ഒഴിവുകൾ നിലനിൽക്കെ ഒറ്റദിനം കൊണ്ട് റാങ്ക്ലിസ്റ്റ് റദ്ദാക്കി പി.എസ്.സി
text_fieldsകൊച്ചി: ഒറ്റ ദിവസം കൊണ്ട് അഡ്വൈസ് നൽകി പി.എസ്.സി റാങ്ക് പട്ടിക റദ്ദുചെയ്തു. എറണാകുളം ജില്ലയിലെ പാർട്ട് ടൈം ഹിന്ദി ജൂനിയർ ലാംഗ്വേജ് അധ്യാപിക തസ്തികയിലെ റാങ്ക് പട്ടികയോടാണ് പി.എസ്.സിയുടെ അസാധാരണ നടപടി. 2020 ആഗസ്റ്റിൽ പുറത്തുവന്ന റാങ്ക് പട്ടികയിൽ മെയിൻ ലിസ്റ്റിൽ 15 പേരെ മാത്രമേ ഉൾപ്പെടുത്തിയിരുന്നുള്ളൂ.
എന്നാൽ, ജില്ലയിൽ 36 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യോഗ്യതയുള്ള 45 പേർ ഉണ്ടായിരുന്ന സപ്ലിമെൻററി ലിസ്റ്റ് നിലനിൽക്കെയാണ് റാങ്ക് പട്ടിക റദ്ദാക്കിയതെന്ന് ഉദ്യോഗാർഥികളായ സെമി, സൈഫുന്നിസ, ഷേർലി, സുനിത എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ലിസ്റ്റ് റദ്ദാക്കിയതിന് എതിരെ കോടതിയെ സമീപിച്ചപ്പോൾ പ്രശ്നം പരിഹരിക്കാൻ പി.എസ്.സിക്ക് കോടതി നിർദേശം നൽകിയിരുന്നു.
തുടർന്നും റാങ്ക് പട്ടിക റദ്ദാക്കാനുള്ള തീരുമാനം അറിയിച്ചതല്ലാതെ കൂടുതൽ നടപടികൾ പി.എസ്.സിയിൽനിന്ന് ഉണ്ടായില്ല. വീണ്ടും കോടതിയെ സമീപിക്കാനുള്ള തയാറെടുപ്പിലാണ് തങ്ങളെന്നും അവർ അറിയിച്ചു. ബുധനാഴ്ച രാവിലെ 11ന് ജില്ല പി.എസ്.സി ഓഫിസിന് മുന്നിൽ ധർണ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.