പി.എസ്. സുപാൽ സി.പി.ഐ കൊല്ലം ജില്ല സെക്രട്ടറി
text_fieldsകൊല്ലം: സി.പി.ഐയിൽ വിഭാഗീയത ശക്തമായ കൊല്ലത്ത് പുതിയ ജില്ല സെക്രട്ടറിയായി പി.എസ്. സുപാൽ എം.എൽ.എയെ തെരഞ്ഞെടുത്തു. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമുണ്ടാവുമെന്ന ആശങ്ക നേതൃത്വത്തിനുണ്ടായിരുന്നെങ്കിലും സമവായാന്തരീക്ഷത്തിൽ സുപാലിന്റെ പേര് നിർദേശിക്കപ്പെടുകയായിരുന്നു. ശനിയാഴ്ച രാവിലെ ചേർന്ന ജില്ലയിലെ സംസ്ഥാന എക്സിക്യുട്ടിവ് അംഗങ്ങളുടെ അനൗദ്യോഗിക യോഗത്തിൽ പി.എസ്. സുപാലിന് പുറമേ, കാനം രാജേന്ദ്രൻ പക്ഷത്തെ ആർ. രാജേന്ദ്രന്റെ പേരും ഉയർന്നിരുന്നു.
എന്നാൽ, അദ്ദേഹത്തിന് 65 വയസ്സ് പിന്നിട്ടെന്നും പ്രായപരിധിയുണ്ടെന്നും പറഞ്ഞ് കാനംതന്നെ നിരുത്സാഹപ്പെടുത്തി. തുടർന്ന് ചേർന്ന സംസ്ഥാന എക്സിക്യുട്ടിവിൽ കാനം മുന്നോട്ടുവെച്ച സുപാലിന്റെ പേര് എതിരില്ലാതെ അംഗീകരിക്കപ്പെടുകയായിരുന്നു. സമ്മേളനപ്രതിനിധികൾക്ക് മുന്നിൽ മുല്ലക്കര രത്നാകരൻ സുപാലിന്റെ പേര് പ്രഖ്യാപിച്ചത് കരഘോഷത്തോടെയാണ് സദസ്സ് സ്വീകരിച്ചത്.
ആർ. രാജേന്ദ്രനെ സെക്രട്ടറിയാക്കാൻ കാനം പക്ഷത്ത് നേരത്തേതന്നെ സജീവ അണിയറനീക്കമുണ്ടായിരുന്നു. എന്നാൽ, ഇതു മറുപക്ഷം എതിർക്കുന്ന സ്ഥിതിവന്നാൽ ആ സാഹചര്യം മത്സരത്തിലേക്ക് പോകാനുമുള്ള സാധ്യത ഒഴിവാക്കണമെന്നും സംസ്ഥാന നേതൃത്വം നിലപാടെടുത്തു. ഒടുവിൽ പ്രായത്തിന്റെ നിബന്ധനയിൽ പിടിച്ച് കാനം പക്ഷംതന്നെ മത്സരം ഒഴിവാക്കിയെടുത്തു. പി.എസ്. സുപാല് നിലവിൽ സംസ്ഥാന കൗൺസിൽ അംഗം, ജില്ല അസി. സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയാണ്.
പ്രമുഖ സി.പി.ഐ നേതാവായിരുന്ന പിതാവ് പി.കെ. ശ്രീനിവാസന്റെ മരണത്തെ തുടർന്ന് 1996ൽ പുനലൂരിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചാണ് സുപാൽ ആദ്യം നിയമസഭാംഗമായത്. 2001ൽ വിജയം ആവർത്തിച്ചു. 2006ൽ കെ. രാജുവിനായി വഴിമാറി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വീണ്ടും സ്ഥാനാർഥിയായി ജില്ലയിലെ ഉയർന്ന ഭൂരിപക്ഷത്തോടെ വിജയിച്ചു.
എ.ഐ.എസ്.എഫിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. കേരള സർവകലാശാല സെനറ്റ് അംഗമായിരുന്നു. എ.ഐ.എസ്.എഫ് ജില്ല പ്രസിഡന്റ്, എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, ദേശീയ കൗൺസിൽ വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. നിലവിൽ സി.പി.ഐ നിയമസഭ പാർലമെന്ററി പാർട്ടി സെക്രട്ടറിയും എ.ഐ.കെ.എസ് ജില്ല പ്രസിഡന്റുമാണ്. അഞ്ചൽ ഏരൂർ സ്വദേശിയാണ്. പി.എൻ. റീനയാണ് ഭാര്യ. വെള്ളായണി കാർഷിക കോളജ് വിദ്യാർഥിനി ദേവി നിലീന, പ്ലസ് വൺ വിദ്യാർഥിനി ദേവി നിരഞ്ജന എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.