പി.എസ്.സി വിവരച്ചോർച്ച: ‘മാധ്യമം’ ലേഖകന്റെ ഫോൺ പിടിച്ചെടുക്കാൻ നീക്കവുമായി ക്രൈംബ്രാഞ്ച്
text_fieldsതിരുവനന്തപുരം: മാധ്യമ വാർത്തയുടെ ഉറവിടം വെളിപ്പെടുത്താൻ ആവശ്യപ്പെട്ടുള്ള വിചിത്രമായ നടപടിക്ക് പിന്നാലെ ‘മാധ്യമം’ ലേഖകന്റെ ഫോൺ പിടിച്ചെടുക്കാൻ നീക്കവുമായി ക്രൈംബ്രാഞ്ച്. 65 ലക്ഷം ഉദ്യോഗാർഥികളുടെ യൂസർ ഐ.ഡിയും പാസ്വേഡും സൈബർ ഹാക്കർമാർ പി.എസ്.സി സർവറിൽനിന്ന് ചോർത്തി ഡാർക്ക് വെബിൽ വിൽപനക്കുവെച്ച വാർത്ത റിപ്പോർട്ട് ചെയ്ത 'മാധ്യമം' തിരുവനന്തപുരം ബ്യൂറോ റിപ്പോർട്ടർ അനിരു അശോകന്റെ ഫോൺ ഹാജരാക്കാനാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. രണ്ട് ദിവസത്തിനകം ഫോൺ ഹാജരാക്കിയില്ലെങ്കിൽ നിയമനടപടിയിലേക്ക് കടക്കുമെന്നാണ് ക്രൈംബ്രാഞ്ച് നോട്ടീസിൽ അറിയിച്ചത്.
അനിരു അശോകനെ ഇന്ന് മൊഴി രേഖപ്പെടുത്താൻ വിളിപ്പിച്ചിരുന്നു. വാർത്തയുടെ ഉറവിടം വെളിപ്പെടുത്താൻ തയാറല്ലെന്ന് അറിയിച്ചതോടെയാണ് ഫോൺ ഹാജരാക്കാൻ ആവശ്യപ്പെട്ടതെന്ന് അനിരു അശോകൻ പറഞ്ഞു. കേട്ടുകേൾവി പോലുമില്ലാത്ത സംഭവമാണ് നടക്കുന്നത്. ക്രൈം ബ്രാഞ്ചിന്റെ കേസിൽ ഞാൻ പ്രതിപ്പട്ടികയിലല്ല. സാക്ഷിയെന്ന നിലയിലാണ് ഇന്ന് വിളിപ്പിച്ചത്. സാക്ഷിയുടെ ഫോൺ പിടിച്ചെടുക്കുക എന്നത് കേട്ടുകേൾവിയില്ലാത്ത സംഭവമാണ്. അന്വേഷണ ഉദ്യോഗസ്ഥർ ആവർത്തിച്ച് ആവശ്യപ്പെട്ടത് എങ്ങനെ ഈ വിവരം നിങ്ങൾക്ക് കിട്ടി എന്നാണ്. പി.എസ്.സിയുടെ വിവരങ്ങൾ ഹാക്കർമാർ ചോർത്തിയത് അവർക്കൊരു വിഷയമേയല്ല. അത് റിപ്പോർട്ട് ചെയ്ത് പുറംലോകം അറിഞ്ഞു. ആ വിവരം എങ്ങനെ ലഭിച്ചു എന്നതാണ് അവർക്ക് അറിയേണ്ടത്. വാർത്തയുടെ ഉറവിടം വെളിപ്പെടുത്താനാണ് അവർ ആവശ്യപ്പെട്ടത്. ഏകദേശം രണ്ടരമണിക്കൂറോളം നിരന്തരം ആവശ്യപ്പെട്ടു. പറ്റില്ലെന്ന് വ്യക്തമാക്കിയതോടെയാണ് ഫോൺ രണ്ട് ദിവസത്തിനുള്ളിൽ ഹാജരാക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത് -അനിരു അശോകൻ പറഞ്ഞു.
പി.എസ്.സി വിവരച്ചോർച്ച വാർത്തയുടെ ഉറവിടം ഉൾപ്പെടെ വിവരങ്ങൾ വെളിപ്പെടുത്താൻ ആവശ്യപ്പെട്ട് ‘മാധ്യമം’ ചീഫ് എഡിറ്റർക്ക് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് നോട്ടീസ് ലഭിച്ചിരുന്നു. വാർത്തയുടെ തെളിവായി മാധ്യമം പ്രസിദ്ധീകരിച്ച പി.എസ്.സി യോഗത്തിന്റെ അജണ്ടയുടെ ചിത്രം എങ്ങനെ ലഭിച്ചുവെന്ന വിവരവും വാർത്ത തയാറാക്കിയ റിപ്പോർട്ടറുടെ പേരും വിലാസവും ഫോൺ നമ്പറുകളും ഇ-മെയിൽ വിലാസവും തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫിസിൽ ഹാജരാക്കണമെന്നായിരുന്നു ഡിവൈ.എസ്.പി ജി. ബിനുവിന്റെ നോട്ടീസ്.
പി.എസ്.സിയിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളുടെ ലോഗിൻ വിവരം ഹാക്കർമാർ ചോർത്തി ഡാർക്ക് വെബിൽ വിൽപനക്ക് വെച്ചിരിക്കുന്നെന്ന വാർത്ത ജൂലൈ 22നാണ് ‘മാധ്യമം’ പ്രസിദ്ധീകരിച്ചത്. പൊലീസിന്റെ സൈബർ സുരക്ഷ പരിശോധന വിഭാഗമായ ‘കേരള പൊലീസ് ഡാർക്ക് വെബ് ഇൻവെസ്റ്റിഗേഷൻ ടീം’ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. പി.എസ്.സി ചെയർമാൻ ഡോ. എം.ആർ. ബൈജുവിന് ഇതിൽ റിപ്പോർട്ട് നൽകിയ ഡി.ജി.പി ഷെയ്ഖ് ദർവേശ് സാഹിബ് ‘ടു ഫാക്ടർ ഓതന്റിഫിക്കേഷൻ’ ഉൾപ്പെടുത്തി ഉദ്യോഗാർഥികളുടെ യൂസർ ലോഗിൻ സുരക്ഷിതമാക്കാനും നിർദേശിച്ചു. ഡാർക്ക് വെബിൽനിന്ന് പൊലീസ് കണ്ടെത്തിയ യൂസർ ഐ.ഡികളും ലോഗിൻ വിവരങ്ങളും യഥാർഥ ഉദ്യോഗാർഥികളുടേത് തന്നെയെന്ന് ഉറപ്പിച്ചശേഷമായിരുന്നു നടപടി.
എന്നാൽ, വാർത്ത വ്യാജമെന്ന് പി.എസ്.സി വാർത്തകുറിപ്പിറക്കി. ഇതോടെ ഡി.ജി.പിയുടെ റിപ്പോർട്ട് ചർച്ചചെയ്യാൻ മേയ് 27ന് ചേർന്ന കമീഷൻ യോഗത്തിന്റെ അതി രഹസ്യസ്വഭാവമുള്ള ഔദ്യോഗിക കുറിപ്പ് ജൂലൈ 28ന് ‘മാധ്യമം’ പുറത്തുവിട്ടു. ഇതോടെ പി.എസ്.സിയുടെ വാദങ്ങൾ ഒന്നടങ്കം തകർന്നടിഞ്ഞു. പിന്നാലെ പി.എസ്.സി ജീവനക്കാർക്കെതിരെ ചെയർമാൻ ആഭ്യന്തര വിജിലൻസ് അന്വേഷണത്തിന് നിർദേശിച്ചു. വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പി.എസ്.സി സെക്രട്ടറിയുടെ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.