പി.എസ്. ശ്രീനിവാസൻ പിതാവിന്‍റെ അമ്മാവനാണ്. എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ മുൻ സെക്രട്ടറി പരേതനായ പി.കെ. സുരേന്ദ്രന്‍റെ മകനായ ജ്യോതിസ് എസ്.എൻ. ട്രസ്റ്റ് ബോർഡ് അംഗമാണ്. ചേർത്തല കോടതിയിലെ അഭിഭാഷകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.