പി.എസ്.സി അപേക്ഷ: ഭിന്നശേഷിക്കാർക്ക് സേവനകേന്ദ്രമൊരുക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: പി.എസ്.സി ഓൺലൈൻ അപേക്ഷ നടപടി പൂർത്തീകരിക്കാൻ കാഴ്ചപരിമിതരടക്കമുള്ള ഭിന്നശേഷിക്കാർക്കായി സേവനകേന്ദ്രങ്ങൾ ഒരുക്കാൻ സർക്കാറിനും പി.എസ്.സിക്കും ബാധ്യതയുണ്ടെന്ന് ഹൈകോടതി. നിലവിലെ അപേക്ഷ പ്രക്രിയയുടെ സങ്കീർണതയും സാങ്കേതികതയും ഭിന്നശേഷിക്കാർക്ക് പ്രയാസമാകുന്നതായി വിലയിരുത്തിയാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി.എം. മനോജ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം.
പൂർണമായും കാഴ്ചശേഷിയില്ലാത്ത കോട്ടയം സ്വദേശിനിക്ക് അനുകൂലമായി കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ (കെ.എ.ടി) പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് പി.എസ്.സി സമർപ്പിച്ച അപ്പീൽ തള്ളിയാണ് ഈ നിർദേശം. യു.പി അധ്യാപിക തസ്തികയിലേക്ക് പരാതിക്കാരി അയച്ച അപേക്ഷക്കൊപ്പം കെ-ടെറ്റ് സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാൻ വൈകിയതിന്റെ പേരിൽ 2020ൽ പി.എസ്.സി അപേക്ഷ നിരസിച്ചിരുന്നു. തന്റെ പരിമിതികളും അപേക്ഷ അയക്കുന്നതിലെ സങ്കീർണതകളും മൂലം സംഭവിച്ചതാണെന്നതടക്കം കാട്ടി പരാതിക്കാരി കെ.എ.ടിയെ സമീപിച്ചു. മനുഷ്യത്വപരമായ സമീപനം സ്വീകരിച്ച് അപേക്ഷകയെ പരിഗണിക്കണമെന്നായിരുന്നു കെ.എ.ടി നിർദേശം. ഇതിനെതിരെയാണ് പി.എസ്.സി ഹൈകോടതിയിൽ അപ്പീൽ നൽകിയത്.
സർക്കാർ സംവിധാനങ്ങളും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുമെല്ലാം കാഴ്ചയുള്ളവർക്കായി തയാറാക്കിയതാണെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. അന്ധർക്ക് അത് പ്രാപ്യമാകണമെങ്കിൽ പരസഹായം വേണ്ടിവരും. പി.എസ്.സിയുടെ ഓൺലൈൻ അപേക്ഷാ നടപടികൾ സങ്കീർണമായതിനാൽ കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇത് തുല്യതക്കുള്ള അവകാശങ്ങളുടെ ലംഘനമാണ്. കാഴ്ചപരിമിതരുടെ വിഷമതകൾ തിരിച്ചറിയാൻ കഴിയാത്തവരും അന്ധരായി മാറുകയാണ്. എല്ലാ ഭിന്നശേഷിക്കാരും ഇത്തരം വിവേചനം നേരിടുന്നുണ്ട്. അതിനാൽ, സർക്കാറോ പി.എസ്.സിയോ മുൻകൈയെടുത്ത് പ്രത്യേക സേവന കേന്ദ്രങ്ങൾ സജ്ജമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.