പി.എസ്.സി: അപേക്ഷകർ ഒന്നേകാൽ കോടി; നിയമനം കുറയുന്നു
text_fieldsകൊച്ചി: പി.എസ്.സി വഴി നിയമനത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്നു. എന്നാൽ, നിയമനം ലഭിക്കുന്നവരുടെ എണ്ണമാകെട്ട ഗണ്യമായി കുറയുകയാണ്. പത്ത് വർഷത്തിനിടെ അപേക്ഷകരുടെ എണ്ണത്തിൽ ഏഴിരട്ടി വർധനയുണ്ടായി. ഇൗ കാലയളവിൽ നിയമനം ലഭിച്ചവരുടെ എണ്ണം കാര്യമായി കൂടിയിട്ടില്ലെന്ന് പി.എസ്.സിയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
2008ൽ 17.42 ലക്ഷം പേരാണ് പി.എസ്.സി പരീക്ഷക്ക് അപേക്ഷിച്ചത്. ആ വർഷം 25,762 പേർക്ക് നിയമന ശിപാർശ നൽകി. 2017ൽ അപേക്ഷകർ 1.21 കോടിയിലെത്തി. കഴിഞ്ഞ വർഷം നിയമന ശിപാർശ നൽകിയത് 35,911പേർക്ക്. വിവിധ സർക്കാർ, അർധ സർക്കാർ, കമ്പനി, ബോർഡ്, കോർപറേഷനുകൾ എന്നിവിടങ്ങളിലെ വകുപ്പ് മേധാവികൾ ഒഴിവ് റിപ്പോർട്ട് ചെയ്യുന്നതിെൻറ അടിസ്ഥാനത്തിലാണ് ഉദ്യോഗാർഥികൾക്ക് പി.എസ്.സി നിയമന ശിപാർശ അയക്കുന്നത്. എന്നാൽ, നിയമനം നടത്തേണ്ടത് അതത് വകുപ്പുകളിലെ നിയമന അധികാരികളാണ്. അഡ്വൈസ് മെമ്മോ ലഭിച്ചവർക്ക് മൂന്ന് മാസത്തിനകം നിയമന ഉത്തരവ് നൽകണമെന്നാണ് വ്യവസ്ഥ. എന്നാൽ, ഇത് പലപ്പോഴും പാലിക്കപ്പെടാറില്ല. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ പിൻവാതിൽ നിയമനം നടത്തുകയും അഡ്വൈസ് മെമ്മോ ലഭിച്ചവർക്ക് നിയമനം നൽകാതിരിക്കുകയും ചെയ്യുന്ന രീതി പല വകുപ്പുകളിലുമുണ്ട്. അതുകൊണ്ട്, നിയമനശിപാർശ കൈപ്പറ്റിയവരെയെല്ലാം നിയമനം ലഭിച്ചവരായി കണക്കാക്കാനാവില്ല. അങ്ങനെ വരുേമ്പാൾ യഥാർഥത്തിൽ നിയമനം ലഭിച്ചവരുടെ എണ്ണം പിന്നെയും കുറയും.
കെ.എസ്.ആർ.ടി.സി കണ്ടക്ടർ തസ്തികയിലേക്ക് അഡ്വൈസ് മെമ്മോ ലഭിച്ച 4,051 പേർക്ക് നിയമനം നൽകേണ്ടെന്നാണ് സർക്കാർ തീരുമാനം. മൂന്ന് വർഷം മുമ്പ് അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂനൽ ഉത്തരവ് പ്രകാരം അഡ്വൈസ് മെമ്മോ അയച്ചിട്ടും െഎ.സി.ഡി.എസ് സൂപ്പർവൈസർ നിയമനം നടത്താത്തത് വിവാദമായിരുന്നു. എൽ.ഡി ക്ലർക്ക് തസ്തികയിലേക്ക് സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിയമനമാണ് 2015ലെ റാങ്ക്ലിസ്റ്റിൽനിന്ന് നടന്നത്. 41,431 പേരുണ്ടായിരുന്ന ലിസ്റ്റിൽനിന്ന് മൂന്ന് വർഷം കൊണ്ട് നിയമനം ലഭിച്ചത് 10,500 പേർക്ക് മാത്രം. 2009ലെ ലിസ്റ്റിൽനിന്ന് 15,357 പേർക്കും 2012ലേതിൽനിന്ന് 12,181 പേർക്കും നിയമനം ലഭിച്ചിരുന്നു. കുറഞ്ഞ യോഗ്യതയുള്ളവരുടെ പ്രതീക്ഷയായ ലാസ്റ്റ്ഗ്രേഡ് തസ്തികയിലും ഇത്തവണ നിയമനം കുറഞ്ഞു.
14 ജില്ലകളിൽനിന്ന് 59,239 പേർ ഇടം പിടിച്ച റാങ്ക് ലിസ്റ്റിൽനിന്ന് മൂന്നുവർഷം കൊണ്ട് നിയമിച്ചത് പതിനായിരത്തോളം പേർക്ക് മാത്രം. 13 ലക്ഷമായിരുന്നു അപേക്ഷകർ. നിയമന ശിപാർശ നൽകിയവരുടെ കണക്ക് ഉണ്ടെങ്കിലും നിയമനം ലഭിച്ചവരുടെ വിവരങ്ങൾ ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്നാണ് പി.എസ്.സിയുെട വിശദീകരണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.