പി.എസ്.സി കോടതി കയറും
text_fieldsതിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലെ ഉന്നത തസ്തികയിലേക്ക് പി.എസ്.സി നടത്തിയ അഭിമുഖ പരീക്ഷയിൽ ക്രമക്കേട് ആരോപിച്ച് ഉദ്യോഗാർഥികൾ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിക്കും. റാങ്ക് പട്ടികയിൽ ഇടംപിടിച്ചവർ ഇതുസംബന്ധിച്ച നടപടികൾ ആരംഭിച്ചു. സംസ്ഥാന സർവിസിൽ പി.എസ്.സി വഴി നിയമനം നടത്തുന്ന ഏറ്റവും ഉയർന്ന തസ്തികകളായ ചീഫ് സോഷ്യൽ സർവിസ്, ചീഫ് പ്ലാനിങ് കോഓഡിനേഷൻ, ചീഫ് ഡീ സെൻട്രലൈസ്ഡ് പ്ലാനിങ് എന്നിവയുടെ റാങ്ക് പട്ടികകളിലാണ് ക്രമക്കേട് നടന്നതായി ആക്ഷേപമുള്ളത്. എഴുത്തുപരീക്ഷയില്‍ പിന്നിലായിപ്പോയ ഇടത് അനുകൂല സര്‍വിസ് സംഘടന ഭാരവാഹികൾക്ക് അഭിമുഖത്തില്‍ ചരിത്രത്തിൽ ഇല്ലാത്തവിധം ഉയർന്ന മാർക്ക് നൽകി റാങ്ക് പട്ടികയിൽ ഒന്നാമതെത്തിക്കുകയായിരുന്നു.
എഴുത്തുപരീക്ഷകൾക്ക് ശേഷം നടക്കുന്ന അഭിമുഖങ്ങളിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നൽകാൻ പാടില്ലെന്ന സുപ്രീംകോടതി വിധി കാറ്റിൽപ്പറത്തിയായിരുന്നു നിയമനങ്ങൾ. 70 ശതമാനത്തിന് മുകളിൽ ഉദ്യോഗാർഥിക്ക് മാർക്ക് നൽകുന്നുണ്ടെങ്കിൽ മതിയായ കാരണങ്ങൾ റാങ്ക് പട്ടികയിലെ പരാമർശ കോളത്തിൽ രേഖപ്പെടുത്തണം. എന്നാൽ, ഈ മാസം മൂന്നിന് പി.എസ്.സി പുറത്തിറക്കിയ മൂന്ന് റാങ്ക് പട്ടികകളിലും ഇടത് നേതാക്കൾക്ക് 90 മുതൽ 95 ശതമാനം വരെ അഭിമുഖത്തിന് മാർക്ക് നൽകിയതിനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. എഴുത്തുപരീക്ഷയെ അട്ടിമറിക്കുന്ന രീതിയിൽ അഭിമുഖത്തിന് മാർക്ക് നൽകാൻ പാടില്ലെന്ന കോടതിയുടെ മാർഗ നിർദേശമുണ്ടെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. മൂന്ന് റാങ്ക് ലിസ്റ്റിലും ഇടംപിടിച്ചത് നിലവിൽ ആസൂത്രണ ബോർഡിലെ ഉദ്യോഗസ്ഥരാണ്. ഇൻറർവ്യൂ ബോർഡിൽ ആസൂത്രണ ബോർഡ് വൈസ് ചെയർമാെൻറ സാന്നിധ്യവും സംശയത്തിന് ആക്കം കൂട്ടുന്നുണ്ട്.
വിവരണാത്മക പരീക്ഷകളിലെ മൂല്യനിർണയം കുറ്റമറ്റമാക്കുന്നതിന് പി.എസ്.സി നടപ്പാക്കിയ ഓൺ സ്ക്രീൻ മാർക്കിങ്ങിലൂടെ മുന്നിലെത്തിയവരാണ് പുറത്തായവരൊക്കെയും. വിവരണാത്മക പരീക്ഷക്ക് കമ്പ്യൂട്ടർ സഹായത്തോടെ നടത്തുന്ന മൂല്യനിർണയമാണ് ഓൺ സ്ക്രീൻ മാർക്കിങ്. ഉത്തരക്കടലാസുകൾ സ്കാൻ ചെയ്ത് കമ്പ്യൂട്ടർ ടെർമിനലിൽ ലഭ്യമാക്കിയാണ് മൂല്യനിർണയം. സ്ക്രീനിെൻറ ഒരു വശത്ത് ഉത്തരക്കടലാസും മറുവശത്ത് ഉത്തരസൂചികയുമുണ്ടാകും. ഉത്തരസൂചികയിലെ വിവരങ്ങൾ, ഉദ്യോഗാർഥി രേഖപ്പെടുത്തിയ ഉത്തരത്തിലുണ്ടോ എന്ന് അധ്യാപകൻ സ്ക്രീൻ നോക്കി വിലയിരുത്തും. ഓൺലൈനായാണ് മാർക്ക് രേഖപ്പെടുത്തുക. ഉത്തരസൂചിക കൃത്യമായി പിന്തുടരുന്നതിനാൽ മാർക്ക് വിതരണം കൃത്യമായിരിക്കും. ഇത്തരത്തിൽ 91.75 മാർക്ക് നേടിയ ഉദ്യോഗാർഥിക്കാണ് അഭിമുഖത്തിൽ പി.എസ്.സി 11 മാർക്ക് നൽകിയത്. രണ്ടാം റാങ്കുകാരനായ ഇടത് നേതാവിന് ലഭിച്ചത് 40ൽ 36.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.