പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടി
text_fields
തിരുവനന്തപുരം: ശനിയാഴ്ച മൂന്നുവര്‍ഷം പൂര്‍ത്തിയാകുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടും. വെള്ളിയാഴ്ച ചേര്‍ന്ന പി.എസ്.സി പ്രത്യേകയോഗമാണ് ഈ തീരുമാനമെടുത്തത്. ഇതിനൊപ്പം ആറുമാസ കാലയളവിനുള്ളില്‍ മൂന്നുവര്‍ഷം പൂര്‍ത്തിയാകുന്ന റാങ്ക് പട്ടികയുടെ കാലാവധിയും ജൂണ്‍ 30വരെ നീട്ടിയിട്ടുണ്ട്. ഓരോ പട്ടികയുടെയും കാലാവധി തീരുന്നതനുസരിച്ച് വ്യത്യസ്ത കായളവായിരിക്കും ഇത്തരം പട്ടികകള്‍ക്ക് കിട്ടുക. ജില്ല അടിസ്ഥാനത്തില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള 90 എണ്ണം ഉള്‍പ്പെടെ 200ഓളം ചെറുതുംവലുതുമായ റാങ്ക് ലിസ്റ്റുകള്‍ക്ക് ഇതിന്‍െറ പ്രയോജനം ലഭിക്കുമെന്ന് പി.എസ്.സി ചെയര്‍മാന്‍ എം.കെ. സക്കീര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ കാലയളവിനുള്ളില്‍ ഏതെങ്കിലും തസ്തികക്ക് പുതിയ റാങ്ക് ലിസ്റ്റ് നിലവില്‍വന്നാല്‍ ആ തീയതി മുതല്‍ പുതിയ പട്ടികക്കാവും പ്രാബല്യം. ബുധനാഴ്ചത്തെ മന്ത്രിസഭായോഗ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പി.എസ്.സി തീരുമാനമെടുത്തത്.
ഇതുവരെ കാലാവധി നീട്ടിയിട്ടില്ലാത്തതും, 2016 ഡിസംബര്‍ 31ന് കാലാവധി അവസാനിക്കുന്നതുമായ റാങ്ക് ലിസ്റ്റുകളുടെയും 2017 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ അവസാനിക്കുന്ന പട്ടികകളുടെയും കാലാവധി ജൂണ്‍ 30വരെ നീട്ടാനായിരുന്നു മന്ത്രിസഭാ ശിപാര്‍ശ. നിയമക്കുരുക്കില്‍പെടാത്തവിധം നിയമോപദേശംകൂടി തേടിയശേഷമായിരുന്നു തീരുമാനം. ഏതെങ്കിലും റാങ്ക് ലിസ്റ്റുകളുടെ മാത്രം കാലാവധി നീട്ടാനാവില്ളെന്ന് ചെയര്‍മാന്‍ അറിയിച്ചു. പട്ടികയുടെ കാലാവധി നീട്ടാന്‍ സമരംചെയ്യുന്നതും കൈമടക്ക് നല്‍കുന്നതും സമ്മര്‍ദമാണ്. ഇതിനൊന്നും വഴിപ്പെടാതെ തീര്‍ത്തും നിയമപരമായാണ് പി.എസ്.സി തീരുമാനമെടുത്തത്.
പി.എസ്.സി ചട്ടം 13 പ്രകാരം മൂന്നുവര്‍ഷമാണ് പട്ടികകളുടെ കാലാവധി. ഇതുകഴിഞ്ഞ് കാലാവധി നീട്ടാന്‍ ആവശ്യപ്പെടുന്നത് പട്ടികയുടെ താഴെയുള്ളവര്‍ക്ക് ജോലി ലഭിക്കാനാണ്. നേരത്തെ നാലും അഞ്ചും തവണവരെ നീട്ടിനല്‍കിയ പട്ടികകളുണ്ട്. അക്കാര്യത്തില്‍ ഒന്നുംചെയ്യാനാവില്ല. ചെയര്‍മാന്‍ ഉള്‍പ്പെടെ ഒമ്പത് അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു. സംബന്ധിക്കാന്‍ കഴിയാത്തവരുടെ അഭിപ്രായവും രേഖപ്പെടുത്തിയശേഷമായിരുന്നു തീരുമാനം. ഒട്ടേറെ അഭിപ്രായങ്ങള്‍ ഉയര്‍ന്നെങ്കിലും ഭൂരിപക്ഷ അഭിപ്രായത്തിന്‍െറ അടിസ്ഥാനത്തിലായിരുന്നു തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരംനടത്തിയ ഭൂരിഭാഗം പേര്‍ക്കും തീരുമാനത്തിന്‍െറ പ്രയോജനം ലഭിക്കില്ല. കെ.എസ്.ഇ.ബി മസ്ദൂര്‍, നഴ്സസ്, ഹയര്‍ സെക്കന്‍ഡറി അധ്യാപക റാങ്ക് പട്ടികകളില്‍ ഇടംനേടിയവരാണ് പ്രധാനമായും സമരം നടത്തിയത്. ഇതില്‍ കെ.എസ്.ഇ.ബി മസ്ദൂര്‍, നഴ്സസ് റാങ്ക് പട്ടികകള്‍ക്ക് കാലാവധി നീട്ടലിന്‍െറ ഗുണമുണ്ടാകില്ല. ഹയര്‍ സെക്കന്‍ഡറി അധ്യാപകരില്‍ ഇതുവരെയും കാലാവധിനീട്ടാത്ത ചില വിഷയങ്ങളിലുള്ള റാങ്ക് പട്ടികകള്‍ക്ക് പ്രയോജനംകിട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.