ശബരിമല: പ്രത്യേക നിയമസഭ സമ്മേളനം ചേരണം -പി.എസ്. ശ്രീധരൻ പിള്ള
text_fieldsകോഴിക്കോട്: ശബരിമല വിഷയത്തിൽ പ്രത്യേക സമ്മേളനം വിളിച്ചുചേർത്ത് നിയമ നിർമാണത്തിനുള്ള പ്രാരംഭ നിർദേശങ്ങൾ നൽകാൻ നിയമസഭ തയാറാവണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻപിള്ള. ശബരിമലയിൽ നാമജപം നടത്തിയ നിരവധി വിശ്വാസികൾക്കെതിരെ പൊലീസ് കള്ളക്കേസ് എടുത്തിട്ടുണ്ട്. അത് എഴുതിത്തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശബരിമല വിഷയത്തിൽ സർക്കാറിന് നേതൃത്വം നൽകുന്നവർക്ക് വൈകിവന്ന വിവേകം സുപ്രീംകോടതിയെ അറിയിക്കണം. തെരഞ്ഞെടുപ്പിൽ ചില സീറ്റുകളിൽ വിജയ പ്രതീക്ഷയുണ്ടായിരുന്നു. സംസ്ഥാനത്ത് എവിടെയും വിജയിച്ചില്ലെങ്കിലും വോട്ട് കൂടുതൽ നേടാൻ ബി.ജെ.പിക്ക് സാധിച്ചു. മിസ്കോളിലൂടെ ആർക്കും ബി.ജെ.പിയിൽ അംഗമാവാമെന്ന് എ.പി. അബ്ദുല്ലക്കുട്ടിയുടെ മോദി സ്തുതിയോട് പ്രതികരിക്കവേ അദ്ദേഹം പറഞ്ഞു. താൻ അബ്ദുല്ലക്കുട്ടിയുമായി സംസാരിച്ചിട്ടില്ലെന്നും ശ്രീധരൻ പിള്ള കൂട്ടിച്ചേർത്തു.
മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന ബി.ജെ.പി ജനറൽ സെക്രട്ടറി കെ. സുരേന്ദ്രെൻറ പ്രസ്താവന വ്യക്തിപരമാണ്. പാർട്ടി തീരുമാനമെടുത്താൽ അനുസരിക്കുന്ന അച്ചടക്കമുള്ള നേതാവാണ് കെ. സുരേന്ദ്രൻ. പാർട്ടി പുനഃസംഘടന നടത്തേണ്ടത് ദേശീയ പ്രസിഡൻറാണ്. സി.പി.എമ്മിെൻറ തെരഞ്ഞെടുപ്പ് അവലോകനം ‘കുരുടൻ ആനയെ കണ്ടപോലെ’യാണ്. ബംഗാൾ മോഡലിലുള്ള തകർച്ചയിലേക്കാണ് സി.പി.എം പോവുന്നത്.
തെരഞ്ഞെടുപ്പിന് ശേഷവും ശബരിമല ബാധിച്ചിട്ടില്ലെന്ന് പറഞ്ഞവർ ഇപ്പോൾ മത ധ്രുവീകരണം കൊണ്ടാണ് തോറ്റതെന്ന് പറയുമ്പോൾ അവരുടെ തീരുമാനം തെറ്റായിരുന്നുവെന്നല്ലേ മനസ്സിലാക്കേണ്ടതെന്നും ശ്രീധരൻ പിള്ള ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.