പ്രശ്നങ്ങളുടെ മൂല കാരണം കെ.സി വേണുഗോപാൽ; 'കമ്മിറ്റ്മെന്റ്' ഉള്ളവരെ മാത്രമാണ് പട്ടികയിലുൾപ്പെടുത്തിയതെന്ന് പി.എസ് പ്രശാന്ത്
text_fieldsതിരുവനന്തപുരം: പാർട്ടിയിൽനിന്ന് പുറത്താക്കിയതിനുപിന്നാലെ എ.െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനും നിയുക്ത തിരുവനന്തപുരം ഡി.സി.സി പ്രസിഡൻറ് പാലോട് രവിക്കുമെതിരെ ആഞ്ഞടിച്ചും കോൺഗ്രസിൽനിന്ന് രാജി പ്രഖ്യാപിച്ചും മുൻ കെ.പി.സി.സി സെക്രട്ടറിയും നെടുമങ്ങാെട്ട യു.ഡി.എഫ് സ്ഥാനാർഥിയുമായ പി.എസ്. പ്രശാന്ത്. കോൺഗ്രസിലെ സംഘടനാപ്രശ്നങ്ങളുടെ മൂലകാരണം വേണുഗോപാലാെണന്നും വേണുഗോപാലുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ളവര്‍ക്ക് മാത്രമാണ് ഡി.സി.സി പട്ടികയില്‍ സ്ഥാനം ലഭിച്ചിരിക്കുന്നതെന്നും വാർത്തസമ്മേളനത്തിൽ അദ്ദേഹം കുറ്റപ്പെടുത്തി.
പാലക്കാട്ട് എ.വി. ഗോപിനാഥിന് പുറത്തുപോകേണ്ടിവന്നതിനു കാരണവും ഇതാണ്. അദ്ദേഹത്തിനുനല്‍കിയ വാക്ക് പാലിക്കാന്‍ കെ.പി.സി.സി പ്രസിഡൻറിനുപോലും സാധിച്ചില്ല. രാഷ്ട്രീയാഭയം കൊടുത്ത ആലപ്പുഴയിൽ പോലും സംഘടനയെ തകര്‍ക്കാനാണ് വേണുഗോപാൽ ശ്രമിച്ചത്. പാർട്ടിയിൽ മൂന്നാമനായ വേണുഗോപാലിന് എല്ലാവരെയും ഒരുപോലെ കാണാനുള്ള മനസ്സില്ല. പുതിയ ഗ്രൂപ്പുണ്ടാക്കാനാണ് അദ്ദേഹത്തിെൻറ ശ്രമം. താൻ പാർട്ടിക്കെതിരെ സംസാരിക്കുകയോ അച്ചടക്കം ലംഘിക്കുകയോ ചെയ്തിട്ടില്ല.
തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പിക്കാന്‍ ശ്രമിച്ച പാലോട് രവിക്ക് ഡി.സി.സി അധ്യക്ഷസ്ഥാനം നൽകി കെ.പി.സി.സി തെറ്റായ സന്ദേശമാണ് നൽകുന്നത്. തെരഞ്ഞെടുപ്പിനുശേഷം തന്നോട് സഹകരിച്ചവരെ പാലോട് രവി ഭീഷണിപ്പെടുത്തുകയും വ്യക്തിഹത്യ നടത്തുകയും ചെയ്തു. മാനസിക പീഡനം സഹിക്കാന്‍ കഴിയാതെയായതോടെയാണ് പ്രതികരിച്ചത്.
പാര്‍ട്ടിയില്‍ വിഭാഗീയത പ്രോത്സാഹിപ്പിക്കുന്ന, പച്ചക്ക് കള്ളം പറയുന്ന ആളാണ് പാലോട് രവി. പ്രവര്‍ത്തകരെ അദ്ദേഹം തമ്മില്‍ തല്ലിച്ചതിനാലാണ് നെടുമങ്ങാട് മണ്ഡലത്തിലെ പഞ്ചായത്തുകളിൽ ഭരണം കോണ്‍ഗ്രസിന് നഷ്ടമായത്. വെമ്പായം പഞ്ചായത്ത് എസ്.ഡി.പി.ഐയുടെ പിന്തുണയോടെ കോൺഗ്രസ് ഭരിക്കുന്നതിന് നേതൃത്വം കൊടുത്തതും അദ്ദേഹമാണ്. അച്ചടക്കമില്ലാത്ത പാർട്ടിയായി കോൺഗ്രസ് മാറി.
30 വര്‍ഷത്തെ കോണ്‍ഗ്രസ് ജീവിതം അവസാനിപ്പിക്കുകയാണ്. ഏത് പാര്‍ട്ടിയുമായി സഹകരിക്കണമെന്ന് ആലോചിച്ചിട്ടില്ല. നേതൃത്വത്തില്‍നിന്ന് ആരും തനിക്ക് പിന്തുണയുമായി വരാത്തതില്‍ വേദനയുണ്ട്. മതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് രാഷ്ട്രീയത്തില്‍ തുടരും. സി.പി.എമ്മുമായോ മറ്റു പാര്‍ട്ടികളുമായോ ചര്‍ച്ച നടത്തിയിട്ടില്ലെന്നും പ്രശാന്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.